|    Nov 13 Tue, 2018 8:32 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പാഷാണത്തിലെ കൃമികള്‍

Published : 20th August 2018 | Posted By: kasim kzm

ജെ ദേവിക

വിഷം തിന്നു തടിച്ചുകൊഴുക്കുന്ന ചില പുഴുക്കളെപ്പറ്റി നാം കേട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കേരളീയര്‍ ഊണോ ഉറക്കമോ ഇല്ലാതെ ഉത്കണ്ഠയുടെ വിളുമ്പിലാണ് കഴിയുന്നത്.
അപ്പോള്‍ത്തന്നെയും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആശ്വാസം എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു നാം. യുവതീയുവാക്കള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടവരെ രക്ഷിക്കാനായി രംഗത്തുവന്നു. കുടുങ്ങിപ്പോയവര്‍ എവിടെയെന്നു കണ്ടുപിടിക്കാനും സഹായം തേടിയുള്ള രോദനങ്ങള്‍ ശ്രദ്ധിക്കാനും ആളുണ്ടായി. അവശ്യസാധനങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ വോളന്റിയര്‍മാരായി സേവനം അനുഷ്ഠിച്ചു. കുടുംബിനികള്‍ ഭക്ഷണപ്പൊതികളും വസ്ത്രങ്ങളും തയ്യാറാക്കി. വ്യാപാരികളും സേവനങ്ങള്‍ നല്‍കുന്നവരും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു.
ആരോഗ്യ വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണസംവിധാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. എല്ലാവരെയും തുല്യരാക്കുന്ന മഹാപ്രളയത്തെ നേരിടാന്‍ കേരളീയര്‍ അസാധാരണമായ രീതിയില്‍ ഒന്നിച്ചുനിന്നു. എന്നാല്‍, പ്രളയത്തേക്കാള്‍ വലിയ ഭീഷണിയായത് മറ്റൊരു കൂട്ടരാണെന്ന് എനിക്കു തോന്നുന്നു. ഹിന്ദുത്വരുടെ ദാസന്‍മാരാണവര്‍.
ഈ പ്രകൃതിദുരന്തം പല സത്യങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 90കളില്‍ കേരളത്തില്‍ ശക്തിപ്പെട്ട നവമുതലാളിത്തം ഉടുതുണിയില്ലാതെ നമ്മുടെ മുമ്പില്‍ കിടക്കുന്നു. പ്രകൃതിക്ക് യാതൊരു പരിഗണനയും നല്‍കാതെ കെട്ടിടം നിര്‍മിക്കുന്നവരും അത് ഉപയോഗിക്കുന്നവരുമായ ചെറുതും വലുതുമായ എല്ലാവരും ഇപ്പോള്‍ വലിയ വില നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇനി നമ്മുടെ ഭൂമിയെയും ജലത്തെയും ആദരിക്കാതെ നമുക്ക് മുന്നോട്ടുപോവാന്‍ വയ്യ.
കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ഇതു മുമ്പേ പറഞ്ഞതാണ്. പക്ഷേ യാഥാര്‍ഥ്യബോധമില്ലാത്തവര്‍, വെറും വിമര്‍ശകര്‍, വികസനവിരോധികള്‍ തുടങ്ങിയ ലേബലുകള്‍ നാം അവര്‍ക്കു നല്‍കി. മഴക്കാറ് കിഴക്കോട്ടു മുടിയഴിച്ചിട്ടു നില്‍ക്കുന്നുവെന്ന് ചെറുപ്പത്തില്‍ ഒരു സ്ത്രീതൊഴിലാളി പറഞ്ഞതിന്റെ യഥാര്‍ഥ അര്‍ഥം പരിസ്ഥിതി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച എനിക്ക് ഇന്നാണ് ശരിക്കും മനസ്സിലാവുന്നത്. കാലവര്‍ഷത്തിന്റെ രൗദ്രത ഇപ്പോഴാണ് എത്ര ശക്തമാണെന്ന് അറിയുന്നത്. അതു കൈയൊന്നു ഞൊടിക്കുമ്പോള്‍ നാം ചെയ്ത തെറ്റുകളൊക്കെ മാഞ്ഞുപോവുന്നു. നാം ‘വികസനം’ എന്നു കപടമായി വിശേഷിപ്പിച്ച എല്ലാ നിര്‍മാണവും ബോധപൂര്‍വമെന്നോണം ഇല്ലാതാവുന്നു.
ഈ മഹാപ്രളയത്തിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തു കുറ്റം വിതരണം ചെയ്യേണ്ട സമയമല്ലിത്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രളയത്തിന്റെ കാരണങ്ങള്‍ അപഗ്രഥിക്കുന്ന കീടങ്ങള്‍ ഏറെയുണ്ട്. ശബരിമലയില്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് സുപ്രിംകോടതി ദര്‍ശനം അനുവദിച്ചതിന്റെ ശിക്ഷയുമായിട്ടാണ് ഈ സംഭവങ്ങളെ അവര്‍ ബന്ധപ്പെടുത്തുന്നത്. മറ്റൊരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത് ഹിന്ദുക്ഷേത്രങ്ങളെ വെള്ളത്തില്‍ മൂടാന്‍ കേരള സര്‍ക്കാര്‍ തന്നെ അണക്കെട്ടുകള്‍ തുറന്നിട്ടുവെന്നാണ്. കേരളത്തിലെ നവമുതലാളിത്തമാണ് ഈയൊരു ദുരന്തത്തിലേക്കു നയിച്ചതെന്ന് അറിയാത്ത, സത്യം മനസ്സിലാവാത്ത ചിലരെങ്കിലും ഇത്തരം പ്രചാരണം വിശ്വസിക്കും.
അതിവര്‍ഷവും പ്രളയവും അതിവേഗം ഉണ്ടായതിനാല്‍ അതില്‍ ദൈവത്തിന്റെ കൈ കാണുന്നവരുണ്ടാവും. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയാന്‍ കാരണക്കാര്‍ മലയോരങ്ങളില്‍ വസിക്കുന്ന ക്രൈസ്തവരാണ് എന്നു പറയുന്ന സമര്‍ഥമായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കളുടെ പരിസ്ഥിതിജ്ഞാനം അവഗണിച്ചതിനു നല്‍കേണ്ടിവന്ന വിലയാണത്രേ ഇത്. എന്നാല്‍, ബിജെപി ഭരണകൂടങ്ങള്‍ വ്യവസ്ഥാപിതമായി പരിസ്ഥിതി സംരക്ഷണം തകര്‍ക്കുമ്പോള്‍ ഈ ഹിന്ദുപരിസ്ഥിതിബോധം എവിടെയായിരുന്നു എന്നു ചോദിക്കുന്നവര്‍ക്ക് ഈ ദുഷ്ടബുദ്ധി തിരിച്ചറിയാന്‍ എളുപ്പമാണ്.
ഈ ദുരന്തം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ഭയം ഭക്ഷണമാക്കുന്ന പുഴുക്കളെ നാം സൂക്ഷിക്കേണ്ടതുണ്ട്. ഈ നാട് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന അവര്‍ക്ക് തങ്ങള്‍ ഈ നാടിന്റെ ഭാഗമാണെന്ന ബോധമില്ല. അവരുടെ കാപട്യം പുറത്തുകൊണ്ടുവരുകയും അവരെ ഒറ്റപ്പെടുത്തുകയും അപലപിക്കുകയും വേണം. വെള്ളം താഴുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കുന്നപോലെ ഇവരെക്കുറിച്ചും നാം ജാഗ്രത പുലര്‍ത്തണം. ജനാധിപത്യ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന എന്തൊക്കെയുണ്ടോ അവയ്‌ക്കൊക്കെ എതിരാണ് ഈ പ്രാകൃത ഹിന്ദുത്വ ജനക്കൂട്ടം. ി

(കാഫില)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss