|    Sep 20 Wed, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാലക്കാട് മെഡിക്കല്‍ കോളജ് നിയമന ക്രമക്കേട്: ഉമ്മന്‍ചാണ്ടിക്കും അനില്‍കുമാറിനുമെതിരേ ത്വരിതപരിശോധന

Published : 2nd August 2016 | Posted By: SMR

തൃശൂര്‍: പാലക്കാട് മെഡിക്കല്‍ കോളജിലേക്കു നടന്ന നിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എ പി അനില്‍കുമാറിനുമെതിരേ ത്വരിതപരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടു. പരാതി സംബന്ധിച്ച് സപ്തംബര്‍ 19നു മുമ്പ് അന്വേഷണം നടത്തി പ്രാഥമിക റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന്റെ തിരുവനന്തപുരം സെല്ലിന് തൃശൂര്‍ കോടതി നിര്‍ദേശം നല്‍കി.
പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വ്യാപക ക്രമക്കേട് നടന്നതായും ചൂണ്ടിക്കാട്ടി കേരളശ്ശേരി സ്വദേശി പി രാജീവ് നല്‍കിയ ഹരജിയിലാണു നടപടി. മുഖ്യമന്ത്രിയെയും എ പി അനില്‍കുമാറിനെയും കൂടാതെ പട്ടികജാതി വികസനവകുപ്പ് മുന്‍ സെക്രട്ടറി ഇന്ദ്രജിത് സിങ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. എസ് സുബയ്യ, പിന്നാക്കവിഭാഗ വികസനവകുപ്പ് ഡയറക്ടര്‍ വി ആര്‍ ജോഷി, ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹീം എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തണം.
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നൂറിലധികം ജീവനക്കാരുടെ നിയമനം വഴിവിട്ട് നടന്നെന്നാണ്   ആരോപണം. കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശയുമായി എത്തിയവര്‍ക്കു മാത്രമേ നിയമനം ലഭിച്ചുള്ളൂ. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാനകാലത്തായിരുന്നു നിയമനങ്ങളേറെയും. ഇതില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയിരുന്നു. മെഡിക്കല്‍ കോളജിന്റെ നടത്തിപ്പുകാരായ സൊസൈറ്റി ഫോര്‍ ദി ഇന്‍സ്റ്റിറ്റിയൂട്ട് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. പിഎസ്‌സിയെ ഒഴിവാക്കി നിയമനം സ്‌പെഷ്യല്‍ ഓഫിസര്‍ വഴി നടത്തി. പട്ടികജാതി-വര്‍ഗ റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷനല്‍ സൊസൈറ്റിയുടെ കീഴിലായിരുന്ന കോളജ് അഴിമതിയാരോപണം മറികടക്കാനാണ് പുതിയ സൊസൈറ്റിക്ക് കീഴിലാക്കിയതെന്നും പരാതിയിലുണ്ട്.
വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയും നിയമനങ്ങളില്‍ അപാകത കണ്ടെത്തിയിരുന്നെങ്കിലും എതിര്‍കക്ഷികളില്‍ ഒരാളായ സ്‌പെഷ്യല്‍ ഓഫിസര്‍ ഉള്‍പ്പെട്ട കമ്മിറ്റി നിയമനങ്ങളില്‍ ക്രമക്കേടില്ലെന്ന റിപോര്‍ട്ട് കോടതിയില്‍ നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക