|    Jun 23 Sat, 2018 10:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അസാധ്യം: ചെന്നിത്തല

Published : 6th September 2016 | Posted By: SMR

കൊച്ചി: സ്വാശ്രയ മാനേജ്‌മെന്റുകളുമായുണ്ടാക്കിയ പുതിയ ധാരണയിലൂടെ സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍-ഡെന്റല്‍ പ്രവേശനം അസാധ്യമാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രവേശനത്തിനുള്ള തലവരിപ്പണം നിയമവിധേയമാക്കിയ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോഴ്‌സുകളുടെ ഫീസ് വര്‍ധനയിലൂടെ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളി വ്യക്തമായി. തലവരിപ്പണത്തെക്കാള്‍ അധികം തുക ഫീസ് ഇനത്തില്‍ മാനേജ്‌മെന്റുകള്‍ക്കു കിട്ടും.
2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 1.38 ലക്ഷമായിരുന്ന മെറിറ്റ് സീറ്റ് ഫീസ് അവസാന വര്‍ഷത്തില്‍ 1.85 ലക്ഷമായി. അഞ്ചുവര്‍ഷംകൊണ്ട് 47,000 രൂപയുടെ (34.6 ശതമാനം) വര്‍ധനയാണുണ്ടായത്. എ ല്‍ഡിഎഫ് സര്‍ക്കാര്‍ ഫീസ് 1.85 ല്‍ നിന്ന് 2.50 ലക്ഷമാക്കി. ഒറ്റത്തവണകൊണ്ട് 65,000 രൂപയുടെ (35.14 ശതമാനം) വര്‍ധന. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഫീസ് വര്‍ധനയുടെ പ്രതിവര്‍ഷ ശരാശരി 6.81 ശതമാനമായിരുന്നെങ്കില്‍ എല്‍ഡിഎഫിന്റേത് 35.14 ശതമാനമാണ്. മെറിറ്റ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികളോടുള്ള കൊടുംവഞ്ചനയാണിത്. മാനേജ്‌മെന്റ് ക്വാട്ടയിലെ ഫീസ് 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ 5.5 ലക്ഷത്തില്‍നിന്ന് 5.95 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഇത് 8.5 ലക്ഷമായി. അഞ്ചുവര്‍ഷംകൊണ്ടുണ്ടായ ആകെ വര്‍ധന മൂന്നുലക്ഷം രൂപയാണ് (54.55%). എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 8.5 ലക്ഷത്തില്‍നിന്ന് 11 ലക്ഷമാക്കി ഒറ്റത്തവണകൊണ്ട് 2.5 ലക്ഷമാണ് (29.41 ശതമാനം) കൂട്ടിയത്. യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ ഫീസ് വര്‍ധന പ്രതിവര്‍ഷ ശരാശരി 10.91 ശതമാനമാണെങ്കില്‍ എല്‍ഡിഎഫിന്റേത് 29.41 ശതമാനമാണ്.
2011ല്‍ ഒമ്പതും 2015ല്‍ 12.5ഉം ലക്ഷമായിരുന്നു എന്‍ആര്‍ഐ ക്വാട്ടയിലെ മെഡിക്കല്‍ സീറ്റിന്റെ ഫീസ്. അഞ്ചുവര്‍ഷംകൊണ്ടു വര്‍ധിച്ചത് 3.5 ലക്ഷം(38.89 ശതമാനം). ഫീസ് വര്‍ധനയുടെ പ്രതിവര്‍ഷ ശരാശരി 7.78 ശതമാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ എ ന്‍ആര്‍ഐ സീറ്റ് ഫീസ് 12.5ല്‍ നിന്ന് 15 ലക്ഷമാക്കി. ഫീസ് വര്‍ധനയുടെ പ്രതിവര്‍ഷ ശരാശരി 20 ശതമാനമായി ഉയര്‍ന്നു. മാനേജ്‌മെന്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ തുറന്നുകൊടുത്തത്. സ്വാശ്രയ മേഖലയിലെ മെഡിക്കല്‍ പഠനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുകയാണ്. ജെയിംസ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി. യുഡിഎഫ് 10 ശതമാനം ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ സമരം ചെയ്ത എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ ഇപ്പോള്‍ കാണാനില്ല. 100 സീറ്റും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ്. പിന്നീട് ഇതില്‍ ഉറച്ചുനില്‍ക്കാനുള്ള ഇച്ഛാശക്തിയും സര്‍ക്കാരിനുണ്ടായില്ല. സുപ്രിംകോടതിയില്‍ സര്‍ക്കാരിന് അപ്പീല്‍ പോവാമായിരുന്നു. എന്നാല്‍, അതു ചെയ്തില്ല. ഇതെല്ലാം സര്‍ക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്ക ല്‍ കോളജ്, പാരിപ്പിള്ളി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനമാരംഭിക്കാത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss