|    Jul 25 Tue, 2017 4:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിഎച്ച്‌സിക്കായി ധനശേഖരണം : കെ പി മോഹനനെതിരേ വിജിലന്‍സ് തുടരന്വേഷണം

Published : 15th July 2017 | Posted By: fsq

 

തലശ്ശേരി: പാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച തുക എന്തുചെയ്‌തെന്നു വ്യക്തമാക്കണമെന്ന പരാതിയില്‍ മുന്‍മന്ത്രി കെ പി മോഹനനെതിരേ തുടരന്വേഷണത്തിന് തലശ്ശേരി സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി ഉത്തരവ്. ചമ്പാട് സ്വദേശി ഇ മനീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജഡ്ജി കെ ബൈജുനാഥിന്റെ നിര്‍ദേശം. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് കൂടുതല്‍ സ്ഥലം വാങ്ങാനും കെട്ടിടം പുതുക്കിപ്പണിയാനുമാണ് ജനകീയ കൂട്ടായ്മയിലൂടെ ഫണ്ട്‌ശേഖരണം നടത്തിയത്. എന്നാല്‍ സ്ഥലം വാങ്ങിയിട്ടില്ലെന്നും പിരിച്ചെടുത്ത തുക എത്രയാണെന്നു വ്യക്തമാക്കിയിട്ടില്ലെന്നും ചെലവഴിച്ചെന്നതിന് യാതൊരു വിശദീകരണവും പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നുമാണ് പരാതിക്കാരന്റെ ആരോപണം. 2016 മാര്‍ച്ച് 11നാണ് മനീഷ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് വിജിലന്‍സ് കോടതി 2016 ഏപ്രില്‍ 25ന് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2016 ജൂലൈ 25ന് പ്രാഥമിക റിപോര്‍ട്ട് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരന്‍ അഡ്വ. വിജേഷ് മുഖേന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക