|    Sep 25 Mon, 2017 4:39 am
FLASH NEWS
Home   >  Agriculture   >  

പാലില്‍ മായം ചേര്‍ക്കുന്നത് കൊലപാതകത്തിനു തുല്യം

Published : 6th August 2016 | Posted By: Navas Ali kn

milk_cartoon

പണ്ട് ഏതോ നാട്ടിന്‍പുറത്ത് പാല്‍ വെണ്ടര്‍ സൈക്കിളിനു പിറകിലെ വലിയ പാത്രത്തിനടിയിലെ ടാപ്പ് തുറന്ന് പാല്‍ അളന്നൊഴിക്കുന്നതിനിടെ ടാപ്പില്‍കൂടി ചെറിയ പരല്‍മീന്‍ വന്നുവെന്ന കഥയുണ്ട്. പാലുമായി വരുന്ന വഴി തോട്ടിലിറങ്ങി ഒരു കപ്പ് വെള്ളം പാലിലൊഴിച്ചപ്പോഴാണ് പരല്‍മീന്‍ പാല്‍ പാത്രത്തിലെത്തിയതത്രേ. പാലില്‍ വെള്ളം ചേര്‍ക്കുക എന്ന സിംപിള്‍ തട്ടിപ്പിന് നൂറ്റാണ്ടുകളുടെ പഴക്കം തന്നെയുണ്ട്. വെള്ളം ചേര്‍ത്ത പാല്‍ അക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചില്ല. അതു കൊണ്ടു തന്നെ സമൂഹം അത് വലിയ കുറ്റമായും കണ്ടിരുന്നില്ല. പക്ഷേ കാലം മാറിയതോടെ പാലില്‍ വെള്ളത്തിനു പകരം മറ്റു പലതും മായമായി ചേര്‍ത്തു തുടങ്ങി. ഇവയില്‍ പലതും ആരോഗ്യത്തിന് വളരെ ഹാനികരവുമാണ്. വിപണിയിലിറങ്ങുന്ന പല പായ്ക്കറ്റ് പാലിലും സോപ്പു നിര്‍മാണത്തിനുപയോഗിക്കുന്ന കെമിക്കലുകള്‍ മുതല്‍ മറ്റു പലതുമുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് വിഷയത്തില്‍ സുപ്രീം കോടതി തന്നെ ഇടപെട്ടത്. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ തന്നെ ലഭിക്കണമെന്ന അഭിപ്രായമാണ് സുപ്രീംകോടതി പ്രകടിപ്പിച്ചിട്ടുള്ളത്. ഇതിനായി 2006ല്‍ നിലവില്‍വന്ന ഭക്ഷ്യ സുരക്ഷാ നിയമം ഭേതഗതി ചെയ്യുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. പാലും പാലുല്‍പ്പന്നങ്ങളും നവജാത ശിശുക്കള്‍ക്ക് പ്രധാന ഭക്ഷണമായി നല്‍കുന്നതിനാല്‍ പാലില്‍ മാരകമായ രാസ വസ്തുക്കള്‍ കലര്‍ത്തുന്നത് ഗുരുതരമായ കുറ്റമായി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവര്‍ നിരീക്ഷിച്ചു. രാജ്യത്ത് വില്‍ക്കപ്പെടുന്ന പാലില്‍ 68 ശതമാനവും രാസ വസ്തുക്കള്‍ കലര്‍ന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക