|    May 25 Thu, 2017 5:11 am
FLASH NEWS

പിഎസ്‌സി നിയമനം നീതിയില്‍ അധിഷ്ഠിതമാവണം: മുഖ്യമന്ത്രി

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: പിഎസ്‌സിയുടെ നിയമനങ്ങള്‍ സാമൂഹികനീതിയില്‍ അധിഷ്ഠിതമാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പിഎസ്‌സി എംപ്ലോയീസ് യൂനിയന്‍ 43ാം സംസ്ഥാന സമ്മേളനം എകെജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ കാലങ്ങളിലെ അനുഭവങ്ങള്‍ നോക്കുമ്പോള്‍ ദുര്‍ബലവിഭാഗങ്ങളുടെ സര്‍വീസ് പ്രാതിനിധ്യം കുറയുന്നതായി കാണുന്നുണ്ട്. അതു നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകള്‍ ആവശ്യമാണ്. പബ്ലിക് സര്‍വീസ് എന്ന സങ്കല്‍പം ഒട്ടേറെ ജനകീയ മുന്നേറ്റങ്ങളുടെ സൃഷ്ടിയാണ്.പഠിപ്പിനനുസരിച്ചുള്ള തൊഴില്‍ കിട്ടുക എന്ന അവകാശം കേരളം സമരങ്ങളിലൂടെ നേടിയെടുത്തതാണ് എന്ന് ഓര്‍മിപ്പിക്കാനാണ് താനിതു പറയുന്നത്. മൂല്യാധിഷ്ഠിത സര്‍വീസ് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ആശയമാണ്. അതിന് ആദ്യം ഒരുങ്ങേണ്ടത് പിഎസ്‌സിയാണ്. കാര്യക്ഷമതയും സാമൂഹികപ്രതിബദ്ധതയുമുള്ള യുവാക്കളെ തിരഞ്ഞെടുത്തു നല്‍കാന്‍ പിഎസ്‌സിക്കു സാധിക്കണം. ഏതെങ്കിലും പരിശീലനകേന്ദ്രത്തില്‍ പോയി പഠിച്ചാല്‍ ആര്‍ക്കും പരീക്ഷ എഴുതിയെടുക്കാവുന്നതേയുള്ളൂ എന്ന രീതി മാറണം.
ഭരണഭാഷ മലയാളമാക്കി വര്‍ഷങ്ങളേറെയായിട്ടും ഉദ്യോഗാര്‍ഥിയുടെ മലയാളത്തിലുള്ള പ്രാവീണ്യമറിയാന്‍ പിഎസ്‌സി വിമുഖത കാട്ടുകയാണ്. 80 മാര്‍ക്കിന്റെ ചോദ്യത്തില്‍ 10 മാര്‍ക്കെങ്കിലും മലയാളഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ ഉപയോഗിക്കണം. എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ ശമ്പളമാണ് വാങ്ങുന്നതെങ്കിലും പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് ആകെ നിയമനത്തിന്റെ ഒരുശതമാനംപോലും അവസരം ലഭിച്ചിട്ടില്ല. ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സി മുഖേനയാക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ നയം മാറ്റിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day