|    Nov 15 Thu, 2018 3:04 am
FLASH NEWS

പാല്‍-മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക ലക്ഷ്യം: മന്ത്രി

Published : 27th December 2017 | Posted By: kasim kzm

കോട്ടയം: പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാ ല്‍, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണ വകുപ്പിന്റെ 2017-18 വര്‍ഷത്തെ മാതൃകാ പഞ്ചായത്ത് വികസന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട വൈക്കം മറവന്‍തുരുത്ത് ഗ്രാമപ്പഞ്ചായത്തിനെ മാതൃകാ ഗ്രാമമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. മുട്ടയുടെ ഉല്‍പ്പാദനം 20 ശതമാനവും ഇറച്ചിക്കോഴിയുടേത് 40 ശതമാനവുമെന്ന ഇപ്പോഴത്തെ നിലയില്‍ നിന്ന് നമ്മുടെ ആവശ്യങ്ങള്‍ക്കു പര്യാപ്തമാവും വിധമുള്ള ഉല്‍പ്പാദനം ഈ മേഖലകളില്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമയമായ പാലും ഹോര്‍മോണ്‍ കുത്തിവച്ച ഇറച്ചിയും ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ ഓരോരുത്തരും തയ്യാറാവണം. വീടുകളില്‍ പശു, കോഴി വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു സഹായകമായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. അടുത്ത ഒരു വര്‍ഷം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. ഒരു ദിവസം പ്രായമുള്ള ആയിരം കോഴിക്കുഞ്ഞുങ്ങളെ ഒരു കുടുംബശ്രീ യൂനിറ്റിന് നല്‍കി 45 ദിവസം വളര്‍ത്തിയതിനുശേഷം കിലോക്ക് 68 രൂപ നല്‍കി പൗള്‍ട്രി ഡവലപ്‌മെന്റ് ബോര്‍ഡ് തന്നെ തിരിച്ചെടുക്കുന്നതാണ് പദ്ധതി.കേരളത്തിലാകെ ഇത്തരത്തില്‍ 5000 യൂനിറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അതുപോലെ 1000 സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതം നല്‍കുന്ന പദ്ധതിയും മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്നു. ഇത്തരത്തിലുള്ള പദ്ധതികളെല്ലാം തന്നെ ഈ മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്. മാതൃകാഗ്രാമം പദ്ധതി വിഹിതമായി അഞ്ചു ലക്ഷം രൂപയാണ് മറവന്‍തുരുത്ത് ഗ്രാമപ്പഞ്ചായത്തിനു ലഭിക്കുന്നത്. എന്നാല്‍ മാതൃകാഗ്രാമം പദ്ധതി നടപ്പാക്കുമ്പോള്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ 2.05 കോടി രൂപയാണ് ആകെ വിഹിതമാവുന്നത്. മറവന്‍തുരുത്ത് എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെംബര്‍ പി സുഗതന്‍, മറവന്‍തുരുത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി രമ,  ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി പദ്ധതി വിശദീകരണം നടത്തി. മറവന്‍തുരുത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ബി അനില്‍കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss