|    Jul 17 Tue, 2018 10:48 pm
FLASH NEWS
Home   >  Sports  >  Football  >  

പിഎസ്ജിക്ക് ഇരട്ടഗോള്‍ ജയം

Published : 18th September 2017 | Posted By: ev sports


പാരിസ്: ഫ്രഞ്ച് ലീഗിലെ പിഎസ്ജിയുടെ വിജയക്കുതിപ്പ് തുടരുന്നു. ലിയോണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. മൈതാനത്ത് കളിമറന്ന ലിയോണ്‍ താരങ്ങളുടെ സംഭാവനയിലൂടെയാണ് പിഎസ്ജിയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
പിഎസ്ജിയുടെ 4-2-3-1 ശൈലിയെ അതേനാണയത്തില്‍ ഇറങ്ങി പൂട്ടാനുള്ള ലിയോണിന്റെ ശ്രമം ഒന്നാം പകുതിയില്‍ വിജയമായിരുന്നു. എഡിസണ്‍ കവാനിയും നെയ്മറും എംബാപ്പയും ഡ്രാക്‌സലറും മുന്‍ നിരയില്‍ അണിനിരക്കുന്ന പിഎസ്ജിയെ ഒന്നാംപകുതിയില്‍ അനങ്ങാന്‍വിടാതെ ലിയോണ്‍ തളച്ചിട്ടു. ഇരു ടീമുകളും ഒന്നിനൊന്ന് മികവ് പുലര്‍ത്തിയതോടെ ഒന്നാം പകുതി ഗോള്‍രഹിതമായി പിരിയേണ്ടി വന്നു.
രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടതോടെ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു. ഒടുവില്‍ 75ാം മിനിറ്റില്‍ ലിയോണ്‍ താരം മാഴ്‌സലോയുടെ സെല്‍ഫ് ഗോളില്‍ പിഎസ്ജി അക്കൗണ്ട് തുറന്നു. വലത് കോര്‍ണറിനരികില്‍ നിന്ന് പോസ്റ്റിലേക്കെത്തിയ പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച മാഴ്‌സലോയുടെ കാലില്‍ തട്ടി പന്ത് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിക്കുകയായിരുന്നു.
ലീഡ് നേടിയതോടെ കൂടുതല്‍ ഉണര്‍ന്നുകളിച്ച പിഎസ്ജിയ്ക്ക് 80ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി എഡിസണ്‍ കവാനി പാഴാക്കി. കവാനിയുടെ ഷോട്ട് ഗോള്‍പോസ്റ്റിന്റെ മുകളില്‍ തട്ടി ഗോളിയുടെ കൈയിലേക്കെത്തുകയായിരുന്നു. എന്നാല്‍ 86ാം മിനിറ്റില്‍ വീണ്ടും ലിയോണ്‍ താരങ്ങള്‍ക്ക് പിഴവ് പറ്റി. എംബാപ്പയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും തൊട്ടുപിന്നാലെ പ്രതിരോധിക്കാനെത്തിയ ലിയോണ്‍ താരം ജെറീമി മോറലിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്കെത്തുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയ പിഎസ്ജി കളിച്ച അഞ്ച് മല്‍സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഊട്ടിഉറപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss