പാലക്കാട് നിലനിര്‍ത്താന്‍ വലതും തിരിച്ചുപിടിക്കാന്‍ ഇടതും
Published : 3rd April 2016 | Posted By: SMR
കെ സനൂപ്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഇത്തവണ മല്‍സരം തീപാറും. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പിലിനെ തന്നെ രംഗത്തിറക്കിയപ്പോള്‍ കൈവിട്ടുപോയ തങ്ങളുടെ പരമ്പരാഗത കോട്ട തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫ് സിപിഎമ്മിലെ മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിനെയാണ് മല്‍സരിപ്പിക്കുന്നത്. ബിജെപിക്കായി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന് മല്‍സരരംഗത്തുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ തന്റെ രണ്ടാമംഗത്തിനിറങ്ങിയിരിക്കുന്നത്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജ്, ഐഎഎസ് അക്കാദമി, റെയില്‍വേ മേല്‍പ്പാലം തുടങ്ങി യുഡിഎഫ് സര്‍ക്കാര്‍ പാലക്കാട് മണ്ഡലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിലൂന്നിയാണ് ഷാഫിയുടെ പ്രചാരണം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും വര്‍ഗീയ പ്രീണന നയങ്ങള്‍ക്കുമെതിരേയാണ് എന്‍ എന്‍ കൃഷ്ണദാസ് പ്രചാരണം നടത്തുന്നത്.
പരമ്പരാഗതമായി സിപിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്ന മണ്ഡലം 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫിയിലൂടെയാണ് കോണ്‍ഗ്രസ് കൈവശപ്പെടുത്തിയത്. സിഐടിയു നേതാവായ കെ കെ ദിവാകരനെ 7403 വോട്ടുകള്‍ക്കാണ് ഷാഫി പരാജയപ്പെടുത്തിയത്.
പാലക്കാട് നഗരസഭാ പ്രദേശങ്ങളും കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളുമുള്പ്പെടുന്നതാണ് പാലക്കാട് മണ്ഡലം. പാലക്കാട് നഗരസഭാ ഭരണം കൈമുതലാക്കി മണ്ഡലം കൈയിലാക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും ബിജെപിക്കുള്ളിലെ വിഭാഗീയത ശോഭ സുരേന്ദ്രന് തിരിച്ചടിയാവുമെന്നാണ് സൂചന. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിലും മണ്ഡലം കണ്‍വന്‍ഷനിലും പ്രകടമായ വിഭാഗീയത വരുംദിവസങ്ങളിലും ശക്തമാവാനാണ് സാധ്യത.
മുന്‍ എംപിയെന്ന നിലയില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ പ്രവര്‍ത്തനങ്ങളും വികസന നേട്ടങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളിലൂടെയും ഇത്തവണ പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എല്‍ഡിഎഫ്. അതേസമയം, കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് പാലക്കാട് സിറ്റിങ് എംപി എം ബി രാജേഷുമായുണ്ടായ തര്‍ക്കങ്ങളും അടുത്തിടെ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുത്തതും എന്‍ എന്‍ കൃഷ്ണദാസിനെതിരേ യുഡിഎഫും ബിജെപിയും പ്രചാരണായുധമാക്കാനാണ് സാധ്യത.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.