|    Jan 19 Thu, 2017 8:29 pm
FLASH NEWS

പാലക്കാട് നഗരസഭായോഗത്തില്‍ കുത്തിയിരിപ്പും ഇറങ്ങിപ്പോക്കും

Published : 5th August 2016 | Posted By: SMR

പാലക്കാട്: നഗരസഭാ പരിധിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതിനെച്ചൊല്ലിയും തെരുവുവിളക്കുകള്‍ കത്തിക്കാത്തതിനെച്ചൊല്ലിയും ചെയര്‍പേഴ്‌സണ്‍ നഗരസഭാ പരിപാടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ആരോപിച്ചും എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ പാലക്കാട് നഗരസഭായോഗത്തില്‍ പ്രതിഷേധിച്ചു. എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയും യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സണന്റെ ഡയസിനു മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്.
മുക്കാല്‍മണിക്കൂറോളം തടസ്സപ്പെട്ട യോഗം പിന്നീട് ആരംഭിച്ചത് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമീപ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടേയും കലക്ടര്‍, എംഎല്‍എ, എംപി, നഗരസഭാ അധികൃതര്‍ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കാമെന്നും പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരലക്ഷം രൂപ അടിയന്തിരമായി നീക്കിവെക്കാമെന്ന നഗരസഭാ ചെയര്‍പേഴ്‌സന്റെ പ്രഖ്യാപനത്തോടെയാണ്. തെരുവുനായയുടെ വന്ധീകരണത്തിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയ്ക്ക് 50, 000 രൂപയുടെ മരുന്നുകള്‍ നല്‍കുമെന്നും 9.15 ലക്ഷം രൂപ ലഭ്യമാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ അഴുക്കുചാല്‍ സ്വകാര്യവ്യക്തികള്‍ മൂടിയതുമൂലം വെള്ളക്കെട്ടിനാല്‍ ദുരിതമനുഭവിക്കുന്ന എട്ട് കുടുംബങ്ങളുടെ നിരന്തര അപേക്ഷ മാനിച്ച് പ്രദേശത്തെത്തി അഴുക്കുചാല്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ശരിപ്പെടുത്തുകയാണ് ചെയ്തതെന്നും ഡ്രൈനേജിന്റെ ഉദ്ഘാടനമല്ലാ നടന്നതെന്നും പ്രദേശവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയാണുണ്ടായതെന്നും ചെയര്‍പേഴ്‌സണ്‍ യുഡിഎഫ് അംഗങ്ങളുടെ ആരോപണത്തിന് മറുപടി നല്‍കി.
പ്രദേശവാസികളല്ലാ പരിപാടി ചിലര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ചെയ്തതെന്ന് യുഡിഎഫും എല്‍ഡിഎഫും ആരോപിച്ചു. നഗരസഭാ പരിധിയില്‍ 41 സ്ഥലങ്ങളിലായി 30 മീറ്ററോളം ദൂരത്തില്‍ 300 മാന്‍ഹോളുകള്‍ സ്ഥാപിക്കാനായി റോഡ് മുറിക്കാന്‍ റിലയന്‍സിന് മുന്‍കൂര്‍ അനുമതി നല്‍കിയ കഴിഞ്ഞ ഭരണസമിതി ചെയര്‍മാന്‍ ഏകപക്ഷീയമായെടുത്ത തീരുമാനം കൗണ്‍സില്‍ യോഗ അജണ്ടയായി എങ്ങനെ വന്നുവന്ന് പരിശോധിക്കാനും അജണ്ട മാറ്റി വെക്കാനും യോഗം തീരുമാനിച്ചു.
ഇക്കാര്യത്തില്‍ അഴിമതി നടന്നതിനാല്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന അംഗങ്ങളുടെ ഓര്‍മപ്പെടുത്തലിനേത്തുടര്‍ന്നാണ് അജണ്ട മാറ്റിയത്. സ്റ്റേഡിയം സ്റ്റാന്റ് പ്രദേശത്തെ നഗരസഭയുടെ 13 കടമുറികള്‍ ഒരു വ്യക്തി തന്നെ വിവിധ പേരുകളില്‍ കൈവശം വെയ്ക്കുന്നതും കടമുറികളുടെ മുന്‍ഭാഗം വ്യാപകമായി കൈയേറിയതിനേക്കുറിച്ചും അന്വേഷിക്കണമെന്നും കടമുറികള്‍ റീ ടെന്‍ഡര്‍ ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന് കടമുറികള്‍ റീ ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനമായി. ജിബി റോഡില്‍ നിന്ന് മേലാമുറിയിലേക്ക് പോകുന്നയിടത്തെ റോഡരികിലെ അനധികൃത മതില്‍ നിര്‍മാണത്തിനെതിരെ ഉടമയ്ക്ക് ലഭിച്ച മൂന്നുമാസത്തെ സ്‌റ്റേ കാലാവധി കഴിഞ്ഞതിനാല്‍ മതില്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും നഗരസഭാ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നവരേയും കുടുംബാംഗങ്ങളേയും അടുത്ത നഗരസഭാ ടെണ്ടര്‍ നടപടികളില്‍ പങ്കെടുപ്പിക്കരുതെന്ന പ്രമേയവും യോഗം അംഗീകരിച്ചു. തെരുവുനായ വിഷയത്തിലെ അലംഭാവത്തിനെതിരെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് കൗണ്‍സിലര്‍ സുഭാഷ് യാക്കരയെ മര്‍ദ്ദിച്ച പോലിസുകാരനെതിരെ നടപടി വേണമെന്ന മോഹന്‍ബാബുവിന്റെ പ്രമേയം ബിജെപിയും എല്‍ഡിഎഫും എതിര്‍ത്തു. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ അധ്യക്ഷത വഹിച്ചു. ചെമ്പകം, കുമാരി, കെ മണി, വി നടേശന്‍, എന്‍ ശിവരാജന്‍, സി കൃഷ്ണകുമാര്‍, കെ സാബു, സെയ്തലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക