|    Oct 21 Sun, 2018 6:22 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പാവപ്പെട്ടവര്‍ എവിടെപ്പോവും?

Published : 29th October 2017 | Posted By: fsq

 

ത്വാഹിര്‍ മഹ്ദി

നരേന്ദ്ര മോദിയുടെ വിജയം പാകിസ്താനില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. കടുത്ത മോദിയനുകൂലികളായ ഇന്ത്യന്‍ മധ്യവര്‍ഗം അദ്ദേഹത്തെ സാമ്പത്തിക ഭരണഗോദയിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മോദിയുടെ വളര്‍ച്ചയെ ഇന്ത്യക്കാര്‍ എങ്ങനെ കാണുന്നുവെന്ന് വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയിയുടെ നിരീക്ഷണം ഡല്‍ഹിയില്‍ പാക് ദിനപത്രം ദ ഡോണ്‍ ലേഖകന്‍ ത്വാഹിര്‍ മഹ്ദി ആരാഞ്ഞിരുന്നു. 2014 മെയ് 23നു ഡോണ്‍ പ്രസിദ്ധീകരിച്ച ലേഖനമാണിത്. കുത്തനെ മുകളിലേക്കു പോയിരുന്ന ഇന്ത്യയുടെ ജിഡിപി പെട്ടെന്ന് താഴേക്കു പതിക്കുക. ദശലക്ഷക്കണക്കിനു മധ്യവര്‍ഗക്കാര്‍ കയറിയിരുന്ന് വിമാനം പുറപ്പെടുന്നതിനായി കാത്തിരിക്കെ പകുതിയില്‍ വച്ച് നിശ്ചലമായപ്പോള്‍ അവരുടെ അത്യാനന്ദം പെട്ടെന്നു പരിഭ്രമത്തിനും പിന്നീട് രോഷത്തിനും വഴിമാറുകയായിരുന്നു. മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് ഈ കോപം അഴിച്ചുവിട്ടത്. 1991ല്‍ സ്വകാര്യ മേഖല കെട്ടഴിച്ചുവിടുന്നതിനു മുമ്പ് ഇന്ത്യ അര്‍ധ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഉന്നത സാമ്പത്തിക വളര്‍ച്ച കൈവരിച്ചു രാജ്യം പെട്ടെന്നുതന്നെ ആഗോള മൂലധനത്തിന്റെ ഇഷ്ടതാവളമായി മാറി. എന്തായാലും തടസ്സങ്ങളെ തട്ടിമാറ്റിയുള്ള നവ ഉദാരീകരണത്തിന്റെ വിനോദസഞ്ചാരമായിരുന്നു അത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച 2010ല്‍ അതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമായ പത്തു ശതമാനത്തിന്റെ കുതിപ്പിലെത്തിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തിരിച്ച് അഞ്ചു ശതമാനത്തില്‍ താഴെ എത്തിനില്‍ക്കുകയാണ്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഈ വീഴ്ചയ്ക്ക് ഭരണത്തിലിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘നയപരമായ മരവിപ്പി’നെയാണ് മുഴുവനായും കുറ്റപ്പെടുത്തുന്നത്. അവരുടെ ‘വിനയാന്വിതനാ’യ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരു തടസ്സമായിരുന്നു. അതുകൊണ്ട് ഉല്‍സാഹവാനായ മോദി പരമമായ വ്യത്യാസം കാണിച്ചുതന്നിരിക്കുകയാണ്. മോദി യഥാര്‍ഥത്തില്‍ മുസ്‌ലിംകളെ ആക്രമിക്കണമെന്നല്ല ആഹ്വാനം ചെയ്യാന്‍ പോവുന്നത്; കാടുകളില്‍ എന്താണോ സംഭവിച്ചുകൊണ്ടിരിക്കുന്നത്, ആ രീതിയില്‍ കാര്യങ്ങള്‍ ശരിയാക്കാനാണ്. പ്രതിരോധങ്ങളെ തൂത്തെറിഞ്ഞു ഭൂമി ഖനനത്തിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കോര്‍പറേറ്റുകള്‍ക്കു വിട്ടുകൊടുക്കണമെന്നാണ്- അരുന്ധതി റോയി പറയുന്നു. എല്ലാ കരാറുകളിലും ഒപ്പുവച്ചു കമ്പനികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. മുസ്‌ലിംകളുടെയെന്നല്ല, ആരുടെ രക്തച്ചൊരിച്ചിലിനു മുമ്പിലും കണ്ണുതുറക്കാത്ത ഒരാളായി മോദിയെ അവര്‍ തിരഞ്ഞെടുത്തു. ഇന്ത്യയുടെ വലിയ ഖനന-ഊര്‍ജപദ്ധതികള്‍ പാവപ്പെട്ട ആദിവാസികളുടെ അധിവാസ മേഖലകളിലാണ്. തങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നു. മാവോവാദികള്‍ ഈ ആദിവാസികള്‍ക്കു വേണ്ടി പോരാടുന്നു. പല ഉള്‍പ്രദേശങ്ങളിലും ഫലത്തില്‍ അവര്‍ ഭരണവും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വികസന മാതൃകയില്‍ രക്തച്ചൊരിച്ചില്‍ സഹജമാണ്. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ തന്നെ ജയിലിലുണ്ട്- അവര്‍ പറയുന്നു. എന്നാല്‍, അത് മതിയാകില്ല. പ്രതിരോധത്തെ ഞെരിക്കുകയും വേരോടെ പിഴുതെറിയുകയും ചെയ്യേണ്ടതുണ്ട്. അവസാന നാഴികയിലും നടക്കാന്‍ ശേഷിയുള്ളയാളെയാണ് പണച്ചാക്കുകള്‍ക്ക് ആവശ്യം. അതുകൊണ്ടാണ് മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലേക്ക് വ്യവസായ ഭീമന്മാര്‍ ദശലക്ഷങ്ങള്‍ ഒഴുക്കുന്നത്. ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്ന വികസന മാതൃകയില്‍ കാതലായി വംശഹത്യയുണ്ടെന്നാണ് അരുന്ധതി റോയി വിശ്വസിക്കുന്നത്. മറ്റു വികസിത രാജ്യങ്ങള്‍ എങ്ങനെയാണ് അഭിവൃദ്ധി നേടിയത്? യുദ്ധങ്ങളിലൂടെയും കോളനിവത്കരണങ്ങളിലൂടെയും മറ്റു രാജ്യങ്ങളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും ബലപ്രയോഗത്തിലൂടെ വിഭവങ്ങള്‍ ശേഖരിച്ചുമാണത്- അവര്‍ പറയുന്നു. ഇന്ത്യക്ക് കോളനിവത്കരണത്തിനു മാര്‍ഗമില്ല. പക്ഷേ, രാജ്യത്തിനുള്ളില്‍ തന്നെ കോളനിവത്കരണം നടപ്പാക്കുന്നു. റോഡ് നിര്‍മാണം പോലുള്ള സാധാരണ പദ്ധതികളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കുടിയൊഴിയേണ്ടിവരുന്നതിലും ഡാം നിര്‍മാണം, ഖനനം തുടങ്ങിയ വലിയ പദ്ധതികളിലും ഇന്ത്യയുടെ ജനസംഖ്യാപരമായ ചലനാത്മകത കണക്കിലെടുക്കപ്പെടാറില്ല. ഈ പ്രതിരോധം നിര്‍വഹിക്കപ്പെടുന്നതിനു രാജ്യത്തിനു വളര്‍ന്നുവരുന്ന ഒരു പൗരസമൂഹവും തൊഴിലാളി യൂനിയനുകളും നിയമവ്യവസ്ഥയുമുണ്ട്. പ്രതിരോധം കോര്‍പറേറ്റ് മോഹങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു. കോര്‍പറേറ്റുകള്‍ക്ക് ഇപ്പോള്‍ അതിനെ ആക്രമണവല്‍ക്കരിക്കുകയും സൈനിക മാര്‍ഗത്തിലൂടെ പരിഹാരം കാണുകയും വേണം- അവര്‍ പറയുന്നു. അടിച്ചമര്‍ത്തല്‍ എന്നത് കൂട്ടക്കൊല ചെയ്യുക എന്നതിലൂടെ മാത്രമല്ല, അവരെ ഉപരോധത്തിലാക്കുകയോ പട്ടിണിക്കിട്ടു പുറത്താക്കുകയോ, നേതാക്കളോ പ്രതിരോധത്തിനു തുടക്കമിടുന്നവരോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവരെ കൊല്ലുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുന്നതിലൂടെയും സാധ്യമാക്കാം. വികസനത്തിന് എതിരായി നില്‍ക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിനു ഹിന്ദു ദേശീയവാദ പ്രഭാഷണങ്ങള്‍ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. പൊറുതിമുട്ടിയ ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ പഴയ ജീവിതരീതി ഉപേക്ഷിച്ച് കമ്പോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പഠിക്കേണ്ടിവന്നതിന്റെ ഉദാഹരണം അവര്‍ വിവരിക്കുന്നു. 2012ല്‍ മാത്രം 14,000ഓളം ഹതഭാഗ്യരായ കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ ഗ്രാമങ്ങളെല്ലാം പൂര്‍ണമായും വിഭവരഹിതമാവുകയും തരിശാവുകയും വരള്‍ച്ചയിലാവുകയും ചെയ്തു. ഇവിടത്തെ ജനങ്ങള്‍ കൂടുതലും ദലിതരായിരുന്നു. അവിടെ രാഷ്ട്രീയമില്ല. വോട്ടു പിടിച്ചുനല്‍കാമെന്ന് തങ്ങളുടെ യജമാനന്മാര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ അധികാര ദല്ലാളന്മാര്‍ ഇവരെ പോളിങ് ബൂത്തുകളിലേക്കു പോവാന്‍ നിര്‍ബന്ധിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ കണ്ട കാര്യങ്ങള്‍ അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ ജനാധിപത്യമില്ലേ? അത് പറയുക വളരെ സങ്കീര്‍ണമാണ്. ഒരളവില്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ദരിദ്ര ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നത് നിങ്ങള്‍ക്കു നിഷേധിക്കാനും സാധിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച ശേഷം അതിര്‍ത്തിയിലെ അസ്വാരസ്യങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സൈനികരെ വിന്യസിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. കൊല ചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരുമായ ആളുകളുടെ എണ്ണം നിര്‍ണയിക്കാനാവില്ല. തുടര്‍ച്ചയായി തങ്ങളുടെ ജനങ്ങളുമായി യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യമാണിത്. ഛത്തീസ്ഗഡിലും ഒഡീഷയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നു ശ്രദ്ധിച്ചാല്‍ ജനാധിപത്യമെന്നു പറയുന്നത് അപമാനമായി തോന്നും. തിരഞ്ഞെടുപ്പുകള്‍ കോര്‍പറേറ്റ് പ്രോജക്ടുകളായി മാറിയെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും അവയെ ഉടമസ്ഥതയില്‍ വച്ചിരിക്കുന്നതും ഇതേ കോര്‍പറേറ്റുകളാണെന്നും അരുന്ധതി റോയി വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഒരളവിലുള്ള ജനാധിപത്യം മധ്യവര്‍ഗങ്ങള്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണെന്നും രാജ്യത്തിന്റെ സഹകരണത്തോടെ അവര്‍ തിരഞ്ഞെടുക്കപ്പെടുകയും ജനങ്ങളുടെ പ്രതിരോധത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിവരണത്തിന്റെ വിശ്വസ്തരായ ഉപയോക്താക്കളാവുകയും ചെയ്യുന്നു എന്നാണ് അരുന്ധതി റോയി അഭിപ്രായപ്പെടുന്നത്. 2014ലെ തിരഞ്ഞെടുപ്പ് ചില വിചിത്രമായ ആശയങ്ങളെ ദൂരെയെറിഞ്ഞു. ഉദാഹരണത്തിന്, മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പി രാജ്യത്തെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ മൂന്നാമത്തെ പാര്‍ട്ടിയായി മാറി. എന്നാല്‍, ഒരൊറ്റ സീറ്റു പോലും നേടിയില്ല. ഇന്ത്യയിലെ എല്ലാ ദലിതുകളും അവര്‍ക്കു വേണ്ടി വോട്ടു ചെയ്താല്‍ പോലും ഒരു സീറ്റു പോലും അവര്‍ക്ക് നേടാനാവില്ലെന്നതാണ് തിരഞ്ഞെടുപ്പിന്റെ കണക്ക്. ഇപ്പോള്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍വാധിപത്യ സര്‍ക്കാരാണ് നമുക്കുള്ളത്. സാങ്കേതികമായും നിയമപരമായും പ്രതിപക്ഷം രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ഒരു പാര്‍ട്ടിയും നേടിയിട്ടില്ല. എന്നാല്‍, നമ്മളില്‍ പലരും വര്‍ഷങ്ങളായി നിലനിന്നത് ഇവിടെ യഥാര്‍ഥ പ്രതിപക്ഷം ഒരിക്കലും ഉണ്ടാവാതെയാണ്. പല നയങ്ങളിലും പരസ്പരം യോജിച്ച പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വംശഹത്യ നടത്തുന്നതിന് ഒരേ ചട്ടക്കൂടായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ അതെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ വോട്ടര്‍മാര്‍ അവരുടെ വിധി നല്‍കി. പക്ഷേ, അരുന്ധതി റോയി തുറന്നു ചോദിക്കുന്ന ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു. ഇന്ത്യയിലെ പാവപ്പെട്ടവര്‍ എവിടേക്കാണ് പോവുക?            പരിഭാഷ: ഷിനില മാത്തോട്ടത്തില്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss