|    Jan 22 Sun, 2017 11:41 am
FLASH NEWS

പാലിയേക്കര ടോള്‍ സമാന്തര പാത: നിലപാട് തിരുത്തി ജില്ലാ ഭരണകൂടം ; ബാരിക്കേഡ് പൊളിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് കലക്ടര്‍

Published : 5th October 2016 | Posted By: Abbasali tf

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപമുള്ള പിഡബ്ല്യുഡി റോഡ് കെട്ടിയടച്ച സംഭവത്തില്‍ നിലപാട് മാറ്റി ജില്ലാകലക്്ടര്‍. ബാരിക്കേഡ് പൊളിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ജില്ലാകലക്്ടര്‍ ഡോ.എ കൗശിഗന്റെ നിലപാട്. എന്നാല്‍ ഇതുസംബന്ധിച്ച് കലക്്ടര്‍ ഇറക്കിയ ഉത്തരവില്‍ എന്‍എച്ച് അതോറിറ്റിക്കും പിഡബ്ല്യൂഡി എന്‍ജിനീയര്‍ക്കും നിയമാനുസൃതമായി റോഡിലെ തടസ്സം നീക്കാന്‍ പറയുന്നുണ്ട്. ദേശീയപാത 47 ലേക്ക് തലോര്‍ പാലിയേക്കര റോഡ് പ്രവേശിക്കുന്ന ഭാഗം അടച്ചുകെട്ടി വാഹനഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും എന്‍എച്ച് അതോറിറ്റിയുടെ സ്ഥലത്താണ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കലക്്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. മാത്രമല്ല, ഗതാഗത തടസ്സം നീക്കം ചെയ്യുന്നതിന് നിയമാനുസൃതം നടപടി സ്വീകരിച്ച് വിവരം അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും കലക്ടര്‍ മുന്‍പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഉത്തരവ് നല്‍കിയിട്ടില്ലെന്നാണ് കലക്്ടറുടെ പുതിയ നിലപാട്. പാലിയേക്കര ടോള്‍ പാതയ്ക്ക് സമീപം പഴയദേശീയപാതയിലെ ഇരുമ്പ് റെയില്‍ ബാരിക്കേഡ് പൊളിച്ചുമാറ്റി പഴയദേശീയപാത പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കുന്നതിന് ഉത്തരവുകളൊന്നും പുറപ്പെടുവിപ്പിച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു. പഴയദേശീയപാതയില്‍ സ്ഥാപിച്ച ഇരുമ്പ് റെയില്‍ ബാരിക്കേഡ് അപകടകരമായ അവസ്ഥയിലാണെന്നും തടസ്സം നീക്കണമെന്നുമാവശ്യപ്പെട്ട് ജോയ് കൈതാരത്ത്, ഇ സി സുജിത് എന്നിവര്‍ ജില്ലാ ഭരണകൂടത്തിന്  പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാനും നടപടി സ്വീകരിക്കാനും സപ്തംബര്‍ 20 ന് എന്‍.എച്ച് അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ക്കും പൊതുമരാമത്ത് ദേശീയപാത എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും നിര്‍ദ്ധേശം നല്‍കിയിരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഒക്‌ടോബര്‍ 1 ന് രാത്രി പഴയദേശീയപാതയിലെ ബാരിക്കേഡ് അനധികൃതമായി തകര്‍ത്തുവെന്നും പുനസ്ഥാപിക്കാന്‍ പോലിസ് സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ ജില്ലാഭരണകൂടത്തിനും പോലിസിനും പരാതി നല്‍കിയിട്ടുണ്ട്. തകര്‍ത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും  പരാതിയില്‍ പറയുന്നുണ്ട് ബാരിക്കേഡ് പുനസ്ഥാപിക്കുന്നതിനും പോലിസ് സംരക്ഷണം അവശ്യപ്പെട്ട് എന്‍എച്ച് അതോറിറ്റിപ്രോജക്ട് ഡയറക്ടര്‍ ജില്ലാഭരണകൂടത്തിനും ജില്ലാപോലിസ്  ചീഫിനും കത്തുനല്‍കിയതായും കലക്ടര്‍ അറിയിച്ചു. സംഥാനസര്‍ക്കാരും കമ്പനിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിന്‍ സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനവും, കോടതിയലക്ഷ്യവും പൊതുമുതല്‍ നശിപ്പിച്ചതിന് നിയമനടപടിക്ക ഇടയാക്കുന്നതുമാണെന്ന് കലക്ടര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  പരാതിയുടെ അടിസ്ഥാനത്തില്‍ ബാരിക്കേഡ് സ്ഥാപിക്കുന്നതിനും പോലിസ് ജാഗ്രതപുലര്‍ത്തുന്നതിനും ഇന്നലെതന്നെ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും  കലക്ടര്‍ ഡോ. എ കൗശിഗന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക