|    Sep 23 Sun, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പാല്‍കാച്ചി: കലവറ നിറഞ്ഞു; ഇനി ഏഴു നാള്‍ അക്ഷയഖനി

Published : 16th January 2017 | Posted By: fsq

 

കണ്ണൂര്‍:  മിഴികളില്‍ ആനന്ദവും മനസ്സില്‍ ആഘോഷവുമായി ഇന്നുമുതല്‍ ഏഴു നാള്‍ കലകള്‍ വര്‍ണോല്‍സവം തീര്‍ക്കവെ ദിവസം 40,000ഓളം പേര്‍ക്കു രുചിഭേദങ്ങളുടെ അപൂര്‍വ കലവറ തീര്‍ക്കാനുള്ള പാചകശാല ഇന്നലെ തന്നെ ഒരുങ്ങിക്കഴിഞ്ഞു. പ്രധാനവേദിക്കരികിലെ നെഹ്‌റു സ്റ്റേഡിയം കോര്‍ണറില്‍ ഒരുക്കിയ ഊട്ടുപുരയില്‍ രാവിലെ 11 ഓടെ പാചകത്തിനു ചുക്കാന്‍പിടിക്കുന്ന പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ടി വി രാജേഷ് എംഎല്‍എ പാല്‍ കാച്ചി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പായസ വിതരണവും നടത്തി. മേയര്‍ ഇ പി ലത, കൗണ്‍സിലര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സംഘാടകര്‍ എന്നിവരും സംബന്ധിച്ചു. പ്രതീക്ഷകളെല്ലാം കവച്ചുവച്ച്, ഏറെ സന്തോഷകരമായ അനുഭവമാണ് കലവറ നിറയ്ക്കലിന്റെ കാര്യത്തില്‍തന്നെയുണ്ടായത്. ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമായി ഇപ്പോള്‍തന്നെ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിക്കഴിഞ്ഞു. ഇനിയും ചില സബ്ജില്ലകളില്‍ നിന്നു ശേഖരിച്ചവ എത്താനുണ്ടെന്നും എംഎല്‍എ പറഞ്ഞു. 10 ചാക്ക് പഞ്ചസാര, 10 ചാക്ക് വെല്ലം, 75 കിലോ ചായപ്പൊടി, 25,000 തേങ്ങ, ആവശ്യമായ വെളിച്ചെണ്ണ, ചേന, കാബേജ്, മറ്റു പച്ചക്കറികള്‍ എന്നിവയും ഇതിനകം സംഭാവനയായി കലവറയിലെത്തി. ഒരുദിവസമെങ്കിലും കണ്ണൂരിന്റെ സ്‌പെഷ്യല്‍ വിഭവം ഉണ്ടാക്കാനാണ് ആഗ്രഹമെന്നു പഴമന പറഞ്ഞു. ഇന്ന് ഉച്ചയൂണോടെ ഭക്ഷണം വിളമ്പിത്തുടങ്ങും. ഒരു ഒഴികറിയടക്കം എട്ടിനം കറികളുണ്ടാവും. എല്ലാദിവസവും പായസവും. രാവിലെ ചായയും പലഹാരവും വൈകുന്നേരം ചായ, ലഘു കടി. രാത്രി ചോറ് എന്നിങ്ങനെയായിരിക്കും ഓരോ ദിവസത്തെയും ഷെഡ്യൂള്‍. ഉച്ചയൂണിന് 15,000 പേരും രാവിലെ 7000ഓളം പേര്‍ ചായക്കും രാത്രി 12000പേരും ഉണ്ടാവുമെന്നാണു പാചക കമ്മിറ്റിയുടെ കണക്കകൂട്ടല്‍. 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഭക്ഷണ ചെലവിനായി അനുവദിച്ചത്. എന്നാല്‍ കണ്ണൂരിലെ ജനം സ്വന്തം ഉല്‍സവമായി ഏറ്റെടുത്ത് വിഭവങ്ങള്‍ ഒരുക്കിയതോടെ നഷ്ടമില്ലാതെ കൊണ്ടുപോവാനാകുമെന്നും സംഘാടകര്‍ പറഞ്ഞു. 37 ലക്ഷം രൂപ—യാണ് മൊത്തം ചെലവു പ്രതീക്ഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss