|    Nov 18 Sat, 2017 11:47 am

പാളിച്ചകളുടെ മേളയായി റവന്യൂ ജില്ലാ കായികമേള

Published : 25th November 2016 | Posted By: SMR

ചാലക്കുടി: തുടക്കം മുതലെ താളം തെറ്റിയ റവന്യൂ ജില്ലാ കായികമേളയുടെ രണ്ടാം ദിവസവും നടത്തിപ്പ് വഴിപാടുപോലെയായി.  കഴിഞ്ഞ ദിവസം സി എം ഐ പബ്ലിക് സ്‌കൂളില്‍ മല്‍സരാര്‍ഥികള്‍ക്ക് ഭക്ഷണം പോലും നല്‍കാതെ വലയിച്ച കായികമേളയുടെ തുടര്‍ച്ച പോലെയായിരുന്നു വ്യാഴാഴ്ച കാര്‍മല്‍ സ്‌കൂളിലേതും. വേദി മാറിയെന്നല്ലാതെ സംഘാടനത്തില്‍ മാറ്റമില്ലായിരുന്നു. രാവിലെ 9.30നാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉദ്ഘാടകനായ കൊടുങ്ങല്ലൂര്‍ എംഎ ല്‍എ നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തി. എന്നാല്‍ സംഘാടകരില്‍ പലരും ഇവിടെയുണ്ടായില്ല. സമയം അതിക്രമിച്ചതിനെ തുടര്‍ന്ന് വേദിവിടാനൊരുങ്ങിയ ഉദ്ഘാടകനെ പലരും നിര്‍ബന്ധിച്ച് പിടിച്ചിരുത്തുകയായിരുന്നു. പ്രധാന സംഘാടകയായ ഡെപ്യൂട്ടി ഡയറക്ടര്‍ എത്തിയത് പത്തേകാലോടെയാണ്. തുടര്‍ന്നാണ് ഉദ്ഘാടനം നടന്നത്. രാവിലെ ആരംഭിച്ച സീനിയര്‍ ആണ്‍കുട്ടികളുടെ 1500മീറ്റര്‍ മല്‍സരത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ട്രാക്കില്‍ കാല്‍തെറ്റി വീണ് തോളെല്ലിന് പരിക്കേറ്റ മല്‍സരാര്‍ഥിയെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ പോലും ബന്ധപ്പെട്ടവരാരും ഉണ്ടായില്ല. വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഏറെ സമയത്തിന് ശേഷം സഹായത്തിനെത്തിയത്. കാലുകളില്‍ മുറിവ് പറ്റിയ മറ്റു രണ്ടു പേരേയും വേദിക്കരികില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് പോലും ഇവിടെയില്ലായിരുന്നു. അധ്യാപകരും രക്ഷിതാക്കളും ബഹളം വച്ചതിനു ശേഷമാണ് ഫസ്റ്റ് എയ്ഡ് ബോക്‌സ് എത്തിച്ചത്. അരമണിക്കൂറോളമാണ് പരിക്കേറ്റ വിദ്യാര്‍ഥികള്‍ സംഘാടകര്‍ക്കരികില്‍ കിടന്നത്. മല്‍സരാര്‍ഥികള്‍ക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. രക്ഷിതാക്കളേയും കായികപ്രേമികളേയും കാര്‍മ്മല്‍ സ്‌കൂള്‍ കവാടത്തില്‍ വച്ച് തന്നെ സെക്യൂരിറ്റി തടഞ്ഞ് വച്ചു. കായികതാരങ്ങളെ മാത്രം കടത്തി വിട്ടാല്‍ മതിയെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സെക്യൂരിറ്റിക്കാരുടെ വിശദീകരണം. ഇതോടെ റവന്യൂ ജില്ലാ കായിക മേള കാണാനാകാതെ നിരവധി കായിക പ്രേമികളും രക്ഷിതാക്കളും മടങ്ങി. നഗരസഭ ചെയര്‍പേഴ്‌സന്റെ വാഹനം പോലും തടഞ്ഞു. പരിപാടിയുടെ അധ്യക്ഷയാണെന്ന് അറിയിച്ചതോടെയാണ് കടത്തി വിട്ടത്. സ്‌കൂള്‍ കാംപസില്‍ ആളുകളെ കടത്തിവിട്ടാല്‍ സ്‌കൂള്‍ അന്തരീക്ഷത്തിന് കോട്ടം വരുമെന്നതിനാലാണ് പ്രവേശനത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്കിയ വിശദീകരണം. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടറോടും സംഘാടകരോടും പരാതി പറഞ്ഞെങ്കിലും ആരും ഗൗനിച്ചില്ല. വാശിയേറിയ മല്‍സരങ്ങളില്‍ മത്സരാര്‍ഥികളെ കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കാനോ ആവേശം പകരാനോ സ്റ്റേഡിയത്തില്‍ ആരുമുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക