|    Mar 20 Tue, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പിഎസ്‌സിയില്‍ ധൂര്‍ത്തും സാമ്പത്തിക ക്രമക്കേടും: റിപോര്‍ട്ട് പുറത്ത്

Published : 16th October 2016 | Posted By: mi.ptk

ഷാജി  പാണ്ട്യാല
തലശ്ശേരി: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ധനവകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍തോതിലുള്ള ധൂര്‍ത്തും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി കണ്ടെത്തി. ഇതുസംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് പുറത്തായി. വര്‍ഷങ്ങളായി ചട്ടവിരുദ്ധമായ സാമ്പത്തിക തിരിമറികളും മരാമത്ത് പ്രവൃത്തികളും നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്.  നിയമവകുപ്പിന്റെ അഭിപ്രായം ലഭിച്ച ശേഷമാണ് അന്വേഷണം നടത്തിയത്. പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിനോട് പരിശോധനയ്ക്കുള്ള സൗകര്യം ചെയ്തുതരണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷ ന്‍ സിറ്റിങ് നടക്കുന്നതിനാല്‍ സാവകാശം വേണമെന്ന് സെക്രട്ടറി അന്വേഷണസംഘത്തെ അറിയിച്ചിരുന്നതായും റിപോര്‍ട്ടിലുണ്ട്. അതിനാല്‍ പിഎസ്‌സി ഓഫിസില്‍ പരിശോധന നടത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചില്ല. പിഎസ്‌സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലാണു സംഘം പരിശോധന നടത്തിയത്. ധനകാര്യ പരിശോധനാ വിഭാഗം അക്കൗണ്ട് ജനറല്‍ ഓഫിസില്‍ നിന്നും സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നും പരാതിസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍ ധനവകുപ്പിനു പരിശോധന നടത്താന്‍ അധികാരമില്ലെന്ന നിലപാടാണ് പിഎസ്‌സി സ്വീകരിച്ചിരുന്നത്. അതിനാല്‍ നിയമവകുപ്പുമായി ചര്‍ച്ചചെയ്ത ശേഷം പരിശോധന നടത്തുകയായിരുന്നു. പിഎസ്‌സിയിലെ നിര്‍മാണപ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് വഴിയായിരുന്നു നേരത്തേ നടത്തിയിരുന്നത്. എന്നാ ല്‍ നിലവിലുള്ള ചെയര്‍മാന്റെ കാലത്ത് എല്ലാ പ്രവൃത്തികളും സര്‍ക്കാര്‍ അനുമതിയില്ലാതെ കേരള ഇലക്ട്രിക്കല്‍സ് ആന്റ് അലയ്ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡി(കെല്‍)നു നല്‍കി. ഇതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളുടെ (ഒഇസി) നിര്‍മാണച്ചുമതലയും ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി ചട്ടവിരുദ്ധമായി കെല്ലിന് നല്‍കി. എസ്റ്റിമേറ്റ് പ്രകാരമുള്ള അടങ്കല്‍ തുകയുടെ 50 ശതമാനം തുക നിയമവിരുദ്ധമായി നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. 50 ലക്ഷം രൂപയിലധികമുള്ള ബില്ലുകള്‍ മാറുന്നതിനു ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനായി ട്രഷറി നിരസിച്ച 2,02,94,793 രൂപയുടെ ബില്ല് 41 ലക്ഷം രൂപ വീതമുള്ള ബില്ലുകളാക്കി മാറിയെടുക്കാന്‍ പിഎസ്‌സി ശ്രമിച്ചു. സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് പിഎസ്‌സിക്ക് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാതെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത ജിസിഡിഎയുടെ കെട്ടിടത്തിലേക്ക് എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസ് വാടകയ്ക്കു മാറ്റി. നേരത്തെ തൃക്കാക്കര നഗരസഭയുടെ കെട്ടിടത്തില്‍ 35,000 രൂപ വാടകയ്ക്കായിരുന്നു ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ജിസിഡിഎയുടെ കെട്ടിടത്തിനു പ്രതിമാസം രണ്ടരലക്ഷം രൂപയാണു വാടകയെന്നും അന്വേഷണ റിപോര്‍ട്ട് പറയുന്നു. ഇതോടൊപ്പംതന്നെ ജിസിഡിഎയുടെ കെട്ടിടത്തില്‍ 2.5 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പിഎസ്‌സി നടത്തി. കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കണ്ടെത്തിയത് ബജറ്റില്‍ തുക കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തി ല്‍ പോലും കെല്ലിന് പ്രവൃത്തി ചുമതല നല്‍കിയെന്നാണ്. ഇതിലും ലക്ഷങ്ങളുടെ തിരിമറികള്‍ നടന്നു. മരാമത്ത് പ്രവൃത്തികള്‍ ടെ ന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി ചെയ്തതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിഎസ്‌സി ചെയര്‍മാന് ആഡംബര കാറുകളോട് അഭിനിവേശമുണ്ടായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. പിഎസ്‌സി പരീക്ഷകള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റിയാണ് ലക്ഷക്കണക്കിനു രൂപയുടെ വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയത്. ട്രഷറിയെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ബില്ലുകള്‍ നല്‍കുന്നതിനു വ്യാജ വൗച്ചറുകളും കള്ളബില്ലുകളും  ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 321ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട കേരള പിഎസ്‌സി 322ാം വകുപ്പില്‍ പെടുന്ന കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് ചെലവുകള്‍ക്കുള്ള വക കണ്ടെത്തുന്നത്. പിഎസ്‌സിയുടെ മുഴുവന്‍ പ്രവൃത്തികളും വാര്‍ഷിക റിപോര്‍ട്ടോടെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. യുപിഎസിയുടെ വാ ര്‍ഷിക റിപോര്‍ട്ട് രാഷ്ട്രപതിക്കാണു സമര്‍പ്പിക്കേണ്ടത്. സ്വാഭാവികമായും സംസ്ഥാനത്തെ ഓഡിറ്റര്‍ ജനറലിന് കേരള പിഎസ്‌സിയുടെ മുഴുവന്‍ കണക്കുകളും ഗവര്‍ണര്‍ വഴി പരിശോധിക്കാവുന്നതാണ്. വര്‍ഷങ്ങളായി പിഎസ്‌സിയില്‍ തുടരുന്ന അഴിമതി മൂടിവയ്ക്കപ്പെടുന്നതു ചില ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കു മറയിടാനാണ്. പോലിസില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഇല്ലാത്ത തസ്തിക പിഎസ്‌സിക്ക് വിട്ടുകൊടുത്ത് 200ഓളം പേരെ അഡ്വാന്‍സ് ചെയ്ത ദുരന്തവും പിഎസ്‌സിക്ക് ഉണ്ടായിട്ടുണ്ട്. ഇത്തരം വീഴ്ചകള്‍ ബോധപൂര്‍വം സൃഷ്ടിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കു നിയമത്തിന്റെ പരിരക്ഷ നല്‍കുകയാണു ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss