|    Feb 26 Sun, 2017 11:10 pm
FLASH NEWS

പിഎസ്‌സി ചെയര്‍മാന്‍ നിയമനത്തിലും ക്രമക്കേടെന്ന് റിപോര്‍ട്ട്

Published : 20th October 2016 | Posted By: SMR

ഷാജി പാണ്ട്യാല

തലശ്ശേരി: പിഎസ്‌സിയിലെ ധൂര്‍ത്തും അഴിമതിയും വ്യക്തമാക്കുന്ന അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കമ്മീഷന്റെ ചെയര്‍മാന്‍ നിയമനത്തിലും ക്രമക്കേടെന്ന് റിപോര്‍ട്ട്. പിഎസ്‌സി ചെയര്‍മാനായി ഡോ. കെ എസ് രാധാകൃഷ്ണനെ നിയമിച്ചത് മുന്‍കാല സര്‍വീസ് റിമാര്‍ക്കുകള്‍ പരിശോധിച്ചില്ലെന്ന രേഖകളാണു പുറത്തായത്.
കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായിരിക്കെ ഡോ. കെ എസ് രാധാകൃഷ്ണന്‍ ഫിലോസഫി ഡിപാര്‍ട്ട്‌മെന്റിലെ ഗവേഷകവിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നു വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 2006 ജൂലൈ 28നാണ വിദ്യാര്‍ഥിനി പരാതി നല്‍കിയത്. തുടര്‍ന്ന്  സംസ്ഥാന  വനിതാ കമ്മീഷന്‍ പരിശോധിച്ച പരാതിയില്‍  സര്‍വകലാശാലാ കാംപസില്‍ ഭാവിയില്‍ മോശമായ രീതിയില്‍ പെരുമാറരുതെന്ന് നിഷ്‌കര്‍ഷിച്ച് അന്നത്തെ ഗവണ്‍മെന്റ് സെക്രട്ടറി കെ എ ആന്റണി വൈസ് ചാന്‍സലര്‍ക്ക് കത്ത് അയച്ചിരുന്നു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ കുടുംബത്തെ ഉപദ്രവിക്കാന്‍ തുനിഞ്ഞെന്ന പരാതിയിലാണ് വിസി കുറ്റക്കാരനെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ട് നല്‍കിയത്.
ശങ്കരാചാര്യ സര്‍വകലാശാലയുടെ പാട്ടഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചതും യൂനിവേഴ്‌സിറ്റിയുടെ വാടകക്കെട്ടിടങ്ങളില്‍ പരീക്ഷകളൊന്നും തന്നെ നടത്താതെ ലക്ഷക്കണക്കിന് രൂപ വസൂലാക്കിയതും സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റിലെ ഇന്‍സ്‌പെക്ടര്‍, പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ ക്രമരഹിതമായ നിയമനം നടത്തിയതിന്റെ രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് റിപോര്‍ട്ടില്‍നിന്നു ലഭിക്കുന്ന സൂചന.
സംസ്ഥാനത്തെ ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കും നിയമിതരാവുന്ന വ്യക്തിയെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തിയ ശേഷമാണ് നിയമനം അംഗീകരിക്കപ്പെടുന്നത്. ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കപ്പെടുന്ന വ്യക്തികളുടെ സ്വഭാവശുദ്ധി, യോഗ്യതാമികവ് എന്നിവ പരിശോധിക്കാതെ നിയമനം നടത്തിയതാണ് പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോരുന്നതിനു കാരണമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
ഉന്നതസ്ഥാനങ്ങളിലെ നിയമനങ്ങള്‍ക്കു മുമ്പ് നിയോഗിക്കപ്പെടുന്നവരെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കേണ്ടത്. പിഎസ്‌സിക്ക് സ്വന്തമായ ഫണ്ട് ഇല്ല. സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതിപ്പണമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നത്. അതിനാല്‍ പണം എങ്ങനെ, എവിടെ ചെലവഴിച്ചെന്ന് നിരീക്ഷിക്കാനുള്ള ഓഡിറ്റിങ് സംവിധാനം ധനകാര്യവകുപ്പിന് ഉണ്ടായിരിക്കെ അത്തരത്തിലുള്ള അന്വേഷണം പാടില്ലെന്ന നിലപാടാണ് പിഎസ്‌സിയുടേത്.
പിഎസ്‌സിയുടെ പരമാധികാരി ഗവര്‍ണറാണ് വാര്‍ഷിക റിപോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കണമെന്ന അലിഖിത വ്യവസ്ഥ നിലനില്‍ക്കവെയാണ് അഴിമതിയും ധൂര്‍ത്തും നടക്കുന്നതെന്നതും ഗൗരവതരമാണ്. കഴിഞ്ഞ 20 വര്‍ഷത്തോളമായി പിഎസ്‌സിയില്‍ ഇത്തരം അപാകതകളില്‍ ഒരു മുന്നണിയും  ശക്തമായ നിലപാടെടുത്തില്ലെന്നതും ദുരൂഹമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day