|    Jan 21 Sat, 2017 5:30 am
FLASH NEWS

പാല്‍ സൊസൈറ്റികളുടെ നിലനില്‍പ് ആശങ്കയില്‍

Published : 3rd September 2016 | Posted By: SMR

ഇരിക്കൂര്‍: പശുവുള്ള ക്ഷീര കര്‍ഷകര്‍ക്കെല്ലാം 10,000 രൂപ കാലിത്തീറ്റ സബ്‌സിഡി നേരിട്ടു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സന്തോഷം പകരുമ്പോഴും പാല്‍ സൊസൈറ്റികള്‍ ആശങ്കയില്‍.
മില്‍മയുടെ ക്ഷീരകര്‍ഷക സംഘങ്ങളില്‍ പാല്‍ അളന്നു നല്‍കുന്നവര്‍ക്ക് മാത്രം സബ്‌സിഡി നല്‍കുന്ന പതിവ് മാറ്റിയാണ് പശുവുള്ളവര്‍ക്കെല്ലാം സബ്‌സിഡി അനുവദിക്കാന്‍ തദ്ദേശ വകുപ്പ് കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്.
അതേസമയം, സബ്‌സിഡി ലഭിക്കാന്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കേണ്ട എന്ന അവസ്ഥ വരുന്നതോടെ മില്‍മ പാല്‍ സൊസൈറ്റികളുടെ നിലനില്‍പ് തന്നെ ഭീഷണിയിലാവുമെന്നാണ് ആശങ്കയ്ക്കു കാരണം. സംസ്ഥാനത്തെ മില്‍മ ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അളവിന് ആനുപാതികമായി 10,000 രൂപ വരെ സബ്‌സിഡി നല്‍കിവരുന്നതായിരുന്നു നിലവിലുള്ള കീഴ്‌വഴക്കം.
ഈ സംഖ്യ 20,000ത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വകാര്യ വിപണിയിലും സ്ഥാപനങ്ങളിലും വീടുകളിലും പാല്‍ വില്‍ക്കുന്നവര്‍ക്കും സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്‍ഷുര്‍ ചെയ്ത പശുക്കളെ ക്ഷീരസംഘം അംഗങ്ങളല്ലാത്ത എല്ലാ കര്‍ഷകര്‍ക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇനി സബ്‌സിഡി ലഭ്യമാവും.
നിലവില്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ അളന്നു കൊടുത്താല്‍ കിട്ടുന്ന തുകയേക്കാള്‍ ഇരട്ടി തുകയ്ക്കാണ് സംഘം അംഗങ്ങളല്ലാത്തവര്‍ പുറം വിപണികളില്‍ പാല്‍ അളന്നു വില്‍ക്കുന്നത്.
ഇതിനു പുറമെ ഇത്തരം കര്‍ഷകര്‍ക്ക് 10,000 രൂപ കാലിത്തീറ്റ സബ്‌സിഡിയും നല്‍കുന്നതോടെ സംഘം അംഗങ്ങള്‍ സൊസൈറ്റികളില്‍ പാല്‍ നല്‍കലിന് ഇടിവ് വരാന്‍ കാരണമാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ 220ലേറെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി പ്രതിദിനം 1,25,000 ലിറ്ററിലേറെ പാലാണ് അളന്നുകൊടുക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക