|    Jan 22 Sun, 2017 11:58 pm
FLASH NEWS

പാലക്കാട് മെഡിക്കല്‍ കോളജ് അഴിമതി: റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 20th September 2016 | Posted By: SMR

പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അനധികൃത നിയമനം സംബന്ധിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി അനില്‍കുമാര്‍ എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ എസ് സുബയ്യയെ പ്രതിചേര്‍ത്താണ്  കേസ് സംബന്ധിച്ച ത്വരിത പരിശോധന റിപോര്‍ട്ട് വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വിജിലന്‍സിന്റെ പാലക്കാട്, തിരുവനന്തപുരം ജില്ലാ വിഭാഗങ്ങളാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്. മെഡിക്കല്‍ കോളജില്‍ നടന്ന നിയമനങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിയമസാധുതയാണ് പാലക്കാട് വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. മുന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ എസ് സുബയ്യ ഉള്‍പ്പെടെയുള്ളവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. സിഐ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് പാലക്കാട്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി അനില്‍കുമാറിനുമെതിരേയും തെളിവില്ലെന്നും അതിനാല്‍ പ്രതി ചേര്‍ക്കാനാവില്ലെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ അന്വേഷണത്തിനിടെ ഇവരുടെ പങ്ക് വ്യക്തമായാല്‍ അപ്പോള്‍ പ്രതിചേര്‍ക്കാമെന്നും റിപോര്‍ട്ടിലുണ്ട്.
ഹരജിക്കാരനായ യുവമോര്‍ച്ച പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റ് പി രാജീവ്, സാക്ഷികളായ ഇ പി നന്ദകുമാര്‍, മണികണ്ഠന്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തി അന്വേഷണ സംഘം രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അനധികൃത നിയമനങ്ങള്‍ പുനപ്പരിശോധിക്കണമെന്നുള്ള വിജിലന്‍സ് ശിപാര്‍ശ നിലനില്‍ക്കെ നിയമനം സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പി രാജീവ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഒരു മാസത്തിനകം ത്വരിത പരിശോധന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ആഗസ്ത് 19ന് കോടതി ഉത്തരവിട്ടിരുന്നു.
പട്ടിജകാതി വകുപ്പിന്റെ കോര്‍പസ് ഫണ്ടില്‍ നിന്നും 800 കോടിയോളം രൂപ ചെലവഴിച്ചാണ് ദേശീയപാതയ്ക്കരികില്‍ പാലക്കാട് യാക്കരയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും പട്ടികജാതി ക്ഷേമമന്ത്രി വൈസ് ചെയര്‍മാനുമായ ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം. അധ്യാപക-അനധ്യാപക തസ്തികകളില്‍ ഇതുവരെ ഇരുനൂറോളം നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പിഎസ്‌സി മുഖേന ഒരാളെപോലും നിയമിച്ചിട്ടില്ലെന്നും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പോലുമില്ലാതെ നടന്ന നിയമനങ്ങള്‍ക്ക് ഉന്നതര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയതായും ആരോപണമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക