|    Mar 24 Sat, 2018 6:05 am
FLASH NEWS

പാലക്കാട് നഗരസഭ ഒന്നാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ച് സിപിഎം

Published : 19th November 2016 | Posted By: SMR

പാലക്കാട്: ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയുടെ ഒന്നാം വാര്‍ഷികദിനം വഞ്ചനാദിനമായി ആചരിക്കുന്ന കാര്യം പ്രഖ്യാപിച്ച് ഇടതുപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോ ള്‍ ഒരു വര്‍ഷം വികസനമുരടിപ്പും പ്രഖ്യാപന മാമാങ്കങ്ങളുമാണ് ഉണ്ടായതെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങളും ആരോപിച്ചു. യുഡിഎഫിന് അഞ്ചുവര്‍ഷംകൊണ്ട് ചെയ്യാനാവാത്തത് ഒരു വര്‍ഷം കൊണ്ട് ബിജെപിക്ക് ചെയ്യാനാവില്ലെന്നും ഒരു വര്‍ഷം കൂടി സമയം തരൂവെന്നുമായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ വാദം. വഞ്ചനാദിനാചരണ ഭാഗമായി ഇടത് അംഗങ്ങള്‍ പ്ലക്കാര്‍ഡും ബാനറുകളുമായി മുദ്രാവാക്യം വിളികളോടെ വാക്കൗട്ട് നടത്തിയപ്പോള്‍ യോഗത്തില്‍ ബിജെപിയുടെ വികസന മുരടിപ്പ് തുറന്നുകാട്ടാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇതിനിടെ മുദ്രാബാങ്കില്‍ നിന്ന് വായ്പകള്‍ അനുവദിക്കുന്നതില്‍ ബിജെപി രാഷ്ട്രീയം കാണിക്കുന്നെന്നും മോദിയുടെ പണമല്ലാ സര്‍ക്കാര്‍ പണമാണ് വായ്പയായി നല്‍കുന്നതെന്നും കോണ്‍ഗ്രസ് അംഗം ഭവദാസ് പറഞ്ഞത് യോഗം പ്രക്ഷുബ്ധമാക്കി. പ്രധാനമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് മുതിര്‍ന്ന ബിജെപി കൗണ്‍സിലര്‍ ശിവരാജന്‍ ബഹളം വയ്ക്കുകയും യുഡിഎഫ് അംഗങ്ങളോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞതും പ്രശ്‌നം രൂക്ഷമാക്കി. യോഗത്തില്‍ നിന്നിറങ്ങിപ്പോവാന്‍ പറയാന്‍ ശിവരാജന് അധികാരമില്ലെന്നും ഓട് പൊളിച്ചുവന്നവരല്ലാ തങ്ങളെന്നും കൗണ്‍സിലര്‍മാരെ നിരന്തരം അവഹേളിക്കുന്ന ശിവരാജന്‍ പരസ്യമായി മാപ്പുപറയണമെന്നു ം യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞതോടെ യോഗം നിര്‍ത്തിവച്ചു. തുടര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ശിവരാജന്‍ തെറ്റേറ്റുപറഞ്ഞതോടെയാണ് യോഗം തുടര്‍ന്നത്. മംഗളം ടവറിനു മുമ്പില്‍ പൊതുവഴിയെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഇന്ന് ബോര്‍ഡ് സ്ഥാപിക്കാത്തപക്ഷം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. വെല്‍കെയര്‍ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും അറിയിച്ചു. അമൃത് പദ്ധതിയുടെ മൂന്നാംഘട്ട കരടിനും യോഗം അംഗീകാരം നല്‍കി. പിഎംആര്‍വൈ, പിഎംഎവൈ ഭവന പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കാനുള്ള താമസം പരിഹരിക്കുന്നതിനായി ഓഡിറ്റ് വിഭാഗവുമായി സംസാരിച്ച് പരിഹരിക്കുമെന്നും പറഞ്ഞു. ടൗണ്‍ഹാള്‍ അനക്‌സ് പുനര്‍നിര്‍മാണം, ബസ് സ്റ്റാന്റുകളുടെ നിര്‍മാണം സംബന്ധിച്ച അജണ്ട യോഗം അംഗീകരിച്ചു. നഗരസഭാപരിധിയിലെ തിയ്യേറ്ററുകളുടെ ടിക്കറ്റ് നിരക്ക് ബാല്‍ക്കണിക്ക് 100 ഉം, സെക്കന്റ് ക്ലാസിന് 80 ഉം മായി വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. കറന്‍സി നിരോധനം മൂലം സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിനെതിരേ യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. അതേസമയം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവരെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. കറന്‍സി നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ടിനെതിരേയും സഹകരണബാങ്കുകള്‍ക്കെതിരായ ദ്രോഹ നടപടികള്‍ക്കെതിരേയുമുള്ള പ്രമേയം ബിജെപി എതിര്‍പ്പിനെതുടര്‍ന്ന് പാസായില്ല. ഇപിഎഫ് ക്ഷേമപെന്‍ഷന്‍കാ ര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ നിഷേധിക്കാനുള്ള സംസ്ഥാന സ ര്‍ക്കാര്‍ ഉത്തരവിനെതിരേ ബിജെപി അംഗം സ്മിതേഷ് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. നഗരസഭാ പരിധിയില്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നുള്ള സിപിഎം അംഗം കനകദാസ് അവതരിപ്പിച്ച പ്രമേയവും നഗരസഭയില്‍ നികുതി, ഇലക്ട്രിസിറ്റി ബില്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് സോഫ്റ്റ് വെയര്‍ ഉണ്ടാക്കാനനുവദിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടാവശ്യപ്പെട്ടുള്ള എസ് അച്യുതാനന്ദന്റെ പ്രമേയത്തിനും നഗരസഭാ വളപ്പില്‍ കുടുംബശ്രീ ആഭിമുഖ്യത്തില്‍ ഫോട്ടോസ്റ്റാറ്റ്, പ്രിന്റ്, മുദ്രപേപ്പര്‍, സ്റ്റാമ്പ് സ്റ്റാള്‍ ആരംഭിക്കാനനുവദിക്കണമെന്ന ബിജെപി അംഗം സ്മിതേഷിന്റെ പ്രമേയവും യോഗം അംഗീകരിച്ചു. മേലാമുറി ടിബി റോഡില്‍ ജോയ് ആലുക്കാസ് മതില്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നും വെല്‍കെയര്‍ ആശുപത്രിയുടെ കൈയേറ്റം ഒഴിപ്പിക്കണമെന്നും ബിജെപി അംഗം എന്‍ ശിവരാജന്‍ ആവശ്യപ്പെട്ടു. മേലാമുറി-ടിബി റോഡ് പ്രാവര്‍ത്തികമാക്കണമെന്നും ആവശ്യപ്പെട്ടു. മംഗളം ടവറിലൂടെയുള്ള റോഡ് നഗരസഭയുടേതാണെന്നും ആവശ്യമായ രേഖകകള്‍ വിവരാവകാശപ്രകാരം നേടിയെടുക്കുമെന്നും വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പറഞ്ഞു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ അധ്യക്ഷത വഹിച്ചു. കുമാരി, സുജാത, സെയ്തലവി, കെ മണി, കനകദാസ്, രഞ്ജിത്ത്, സുഭാഷ് യാക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss