|    Apr 24 Tue, 2018 8:24 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പാഴായിപ്പോവുന്ന മരണങ്ങള്‍

Published : 21st September 2016 | Posted By: mi.ptk

മുരളി തുമ്മാരുകുടി
ഏറെ സങ്കടപ്പെടുത്തുന്ന ഒന്നാണ് പത്തനംതിട്ടയിലെ ചിറ്റാറിലെ കാര്‍ണിവലിനിടയ്ക്ക് ജയന്റ്‌വീലില്‍നിന്നു തെറിച്ചുവീണ് സഹോദരങ്ങളായ പ്രിയങ്കയും അലനും മരിച്ചത്. മക്കളുമായി അല്‍പം സന്തോഷിക്കാന്‍ ഉല്‍സവസ്ഥലത്തു പോയ കുടുംബത്തിന് ഇതിലും വലിയ ദുരന്തം വരാനുണ്ടോ? സമൂഹത്തിന്റെ ദുരന്തവും ചെറുതല്ല. കാരണം, ഉല്‍സവസ്ഥലങ്ങളില്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന സംവിധാനങ്ങളിലെ മരണം ഇത് ആദ്യത്തേതല്ല. അവസാനത്തേതും ആകില്ല. ചിറ്റാറിലെ റൈഡ് നടത്തിയ അഞ്ചോ ആറോ പേരെ അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. പഴയ പരിചയം വച്ചാണെങ്കില്‍ ഇവര്‍ക്കൊക്കെ വലിയ താമസമില്ലാതെ ജാമ്യം കിട്ടും. പിന്നെ ഇത് ‘മനപ്പൂര്‍വ’മായ കൊലയല്ലാത്തതിനാല്‍ കേസ് നടത്തുന്നതിലൊന്നും ആര്‍ക്കും വലിയ താല്‍പര്യം ഉണ്ടാവില്ല. കുടുംബത്തിന് എന്തെങ്കിലും നഷ്ടപരിഹാരം കൊടുക്കാന്‍ ജനപ്രതിനിധികള്‍ അല്‍പം താല്‍പര്യമെടുക്കും. പിന്നെ അടുത്ത അപകടം വരുന്നതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടാവില്ല. ഇതു ശരിക്കും കഷ്ടമാണ്. അടിസ്ഥാനപരമായ പിഴവുകളില്‍ നിന്നാണ് ഇത്തരം അപകടങ്ങളും മരണവും ഉണ്ടാവുന്നത്. അപ്പോള്‍ അതെന്താണെന്ന് അറിയാനുള്ള ഒരു ശ്രമമെങ്കിലും സമൂഹം നടത്തണം. ആ തെറ്റുകള്‍ തിരുത്തണം.  നമ്മുടെ നാട്ടില്‍ ആളുകള്‍ കൂടുന്ന സംഭവങ്ങള്‍ ഏറെയുണ്ട്. ഇത് പാര്‍ട്ടി സമ്മേളനം തൊട്ട് ഗാനമേള വരെയാകാം.   പള്ളിപ്പെരുന്നാള്‍ തൊട്ട് ബീച്ച് ഫെസ്റ്റിവല്‍ വരെയാകാം. ഇതിലൊക്കെ ഏറെ അപകടസാധ്യതകളുണ്ട്. തിക്കും തിരക്കും മൂലം ഉണ്ടാവുന്ന അപകടങ്ങള്‍, താല്‍ക്കാലികമായി വൈദ്യുതി ലൈനുകള്‍ താഴെക്കൂടിയും തലക്ക് മുകളിലൂടെയുമൊക്കെ കെട്ടിവലിക്കുന്നത്, താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഗാലറികള്‍, അഗ്നിബാധയ്ക്കുള്ള സാധ്യതകള്‍, കരിമരുന്നുപ്രയോഗമുള്ളിടത്ത് അതിന്റെ അപകടസാധ്യതകള്‍, ആനയെ കൊണ്ടുവരുന്നിടത്ത് ആനയുമായി ബന്ധപ്പെട്ട അപകടങ്ങള്‍, ഉല്‍സവവുമായി ബന്ധപ്പെട്ട് വാഹനത്തിരക്ക് വര്‍ധിക്കുന്നത്,  ഉല്‍സവസ്ഥലങ്ങളിലും അങ്ങോട്ടുള്ള വഴികളിലും ഉണ്ടാവുന്ന കൂടിയ അപകടസാധ്യത എന്നിങ്ങനെ ഓരോ ആള്‍ക്കൂട്ടത്തിലും അപകടസാധ്യതയുണ്ട്.  യൂറോപ്പില്‍ ഇപ്പോള്‍ ഓരോ ആള്‍ക്കൂട്ടവും തീവ്രവാദി ആക്രമണത്തിന് ഇരയായേക്കാം എന്ന ചിന്താഗതിയിലാണ് പ്ലാന്‍ ചെയ്യുന്നത്. ചുരുങ്ങിയത് ചില കാര്യങ്ങളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഏത് ഉല്‍സവവും കാര്‍ണിവലും നടത്താന്‍ അധികൃതര്‍ സമ്മതം നല്‍കാവൂ. ഒന്നാമത്, അപകടസാധ്യതകളും (അഗ്നിബാധ, മെഡിക്കല്‍ എമര്‍ജന്‍സി എന്നിങ്ങനെ) പരിഹാരപ്രക്രിയകളും എണ്ണമിട്ട് എഴുതിയ ഒരു കണ്ടിന്‍ജന്‍സി പ്ലാന്‍ ഓരോ ഉല്‍സവത്തിനും കാര്‍ണിവലിനും ഉണ്ടാക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇതിനൊരു മാതൃക ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാമത്, ചെറിയ അപകടങ്ങളോ തീപ്പിടിത്തമോ മറ്റോ ഉണ്ടായാല്‍ പെട്ടെന്ന് ഇടപെടാന്‍ പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഒരു ആംബുലന്‍സ് ഉള്‍പ്പെടെ അവിടെ സജ്ജമായിരിക്കണം. മൂന്നാമത്, ഫെസ്റ്റിവല്‍ കമ്മിറ്റിക്കാരില്‍ ഒരാളെങ്കിലും സുരക്ഷാവിഷയത്തില്‍ പരിശീലനം നേടിയിരിക്കണം. അയാള്‍ക്ക് സുരക്ഷാസംവിധാനത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കുകയും വേണം.  കേരളത്തില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ഉല്‍സവങ്ങളാണു നടക്കുന്നത്. അപ്പോള്‍ ആഘോഷക്കമ്മിറ്റിക്കാര്‍ക്കു വേണ്ടി മാത്രമായി രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടി, തൃശൂരില്‍ ഇപ്പോള്‍ ചുമ്മാ ഇട്ടിരിക്കുന്ന സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഏറ്റവും വേഗത്തില്‍ തുടങ്ങാവുന്നതാണ്. കേരളത്തില്‍ കാര്‍ണിവലും ഉല്‍സവങ്ങളും പ്രാര്‍ഥനാ കൂട്ടായ്മയുമൊക്കെ ഇപ്പോള്‍ കോടികള്‍ മറിയുന്ന ബിസിനസ് ആണ്. അപ്പോള്‍ നല്ല സുരക്ഷാസംവിധാനവും അതിനുള്ള പരിശീലനം ലഭിച്ച ആളുകളും ഇല്ലാതെ പരിപാടി നടത്താന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ അതിന് പണം ഒരു പ്രശ്‌നമാവില്ല.  വ്യക്തിപരമായ ഉത്തരവാദിത്തം വരുമെന്നു കണ്ടാല്‍ കമ്മിറ്റിക്കാര്‍ ഇപ്പോഴത്തെ പോലെ കലക്ടറുടെയോ കമ്മീഷണറുടെയോ ഒക്കെ അനുമതി വാങ്ങി സ്വന്തം തടി രക്ഷ പ്പെടുത്തുന്നത് നിര്‍ത്തും. ചിറ്റാറിലെ അപകടം വാസ്തവത്തില്‍ അല്‍പമെങ്കിലും സുരക്ഷാബോധമുള്ള ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതാണ്. ജയന്റ്‌വീലുകളില്‍ ഏതു പ്രായത്തിലും ഉയരത്തിലുമുള്ള കുട്ടികള്‍ക്കു കയറാം എന്നതിന് സാധാരണ കര്‍ശന നിയന്ത്രണമുണ്ട്. അത് നിയന്ത്രിക്കാന്‍ അവിടെ ആളുകള്‍ കാണണം. അതുപോലെ കുട്ടികള്‍ കയറിയിരുന്നാല്‍ അവര്‍ വീണുപോവാതെ സുരക്ഷിതമായ ഒരു ലോക്കിങ് സംവിധാനവും അതു പിഴച്ചാല്‍ അപകടമുണ്ടാവാതിരിക്കാന്‍ മറ്റൊരു സംവിധാനവും (റൈഡ് തന്നെ നില്‍ക്കുന്നതുള്‍പ്പെടെ) മിനിമം വേണം. എന്തെങ്കിലും അപകടം നടന്നാല്‍ പ്രഥമശുശ്രൂഷ കൊടുക്കാനുള്ള സംവിധാനം തീര്‍ച്ചയായും ഉണ്ടാവണം. ഇത്തരം റൈഡ് നടത്താന്‍ പരിചയവും പരിശീലനവുമുള്ള ആളുകള്‍ ഉണ്ടായിരിക്കണം. ഇതുകൂടാതെ ഇങ്ങനെയൊരു റൈഡ് നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനും അനുമതി കൊടുക്കുന്നതിനു മുമ്പ് ഏത് സുരക്ഷാനിലവാരമാണ് ഈ സംവിധാനങ്ങള്‍ക്കുള്ളത് എന്ന് പരിശോധിക്കാനുള്ള അറിവെങ്കിലും ആഘോഷം നടത്തുന്നവര്‍ക്കും അടുത്തുള്ള ഫയര്‍സര്‍വീസിനും ഉണ്ടാവണം. പക്ഷേ, തല്‍ക്കാലം അങ്ങനെയുള്ള സുരക്ഷാമാനദണ്ഡം ഇല്ല. അതു പരിശോധിക്കാന്‍ അറിവുള്ള വിദഗ്ധരും ഇല്ല.  മരിച്ചതിനുശേഷം പോലിസ് അന്വേഷണം നടത്തിയതുകൊണ്ട് മരിച്ചവരുടെ കാര്യത്തിലോ ഇനി അപകടത്തില്‍പെടുന്നവരുടെ കാര്യത്തിലോ ഒരു ഗുണവും ഉണ്ടാവാന്‍ പോവുന്നില്ല.കാര്‍ണിവലുകളിലെയും ഉല്‍സവപ്പറമ്പുകളിലെയുമൊക്കെ മരണം നമ്മുടെ സുരക്ഷാരംഗത്തെ പ്രശ്‌നങ്ങളിലെ ഒരു ചെറിയ ശതമാനം മാത്രമേ വരുന്നുള്ളൂ.  ഒരുവര്‍ഷം അപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പതിനായിരത്തോടടുക്കുകയാണ്. അതായത് ദിവസം 25ഓളം പേരാണ് കേരളത്തില്‍ ഓരോ ദിവസവും അപകടത്തില്‍ മരിക്കുന്നത്.  പകുതിയോളം പേര്‍ റോഡപകടത്തില്‍, അഞ്ചിലധികംപേര്‍ മുങ്ങിമരിക്കുന്നു. ഒന്നോ രണ്ടോ പേര്‍ ഉയരങ്ങളില്‍നിന്നു വീണു മരിക്കുന്നു. എന്നിട്ടും സുരക്ഷാരംഗത്ത് നാം ആവശ്യത്തിന് ശ്രദ്ധകൊടുക്കുന്നില്ല. സുരക്ഷ എന്നത് സ്‌കൂള്‍പഠനത്തിന്റെ ഭാഗമല്ല. 175 എന്‍ജിനീയറിങ് കോളജ് ഉള്ളതില്‍ അഞ്ചുശതമാനത്തില്‍പോലും സുരക്ഷയെപ്പറ്റി പഠിപ്പിക്കുന്നില്ല. ഒരു അപകടം നടന്നാല്‍ കുറ്റവാളിയെ കണ്ടെത്താനുള്ള പോലിസ് അന്വേഷണമല്ലാതെ അടിസ്ഥാന സുരക്ഷാവീഴ്ച കണ്ടെത്താനുള്ള അറിവോ സമയമോ സംവിധാനമോ തല്‍ക്കാലം നമ്മുടെ ഔദ്യോഗിക സംവിധാനത്തില്‍ ഇല്ല. അതുകൊണ്ട് ആളുകള്‍ കൂടുന്ന സ്ഥലത്തോ റൈഡുകളിലോ ഒക്കെ പോവുന്ന മലയാളികള്‍ തല്‍ക്കാലം സ്വന്തം കുടുംബത്തിന്റെ സുരക്ഷ സ്വയം നോക്കിയേ പറ്റൂ. ഇല്ലെങ്കില്‍  ഇനിയും പ്രിയങ്കമാര്‍ ഉണ്ടാവും.                   (ഐക്യരാഷ്ട്ര പരിസ്ഥിതിയുടെ ദുരന്ത ലഘൂകരണവിഭാഗം തലവനാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss