|    Jan 19 Thu, 2017 4:01 am
FLASH NEWS

പിഎസ്‌സിയുടെ യുക്തിരഹിത നിലപാട്: ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

Published : 15th August 2016 | Posted By: SMR

കോഴിക്കോട്: പബ്ലിക് സര്‍വീസ് കമ്മീഷന്റെ യുക്തിരഹിത തീരുമാനം കെജിടി കോഴ്‌സ് പാസായ നിരവധി പേരുടെ ജോലി സ്വപ്‌നം തകര്‍ക്കുന്നു. 2014 ഡിസംബര്‍ 15 അവസാന തിയ്യതിയായി പിഎസ്‌സി അപേക്ഷ ക്ഷണിച്ച എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച 2500ഓളം ഉദ്യോഗാര്‍ഥികള്‍ക്കാണ് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നത്. ഈ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുണ്ടായിട്ടും നിസ്സാര സാങ്കേതികത്വം ഉന്നയിച്ചാണ് പിഎസ്‌സി ഇവരെ ഒഴിവാക്കുന്നത്.
എസ്എസ്എല്‍സി, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ലോവര്‍) ആന്റ് കംപ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്, ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവര്‍) എന്നീ യോഗ്യതകളാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍, ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവര്‍) സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലാണ് കമ്മീഷന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. 2011 മുതലാണ് കെജിടി കോഴ്‌സില്‍ മലയാളത്തോടൊപ്പം കംപ്യൂട്ടര്‍ വേര്‍ഡ് പ്രോസസും സിലബസിന്റെ ഭാഗമാക്കിയത്. ഇംഗ്ലീഷില്‍ ഇതേ കംപ്യൂട്ടര്‍ കോഴ്‌സ് പാസായവരും മലയാളം കോഴ്‌സിനു ചേരുന്നതിനാല്‍, മലയാളം കോഴ്‌സില്‍ ഇത് ഐച്ഛിക വിഷയമായാണ് ചേര്‍ത്തിരുന്നത്. മലയാളം കോഴ്‌സില്‍ കംപ്യൂട്ടര്‍ കോഴ്‌സും ഉള്‍പ്പെടുത്തി പഠിച്ചവരില്‍ പലരും കംപ്യൂട്ടര്‍ പരീക്ഷ എഴുതുകയോ പാസാവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ മലയാളം ടൈപ്പ്‌റൈറ്റിങ് പാസാവുകയും ചെയ്തു. പിന്നീട് കംപ്യൂട്ടര്‍ പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചവരാണ് പ്രതിസന്ധിയിലായത്. മലയാളം ടൈപ്പ്‌റൈറ്റിങ് കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച തിയ്യതി പരിഗണിക്കാനാവില്ലെന്നും, കോഴ്‌സിന്റെ ഐച്ഛിക വിഷയമായ കംപ്യൂട്ടര്‍ പരീക്ഷ പാസായ തിയ്യതി രേഖപ്പെടുത്തി വന്നാലേ പരിശോധനയില്‍ അവസരം നല്‍കൂ എന്നുമാണ് കമ്മീഷന്റെ തീരുമാനം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന സമയത്ത് യോഗ്യതയായി നിശ്ചയിച്ച മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിട്ടും, യോഗ്യതയായി നിശ്ചയിച്ചിട്ടില്ലാത്ത മലയാളം ടൈപ്പ്‌റൈറ്റിങ് കോഴ്‌സിന്റെ ഭാഗമായ കംപ്യൂട്ടര്‍ പാസായ തിയ്യതിയേ പരിഗണിക്കൂ എന്ന കമ്മീഷന്‍ നിലപാടിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഇവരുടെ മലയാളം കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റ് അനുവദിച്ച തിയ്യതിതന്നെ പരിഗണിക്കാവുന്നതാണ് എന്ന് പരീക്ഷാഭവന്‍ അധികൃതര്‍ കമ്മീഷനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നിട്ടും, നേരത്തേ എടുത്ത നിലപാടില്‍ നിന്ന് മാറാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. ഓരോ ജില്ലയിലും ഇരുന്നൂറോളം വരുന്ന അപേക്ഷകരാണ് കമ്മീഷന്റെ ഈ നിലപാടുമൂലം തൊഴില്‍സാധ്യതക്ക് പുറത്തു നില്‍ക്കേണ്ടി വരുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഈ മാസം 30ന് ഉദ്യോഗാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍.
അന്വേഷണവുമായി കമ്മീഷന്റെ ഓഫിസില്‍ എത്തിയ ഉദ്യോഗാര്‍ഥികളില്‍ പലരും ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് കംപ്യൂട്ടര്‍ കോഴ്‌സ് പാസായ തിയ്യതി വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. വിജ്ഞാപന തിയ്യതിക്കു ശേഷമാണ് മലയാളം കോഴ്‌സിന്റെ ഭാഗമായ കംപ്യൂട്ടര്‍ വിഷയത്തിന്റെ ഫലം പ്രസിദ്ധീകരിച്ചത് എന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ പരിശോധനയില്‍ ഇവര്‍ പുറം തള്ളപ്പെടും. ഈ സാഹചര്യമാണ് രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന ഉദ്യോഗാര്‍ഥികളെ വിഷമ വൃത്തത്തിലാക്കിയത്. പ്രശ്‌നം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ഉദ്യോഗാര്‍ഥികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക