|    Sep 26 Tue, 2017 12:58 pm

പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പാതിവഴിയില്‍: പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

Published : 19th October 2016 | Posted By: Abbasali tf

പത്തനാപുരം: പത്തനാപുരം മഞ്ചള്ളൂര്‍ പള്ളിമുക്ക് പാതയിലെ പെരുമാട്ടുണ്ണി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പാതിവഴിയിലായതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഏനാത്ത് മഞ്ചള്ളൂര്‍ മിനി ഹൈവേയുടെ നിര്‍മാണത്തിനിടെയാണ് പാതയിലെ രണ്ട് പാലങ്ങള്‍ പുനര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മാലൂര്‍ കോളജിന് സമീപത്തെ പാലവും അപ്രോച്ച് റോഡും നിര്‍മിച്ചിട്ട് വര്‍ഷങ്ങളാവുന്നു. പെരുമാട്ടുണ്ണി പാലത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.അറുപത്തിരണ്ട് ലക്ഷം രൂപയാണ് പാലം നിര്‍മാണത്തിനായി വകയിരുത്തിയത്. വകുപ്പുകള്‍ തമ്മിലുള്ള ശീതസമരവും അപ്രോച്ച് റോഡ് നിര്‍മാണം നിലയ്ക്കാന്‍ കാരണമായി. റോഡിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിയോടാവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ല. ഇതോടെ റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ബില്ല് മാറാനുള്ള കാലതാമസം കൂടിയായതോടെ കരാറുകാരന്‍ മെറ്റല്‍ പാകിയ റോഡിന്റെ പണി ഉപേക്ഷിച്ച് പോകുകയായിരുന്നു. തലവൂര്‍, പട്ടാഴി ഭാഗത്തുള്ളവര്‍ക്ക് പത്തനാപുരം നഗരത്തിലെത്താതെ പുനലൂര്‍ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗമാണ് ഈ പാത. നഗരത്തില്‍ അപകടങ്ങളോ, ഗതാഗത സ്തംഭനമോ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നതും ഈ വഴിയാണ്. മെറ്റലുകള്‍ ഇളകി റോഡ് തകര്‍ന്നതിനാല്‍ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാണ്. നിര്‍മാണ സാമഗ്രികള്‍ ഇറക്കിയിട്ടിരിക്കുന്നതിനാല്‍ സമീപത്തുള്ള തോട്ടിലെ നീരൊഴുക്കും നിലച്ചിരിക്കുകയാണ്. അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരങ്ങള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക