|    Dec 14 Fri, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പിഎഫ് പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍ സമരത്തിലേക്ക്‌

Published : 14th November 2018 | Posted By: kasim kzm

കോഴിക്കോട്: പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍ അന്തിമ സമരവുമായി ഡല്‍ഹിയിലേക്ക്. അര്‍ഹമായ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു വര്‍ഷങ്ങള്‍ നീണ്ട നിവേദന സമര്‍പ്പണങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണു ഡിസംബര്‍ ഒന്നു മുതല്‍ ഡല്‍ഹി ജന്തര്‍മന്ദിറില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഡിസംബര്‍ 6നകം തീരുമാനമായില്ലെങ്കില്‍ ആത്മഹത്യക്കു മുതിരുമെന്നും മറ്റു വഴികളില്ലെന്നും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 500-1000 രൂപ മാത്രമാണ് ഇപ്പോഴും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പിഎഫ് ഫണ്ട് 14 ലക്ഷം കോടിയുണ്ടെന്നു വിവരാവകാശ രേഖയിലൂടെ സര്‍ക്കാര്‍തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കണക്കുകള്‍ അനുസരിച്ച് ഇത് ഏതാണ്ട് 40 ലക്ഷം കോടിയോളം വരുമെന്നാണ് സംഘടന കണക്കുകള്‍ നിരത്തി വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മിനിമം പെന്‍ഷനായ 9000 രൂപയും ഡിഎയുമെങ്കിലും ഇപിഎഫ് പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാവണമെന്നാണ് സമരക്കാരടെ പ്രധാന ആവശ്യം. പെന്‍ഷന്‍ നല്‍കാനാവില്ലെങ്കില്‍ 10 മുതല്‍ 40 വര്‍ഷത്തോളം പിടിച്ച പിഎഫ് ഫണ്ട് തിരിച്ചുനല്‍കാന്‍ തയ്യാറാവണം. ജോലിയില്‍ പ്രവേശിച്ച അന്നു മുതല്‍ തന്നെ സര്‍വീസ് ആയി പരിഗണിക്കുക, 2016ല്‍ പാര്‍ലമെന്റില്‍ പാസാക്കിയ പിഎഫ് ഫണ്ട് വകമാറ്റല്‍ നിയമം റദ്ദാക്കുക തുടങ്ങിയവയാണ് സമരക്കാരരുടെ പ്രധാന ആവശ്യങ്ങള്‍. 62 ലക്ഷത്തോളം വരുന്നവരുടെ പെന്‍ഷന്‍, പിടിച്ചെടുത്ത പിഎഫില്‍ നിന്ന് നല്‍കുന്നതിനു പണമില്ലെന്നു പറയുന്ന സര്‍ക്കാരിന് എംപിമാരുടെ പെന്‍ഷന്‍ ഇരട്ടിയാക്കുന്നതിന് വിഷമമുണ്ടായില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സമരത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി പി വേണുഗോപാലന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം ടി സുരേഷ് ബാബു, ഖജാഞ്ചി പി പി ശശീന്ദ്രന്‍, സെക്രട്ടറി കെ ശശികുമാരന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss