|    Nov 21 Wed, 2018 3:26 pm
FLASH NEWS

പാലിയേക്കര ടോള്‍ : കമ്പനി കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി

Published : 18th May 2017 | Posted By: fsq

 

തൃശൂര്‍: ദേശീയപാത അതോറിറ്റിയുടെ കീഴില്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി നടത്തുന്ന പാലിയേക്കര ടോള്‍ പിരിവും അവരുടെ നിയന്ത്രണത്തിലുള്ള മണ്ണൂത്തി – ഇടപ്പള്ളി റോഡിലെ നിലവിലെ സ്ഥിതിയും സംബന്ധിച്ച് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ യോഗം നടന്നു. മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച നിവേദനങ്ങളുടെയും പരാതികളുടേയും ഭാഗമായിട്ടാണ് ചര്‍ച്ച നടന്നത്. കമ്പനി കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥയില്‍ പറയുന്ന 5 വര്‍ഷത്തിലൊരിക്കല്‍ ഉപരിതലം പുതുക്കല്‍, സര്‍വ്വീസ് റോഡുകള്‍, കാനകള്‍, ബസ്‌ബേ, ബസ് ഷെല്‍റ്റര്‍, സ്ട്രീറ്റ് ലൈറ്റ്, സുരക്ഷാ സംവിധാനങ്ങള്‍, പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍, അപകട നിവാരണ സംവിധാനം എന്നിവ നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.പുതുക്കാട് ഫ്‌ളൈ ഓവര്‍, ചാലക്കുടി കോടതി ജങ്ഷനില്‍ മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അണ്ടര്‍പാസ് തുടങ്ങി ബാക്കി അനുബന്ധ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. പാലിയേക്കര ടോള്‍ പ്ലാസയോട് ചേര്‍ന്നുള്ള പഴയ ദേശീയപാതയിലേക്ക് ഉണ്ടായിരുന്ന പ്രവേശന സൗകര്യം തടസ്സപ്പെട്ടത് ഉന്നയിച്ചപ്പോള്‍ അത് 2012 ല്‍ ഉണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ടോള്‍ പ്ലാസയിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി കൈകൊള്ളണമെന്നും നിര്‍ദേശം നല്‍കി. മണ്ണൂത്തി – ഇടപ്പള്ളി റോഡില്‍ യഥാര്‍ത്ഥത്തില്‍ കമ്പനി നിര്‍മ്മാണം നടത്തിയത് മണ്ണൂത്തി – അങ്കമാലി ഭാഗം മാത്രമാണ്. ആയതിനാല്‍ ടോള്‍ നിരക്കില്‍ ആനുപാതികമായ കുറവ് വരുത്താനാകുമോ എന്ന കാര്യം നാഷണല്‍ ഹൈവേ അതോറിറ്റി മേലധികാരികളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ദേശീയപാത അതോറിറ്റിയില്‍ നിലവിലുള്ള ചട്ടങ്ങളുടെയും കരാര്‍ വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും പരമാവധി ജനങ്ങള്‍ക്ക് ഗുണകരമാകുന്ന വിധം ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും മന്ത്രി ജി  സുധാകരന്‍ ആവശ്യപ്പെട്ടു.  യോഗത്തില്‍ മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രഫ. സി രവീന്ദ്രനാഥ്, എംഎല്‍എമാരായ ബി ഡി ദേവസ്സി, അഡ്വ. കെ രാജന്‍, കെ വി അബ്ദുല്‍ ഖാദര്‍, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫിസര്‍, കരാര്‍ കമ്പനി അധികൃതര്‍, പൊതുമരാമത്ത്  അഡീഷനല്‍ സെക്രട്ടറി, ദേശീയപാത ചീഫ് എന്‍ജിനീയര്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss