|    Oct 23 Mon, 2017 4:41 am

പാലാ സബ് രജിസ്ട്രാര്‍ ഓഫിസിന് ശാപമോക്ഷം

Published : 6th August 2017 | Posted By: fsq

 

പാലാ: പഴകി ദ്രവിച്ച് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലാ സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കുവാനുള്ള തടസങ്ങള്‍ നീങ്ങി. പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ നടക്കും. ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക തടസ്സങ്ങ ള്‍ മൂലമാണ് പാലാ സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കഴിയാതിരുന്നത്. മുമ്പ് തുക അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നതാണ്. നിലവിലെ കെട്ടിടത്തിനും ജില്ലാ ട്രഷറിക്കുമിടയില്‍ 10 സെന്റ് സ്ഥലമാണ് നീക്കി വച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കെട്ടിടനിര്‍മാണത്തിനായി കരാറുകാരുമായി ഉടമ്പടി വയ്ക്കുകയും പ്രാഥമിക നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, റവന്യൂ വകുപ്പിന്റെ ഭൂമി രജിസ്‌ട്രേഷന്‍ വകുപ്പിന് കൈമാറാത്തതിനാല്‍ നടപടികള്‍ സ്തംഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പഴയ എസ്റ്റിമേറ്റ് തുകയ്ക്ക് നിര്‍മാണം നടത്താന്‍ സാധ്യമല്ലെന്ന് കാണിച്ച് കരാറുകാരന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ക്ക് കത്ത് നല്‍കി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ റവന്യൂ വകുപ്പ് രജിസ്‌ട്രേഷന്‍ വകുപ്പിന് ഭൂമി കൈമാറുകയായിരുന്നു. എന്നാല്‍, നിര്‍ദിഷ്ടസ്ഥലത്ത് റവന്യൂ വകുപ്പ് കൈവശം സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കുകയും മരങ്ങള്‍ വെട്ടിമാറ്റി നിര്‍മാണത്തിന് ഭൂമി സജ്ജമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വീണ്ടും കത്തുനല്‍കി. എന്നാല്‍, വാഹനം നീക്കം ചെയ്‌തെങ്കിലും മരങ്ങള്‍ വെട്ടിമാറ്റിയില്ലെന്ന കാരണം പറഞ്ഞ് റീടെന്‍ഡര്‍ നടപടികള്‍ വൈകുകയായിരുന്നു. ഒന്നരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. കെട്ടിടത്തിന്റെ മേല്‍ക്കൂര എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മഴക്കാലത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കെട്ടിടത്തിന് മുകളില്‍ പടുത വിരിച്ചാണ് ചോര്‍ച്ച തടയുന്നത്. പാലായിലെ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പുതിയ കെട്ടിടങ്ങളിലേക്ക് മാറിയെങ്കിലും സബ് രജിസ്ട്രാര്‍ ഓഫിസ് മാത്രമാണ് ജീര്‍ണിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി ജി സുധാകരനാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുന്നത്. എംപിമാരായ ജോസ് കെ മാണി, ജോയ് എബ്രാഹം, കെ എം മാണി എംഎല്‍എ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക