|    Apr 20 Fri, 2018 6:51 am
FLASH NEWS

പാലക്കാട് നഗരനിരത്തുകളില്‍ നാല്‍ക്കാലി ഭരണം; നടപടിയെടുക്കാനാവാതെ ഭരണകൂടം

Published : 1st July 2016 | Posted By: SMR

പാലക്കാട്: നഗരത്തിലെ നിരത്തുകള്‍ നാല്‍ക്കാലികള്‍കൈ യടക്കുമ്പോഴും നടപടിയെടുക്കാനാവാതെ ഭരണകുടം. നഗര റോഡുകള്‍ക്കുപുറമെ ദേശീയ – സംസ്ഥാന പാതകളിലും രാപകല്‍ ഭേതമന്യേ കന്നുകാലികള്‍ സൈ്വരവിഹാരം നടത്തുന്നത് വാഹനതടസ്സത്തിനുപുറമെ അപകടങ്ങള്‍ക്കും കാരണമാവുകയാണ്. ഒറ്റയ്ക്കും കൂട്ടത്തോടെയും വരുന്ന കന്നുകാലികള്‍ ഒരുവശത്ത് നഗരം വാഴുമ്പോള്‍ മറുവശത്ത് നായ്ക്കളുടെ ശല്യവും ഏറുകയാണ്. നഗരത്തിലും മറ്റും അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനായി കൊപ്പത്ത് ആലയൊരുക്കിയിരുന്നെങ്കിലും ഇതു പ്രവര്‍ത്തനക്ഷമമായില്ല.
ഇപ്പോള്‍ അധികാരമേറ്റ ഭരണസമിതി ഭരണത്തിന്റെ തുടക്കത്തില്‍ കന്നുകാലി ശല്യത്തിനെതിരെ പരിഹാരമാര്‍ഗങ്ങളും തന്ത്രങ്ങളുമൊക്കെ മെനഞ്ഞെങ്കിലും ഒന്നും ഫലവത്തായില്ല. ഉടമസ്ഥനുള്ള അലക്ഷ്യമായി അലയുന്ന കന്നുകാലികളെ നഗരസഭ ഇടക്കാലത്ത് പിടിച്ചുകെട്ടി പിഴ ഈടാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് എല്ലാം പഴയപടിയായി. ചില കന്നുകാലികള്‍ക്ക് ഉടമസ്ഥര്‍ വന്നെങ്കിലും പലതിനും ഉടമസ്ഥര്‍ വരാത്തതിനാല്‍ ഇവയെ സംരക്ഷിക്കേണ്ട ബാധ്യതതയും ഭരണകുടം ഏറ്റെടുക്കേണ്ടിവന്നതാണ് വിനയായത്.
കഴിഞ്ഞവര്‍ഷം കോട്ടമൈതാനത്തിനു സമീപം വാഹനഗതാഗത തടസ്സം സൃഷ്ടിച്ച കന്നുകാലികളെ ട്രാഫിക് പോലിസ് പിടിച്ചു കെട്ടിയിരുന്നു. സൗത്ത് പോലിസ് സ്‌റ്റേഷനില്‍ കെട്ടിയ കന്നുകാലികളെ ഉടമസ്ഥര്‍ വരാത്തതിനാല്‍ ഇവരുടെ സംരക്ഷണവും പോലിസിനെ കുഴപ്പത്തിലാക്കിയിരുന്നു. പലപ്പോഴും തിരക്കേറിയ റോഡുകളില്‍ കൂട്ടത്തോടെ നില്‍ക്കുന്ന കന്നുകാലിക്കൂട്ടം വണ്ടികളുടെ ഹോണടി കേട്ടാലും അനങ്ങാതെ നിലകൊള്ളും. ആറ് മാസം മുമ്പ് നഗരസഭയുടെ കന്നുകാലിപിടിച്ചുകെട്ടല്‍ തുടക്കം കുറിച്ചപ്പോള്‍ വടക്കന്തറയിലെ ചിലര്‍ ഇതിനുപിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് എല്ലാം കാലഹരണപ്പെട്ടു. കന്നുകലിപിടിത്തത്തിനു ഒടുക്കം വാട്ട്‌സ് അപ്പ് ഗ്രൂപ്പുവരെ രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഫലവത്തായില്ല. നഗരപരിധിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനുള്ള നിയമഭേദഗതിക്ക് ജനുവരി 18ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു. നഗരത്തിലും മറ്റും ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളെ പിടിച്ചുകെട്ടിയാല്‍ ഇവയ്ക്ക് പ്രത്യേകം നിരക്കും നഗരസഭ തയ്യാറാക്കിയിരുന്നു.
പശു, എരുമ, പോത്ത് എന്നിവയ്ക്ക് 5000രൂപയും കാളകള്‍ക്ക് 2000രൂപയും ആന, ഒട്ടകം, കുതിര എന്നിവയ്ക്ക് 10000രൂപയും പെണ്‍കുതിരയ്ക്ക് 5000, മുട്ടനാട്, പെണ്ണാട്, ചെമ്മരിയാട് എന്നിവയ്ക്ക് 2000 രൂപയും ആട്ടിന്‍കുട്ടിക്ക് 1000രൂപയുമെന്നായിരുന്നു നഗരസഭ തയ്യാറാക്കിയ പട്ടിക. എന്നാല്‍ ഭരണകുടം ഇത്തരത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കലും നഗരനിരത്തുകളില്‍ കൂടുതലായും മാര്‍ഗതടസ്സമുണ്ടാക്കുന്നത് പശു, കാള എന്നിവകളാണ്.
മേലാമുറി, മാര്‍ക്കറ്റ് റോഡ്, മേഴ്‌സി ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി, കോര്‍ട്ട് റോഡ്, സ്‌റ്റേഡിയം സ്റ്റാന്റ് എന്നീ നഗരറോഡുകള്‍ക്കുപുറമെ പാലക്കാട്, കുളപ്പുള്ളി സംസ്ഥാനപാതയിലും കോഴിക്കോട് ദേശീയപാതയിലും ഒലവക്കോട് – കല്‍മണ്ഡപം ബൈപാസ് റോഡിലും രാപകലന്യേ നാല്‍ക്കാലികളുടെ സൈ്വരവിഹാരമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss