|    Jan 24 Tue, 2017 2:45 pm
FLASH NEWS

‘പാവപ്പെട്ടവര്‍ ചത്തുതുലയട്ടെ’

Published : 12th June 2016 | Posted By: SMR

ഡോ. മുഹമ്മദ് മന്‍സൂര്‍ ആലം

ശീതയുദ്ധത്തിന്റെ നാളുകളില്‍ അമേരിക്കയുടെ വിദേശനയത്തെയും സൈനിക നടപടികളെയും കുറിച്ച് ഗവേഷണം നടത്തിയ റാന്‍ഡ് കോര്‍പറേഷന്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ ഒരു പരാമര്‍ശമുണ്ടായിരുന്നു. അവികസിത രാഷ്ട്രങ്ങളിലെ ദരിദ്രലക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ പാശ്ചാത്യരാഷ്ട്രങ്ങളോ സ്ഥാപനങ്ങളോ ഇടപെടേണ്ട കാര്യമില്ല എന്നായിരുന്നു റിപോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഈ ദരിദ്രര്‍ക്ക് സാമ്പത്തികമായി ഒരു വിലയുമില്ലെന്നും അവര്‍ ഭൂമിയുടെ വിഭവസ്രോതസ്സുകള്‍ക്ക് ഭാരമാണെന്നുമായിരുന്നു റിപോര്‍ട്ടിലുള്ളത്. ഭക്ഷണവും വെള്ളവും കുറയുമ്പോള്‍ അടിമക്കപ്പലിലെ വെള്ളക്കാരന്‍ ക്യാപ്റ്റന്‍ കറുത്തവര്‍ഗക്കാരായ അടിമകളെ കടലിലെറിയുന്നതുപോലെയാണിത്. അക്കാലത്ത് പ്രത്യേകിച്ച് സ്വതന്ത്രവാദികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും ഈ റിപോര്‍ട്ട് ക്രൂരവും കഠിനവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. മുമ്പ് ഇത്തരം ഒരു റിപോര്‍ട്ട് ഉണ്ടായിരുന്നില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍, വാസ്തവം അതല്ല.
1942ല്‍ ബംഗാളിലും ഭയാനകമായവിധത്തില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിരുന്നു. കല്‍ക്കത്തയുടെ തെരുവുകളില്‍ ജനങ്ങള്‍ ഈച്ചകളെപ്പോലെയായിരുന്നു മരിച്ചുവീണത്. ബന്യമാരുടെ ധാന്യപ്പുരകളില്‍ വിലകൂട്ടിവില്‍ക്കാന്‍ വേണ്ടി ശേഖരിച്ച ധാന്യങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ നഗരങ്ങളില്‍ പട്ടിണിമൂലം മരിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങളുടെ ശവശരീരങ്ങള്‍ കുമിഞ്ഞുകൂടുകയായിരുന്നു. ഇങ്ങനെ ഇന്ത്യക്കാര്‍ തന്നെ സ്വന്തം നാട്ടുകാരുടെ കാര്യത്തില്‍ ഒരു ദയാദാക്ഷിണ്യവും കാണിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാരെ രക്ഷിക്കാത്ത ബ്രിട്ടിഷുകാരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം.
അതേസമയം, ഇന്ത്യയടക്കമുള്ള കോളനികളിലെ സൈനികര്‍ ഉള്‍ക്കൊള്ളുന്ന ബ്രിട്ടിഷ് സൈന്യം ജര്‍മനിയും ഇറ്റലിയും ജപ്പാനും നേതൃത്വം നല്‍കുന്ന സഖ്യത്തിനെതിരേ യുദ്ധം ചെയ്യുകയായിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ചെയ്തത് ഇന്ത്യന്‍ ജനതയെ പട്ടിണിക്കിട്ട് ഇവിടെയുള്ള ധാന്യശേഖരം ബ്രിട്ടിഷ് പട്ടാളത്തിനു വേണ്ടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇങ്ങനെ ബന്യകളുടെ അത്യാര്‍ത്തിയും ബ്രിട്ടന്റെ നിലപാടും ഇന്ത്യയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി. രണ്ടുകൂട്ടരും ഇന്ത്യന്‍ ജനതയെ സാവധാനം നാശത്തിലേക്കു നയിക്കുകയായിരുന്നു. ഇതാണ് റാന്‍ഡിന്റെ റിപോര്‍ട്ടിലെ പരാമര്‍ശം ആദ്യമായിട്ടല്ല എന്നു പറയാന്‍ കാരണം.
ഇന്ന് ലോകത്തിലെ ഒരു സര്‍ക്കാരും ഭക്ഷ്യക്ഷാമം മൂലം ജനങ്ങള്‍ മരിക്കാന്‍ അനുവദിക്കുകയില്ല. ഇന്ത്യയില്‍ ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടത് 1970കളില്‍ കൂച്ച് ബിഹാറിലാണ്. എന്നാല്‍, ഒഡീഷയിലെ ചില പ്രദേശങ്ങളിലും മധ്യപ്രദേശിലും ‘സാമ്പത്തിക വളര്‍ച്ചയില്‍ മാതൃക’ സൃഷ്ടിച്ച ഗുജറാത്തിലും ഗുരുതരമായവിധത്തില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതായി റിപോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ പൂര്‍ണമായി പട്ടിണിയില്ലാതാക്കാന്‍ എന്നാണു സാധിക്കുക എന്നതാണു പ്രധാന ചോദ്യം. 10 സംസ്ഥാനങ്ങളിലെ 256 ജില്ലകളാണിപ്പോള്‍ കടുത്ത വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെല്ലാം കൊടിയ ദുരിതത്തിലാണ്. ദിവസേന പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ പദ്ധതികളിലൊന്നും ഇതു സൂചിപ്പിക്കുക കൂടി ചെയ്യുന്നില്ല. എന്തുകൊണ്ടാണിത്? അവരും ഇന്ത്യക്കാര്‍ തന്നെയല്ലേ? വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് സാധ്വി ഉമാഭാരതി ചെയ്ത ഒരു ക്രൂരതമാശയാണിപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ തീപ്പൊരിപ്രസംഗം നടത്തിയ ഉമാഭാരതി ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയാണ്. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തേക്ക് വെള്ളം കൊണ്ടുപോവുന്ന 12 ടാങ്കറുകളെ മെയ് രണ്ടിന് അവര്‍ ബിജെപിയുടെ കൊടി വീശി യാത്രയാക്കി. എന്നാല്‍, ടാങ്കറുകള്‍ ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അതില്‍ ഒരുതുള്ളി വെള്ളമുണ്ടായിരുന്നില്ല. എന്നാല്‍, കുടിവെള്ള ടാങ്കറുകളുടെ യാത്രയയപ്പ് ചിത്രം സഹിതം മാധ്യമങ്ങളില്‍ വന്നു. ഇന്ത്യയുടെ മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലൂടെയുള്ള പ്രചാരണത്തിന്റെ ഭാഗമാവാത്ത 30 കോടി ജനങ്ങളുടെ ജീവിതത്തോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ബുന്ദെല്‍ഖണ്ഡില്‍ വരള്‍ച്ചകൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളോട് അവരുടെ ജനപ്രതിനിധിയായ ഉമാഭാരതി കാണിച്ച ക്രൂരതമാശ ഇതിനോടനുബന്ധിച്ചാണു ചര്‍ച്ചചെയ്യേണ്ടത്. ടാങ്കറുകളില്‍ വെള്ളം വരുന്നതും കാത്തിരുന്ന ജനങ്ങള്‍ ടാങ്കറുകളെത്തിയപ്പോള്‍ അമ്പരക്കുകയായിരുന്നു. നിരവധി ജൂതന്‍മാരെ ഗ്യാസ് ചേംബറുകളില്‍ ‘കലാപരമായി’ കൊലചെയ്ത സംഭവമാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ബിഥോവന്റെ ശുദ്ധസംഗീതത്തിന്റെ അകമ്പടിയോടെ നിരവധി പുരുഷന്‍മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കോണ്‍സന്‍ട്രേഷന്‍ ക്യാംപിലെ ഗ്യാസ് ചേംബറിലേക്ക് ആനയിക്കുകയായിരുന്നു.
എന്‍ഡിഎ മാത്രമല്ല, ഇന്ത്യയിലെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ 33 കോടി ജനങ്ങളെ അവഗണിക്കുകയാണ്. അതായത് ഇന്ത്യയിലെ മൂന്നിലൊന്നു വരുന്ന ജനങ്ങളെയാണ് ഇവര്‍ മറക്കുന്നത്. കഴിഞ്ഞ മാസം ലോക്‌സഭയില്‍ വരള്‍ച്ചയെ സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ 80 എംപിമാര്‍ മാത്രമായിരുന്നു സഭയിലുണ്ടായിരുന്നത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടിയാണ് എംപിമാരെ തിരഞ്ഞെടുത്തയക്കുന്നത്. ലോക്‌സഭയിലെ എംപിമാരുടെ അസാന്നിധ്യം ഗുരുതരമായ കൃത്യവിലോപമാണ്. 1986-87നു ശേഷം കാലവര്‍ഷത്തില്‍ വലിയതോതില്‍ കുറവുണ്ടാവുന്നത് ഇതാദ്യമാണ്. കൃഷി ഉപജീവനമാര്‍ഗമായുള്ള ഗ്രാമീണര്‍ക്ക് ജലലഭ്യത കുറഞ്ഞതോടെ ജോലിയില്ലാതായിരിക്കുകയാണ്.
മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സന്നദ്ധപ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ ഇതിനെക്കുറിച്ച് അടുത്തിടെ മനോവേദനയോടെ ചില കാര്യങ്ങള്‍ എഴുതുകയുണ്ടായി. ”വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്നവര്‍ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചില്ല. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ സര്‍ക്കാരും തയ്യാറായില്ല. സുപ്രിംകോടതിയാണ് വരള്‍ച്ചാദുരിതാശ്വാസത്തിന് തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ ഫണ്ടനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ജനപ്രതിനിധികള്‍ തങ്ങളുടെ ചുമതല നിറവേറ്റാന്‍ മുന്നോട്ടുവന്നില്ലെന്നാണ് ഇതു കാണിക്കുന്നത്”- ഹര്‍ഷ്മന്ദര്‍ നിരീക്ഷിക്കുന്നു.
തൊഴിലുറപ്പു പദ്ധതിക്ക് പിന്നിലും ചില സങ്കടകരമായ കാര്യങ്ങളുണ്ടെന്നാണ് ഹര്‍ഷ് മന്ദര്‍ പറയുന്നത്. 2016ലെ ബജറ്റില്‍ ഇതുവരെയുണ്ടായിരുന്നതില്‍ കൂടുതല്‍ സംഖ്യ തൊഴിലുറപ്പു പദ്ധതിക്കു വേണ്ടി നീക്കിവച്ചെന്നാണ് ധനകാര്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, ജിഡിപിയുടെ ശതമാനം വച്ചു നോക്കുകയാണെങ്കില്‍ 2016ലെ ബജറ്റില്‍ തൊഴിലുറപ്പു പദ്ധതിക്ക് നീക്കിവച്ച തുക വളരെ കുറവാണെന്നു കാണാവുന്നതാണ്. ഇതനുസരിച്ച് 2016-17 വര്‍ഷത്തില്‍ പദ്ധതിക്ക് 66,000 കോടി രൂപ അനുവദിക്കേണ്ടസ്ഥാനത്ത് 38,500 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പ്രഖ്യാപനവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരമാണിവിടെ കാണുന്നത്. മതിയായ ഫണ്ട് അനുവദിക്കാത്തതു മാത്രമല്ല തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്‌നം. തുകവിതരണത്തില്‍ വ്യാപകമായി നടക്കുന്ന അഴിമതിയും ജനങ്ങള്‍ക്ക് പദ്ധതികൊണ്ട് ഉണ്ടാവുന്ന പ്രയോജനം നഷ്ടപ്പെടുത്തുന്നു. ഗ്രാമപ്പഞ്ചായത്തുകളിലെ മേധാവികള്‍ പദ്ധതിയില്‍നിന്ന് വന്‍തോതിലുള്ള ഫണ്ടുകളാണ് കൈക്കലാക്കുന്നത്.
ഈ ലേഖനമെഴുതുമ്പോള്‍ വരള്‍ച്ചാബാധിത പ്രദേശമായ ബുന്ദെല്‍ഖണ്ഡില്‍ നിന്ന് നിരാശരായ ജനങ്ങള്‍ ജോലിക്കും പാര്‍ക്കാനുള്ള സ്ഥലം തേടിയും ഡല്‍ഹിയിലേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ 1ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്ത ഇവരെക്കുറിച്ചായിരുന്നു. വരള്‍ച്ച ബാധിച്ച ബുന്ദെല്‍ഖണ്ഡ് ജില്ലയില്‍നിന്ന് നൂറുകണക്കിന് കര്‍ഷകരാണ് ജോലിക്കു വേണ്ടി ഡല്‍ഹിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇവരെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ തീവണ്ടി ഡല്‍ഹിയിലെ സാറായ് കാലെഖാന്‍ തീവണ്ടി ആപ്പീസിലെത്തിയെന്നാണ് പത്ര റിപോര്‍ട്ട്. നിരാശരായ ഗ്രാമീണരുടെ നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെയാണ് ഗ്രാമങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള ‘ഗ്രാമോദയ്’ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ക്രൂരമായ വിരോധാഭാസം.

പരിഭാഷ: കോയ കുന്ദമംഗലം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക