|    Oct 22 Sun, 2017 6:35 am

പാലുല്‍പാദനത്തില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം: മന്ത്രി കെ രാജു

Published : 7th August 2017 | Posted By: fsq

 

കൊല്ലം: ഒരു വര്‍ഷത്തിനുള്ളില്‍ പാലുല്‍പാദനത്തില്‍ രാജ്യത്ത് മുന്‍നിരയിലുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാക്കി കേരളത്തെ  മാറ്റുന്നതിനുള്ള കര്‍മപരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കിവരികയാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ നടപ്പിലാക്കുന്ന മില്‍മ സുരഭി2017 കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം അഞ്ചല്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചിലവിന് അനുസരിച്ച് ക്ഷീരകര്‍ഷകര്‍ക്ക് വരവ് ലഭിക്കാത്തതിനാല്‍ കന്നുകാലി വളര്‍ത്തലില്‍ നിന്നും പിന്നോട്ട് പോയ കര്‍ഷകരെ ഇത്തരം പദ്ധതികളിലൂടെ തിരിച്ചെത്തിക്കാന്‍ മില്‍മയ്ക്ക്  നടപ്പിലാക്കന്‍ കഴിയുന്നത് ഏറെ അഭിമാനകരമാണന്നും മന്ത്രി പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിച്ചു. കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ രാജന്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വി വേണുഗോപാലക്കുറുപ്പ്, കെ രാജശേഖരന്‍, എസ് ഗീത, എസ് അയ്യപ്പന്‍ നായര്‍, മാത്യു ചാമത്തില്‍, എസ് ഗിരീഷ് കുമാര്‍, ലിസി മത്തായി, അഡ്വ: സദാശിവന്‍ പിള്ള, വി വി വിശ്വന്‍, കരുമാടി മുരളി, ടി സുശീല, അഞ്ചല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം ബി സരോജദേവി, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി രവീന്ദ്രന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി പ്രശാന്ത്, ഗ്രാമപ്പഞ്ചായത്ത് അംഗം വി നന്ദകുമാര്‍, കൊല്ലം ഡയറി മാനേജര്‍ ജി ഹരിഹരന്‍ സംസാരിച്ചു. നാലുമുതല്‍ ആറുമാസം വരെ പ്രായമുള്ള പശുക്കുട്ടികളെയാണ് ദത്തെടുക്കുന്നത്. ഇവയ്ക്ക് 20 മാസം കാലിത്തീറ്റ പകുതി വിലയ്ക്ക് നല്‍കും. വിരമരുന്നുകളും ധാതുലവണ മിശ്രിതങ്ങളും സൗജന്യമായി നല്‍കും. പശുക്കുട്ടികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തും. ഓരോ വര്‍ഷവും പുതുതായി വരുന്ന 5000 പശുക്കളില്‍നിന്നും പ്രതിദിനം 30000 ലിറ്റര്‍ പാല്‍ മില്‍മയ്ക്ക് അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മില്‍മാ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു.  പ്രതിവര്‍ഷം ആറു കോടി യാണ് ചെലവ്. ഇതില്‍ മൂന്നുകോടി രൂപ മില്‍മ വഹിക്കും. ബാക്കി ഗുണഭോക്തൃവിഹിതമാണ്. മില്‍മയ്ക്ക് പാല്‍ നല്കുന്ന ക്ഷീര സംഘങ്ങള്‍വഴിയാണ് പശുക്കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മില്‍മ കാലിത്തീറ്റയ്ക്ക് ഒരു ചാക്കിന് 200 രൂപ സബ്‌സിഡി, പ്രതിദിനം 20 ലിറ്ററിന് മുകളില്‍ പാല്‍ നല്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റ, കന്നുകാലിത്തൊഴുത്ത് നവീകരണം, കന്നുകാലി ഇന്‍ഷൂറന്‍സ് സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. പാലുല്‍പാദനത്തില്‍ കഴിഞ്ഞവര്‍ഷം തിരുവനന്തപുരം മേഖല 55 ശതമാനം വര്‍ധന കൈവരിച്ചു. കൊല്ലത്തെ മില്‍മ ഡയറി വികസിപ്പിക്കാന്‍ 70 കോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ സ്ഥലം കണ്ടെത്താന്‍ കലക്ടറുടെ സഹായം തേടി കത്തു നല്‍കിയിട്ടുണ്ടെന്നും കല്ലട രമേശ് പറഞ്ഞു.——

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക