|    Mar 23 Fri, 2018 12:18 pm
FLASH NEWS

പാലക്കാട് ഡിവിഷനില്‍ ട്രെയിനുകള്‍ക്കുനേരേ ആക്രമണം വര്‍ധിച്ചതായി റിപോര്‍ട്ട്

Published : 27th October 2016 | Posted By: SMR

കണ്ണൂര്‍: പാലക്കാട് ഡിവിഷനില്‍ ട്രെയിനുകള്‍ക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം വര്‍ധിച്ചതായി റിപോര്‍ട്ട്. ട്രെയിനുനേരെ കല്ലെറിയുന്ന സംഭവങ്ങളാണ് ഏറെയും. മംഗളൂരു-കാസര്‍കോട്, വടകര-ഷൊര്‍ണൂര്‍ റൂട്ടുകളില്‍ ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഡിവിഷനു കീഴില്‍ ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ 15 കേസുകള്‍ റെയില്‍വേ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷൊര്‍ണൂര്‍-വടകര (8), മംഗളൂരു-കാസര്‍കോട് (4), പാലക്കാട്-പോത്തന്നൂര്‍ (2), പാലക്കാട്-പൊള്ളാച്ചി (1) എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കണക്ക്. കല്ലേറില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ടതാണ് മിക്ക കേസുകളും. ഇതിനു പുറമെ ചില്ലുകള്‍ക്കും എന്‍ജിനുകള്‍ക്കും കോച്ചുകള്‍ക്കും കേടുപാടുകള്‍ പറ്റി. ചില സംഭവങ്ങളില്‍ ലോക്കോ പൈലറ്റും ഗാര്‍ഡുമാരും തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. മംഗളൂരു സെന്‍ട്രല്‍ യാര്‍ഡില്‍ കോച്ചിങ് സ്റ്റാഫിന് കല്ലേറില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അപ്പോള്‍ തന്നെ ആര്‍പിഎഫ് പിടികൂടിയിരുന്നു. പാളത്തില്‍ അട്ടിമറിശ്രമവും വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. പലതരത്തിലുള്ള അമ്പതോളം ട്രെയിന്‍ അട്ടിമറി ശ്രമങ്ങളാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ സപ്തംബര്‍ 22നു അര്‍ധരാത്രി വടകര ചോറോട് റെയില്‍വേ മേല്‍പാലത്തിനടുത്ത് സ്‌കൂട്ടര്‍ ട്രാക്കി ല്‍വച്ച് ട്രെയിന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. ജൂലൈ 22ന് വൈകീട്ട് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരിലെ പന്നിക്കുന്നില്‍ റെയില്‍വേ ട്രാക്കില്‍ പാളങ്ങള്‍ ഉറപ്പിക്കുന്ന ഇലാസ്റ്റിക് ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തുകയുണ്ടായി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടര്‍നടപടികള്‍ക്കായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും പോലിസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ട്രെയിന്‍ ഗതാഗതത്തെയും സുരക്ഷയെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന പരിപാടികള്‍ക്കാണ് ഇവര്‍ ഊന്നല്‍ നല്‍കിയത്. ഇതുപ്രകാരം റെയില്‍വേ ട്രാക്കിനടുത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളുകളിലും കോളജുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കൂടാതെ രാത്രികാലങ്ങളില്‍ വാഹന പട്രോളിങ് നടത്തി നിരീക്ഷണം ശക്തമാക്കി. ട്രെയില്‍വേ ആക്റ്റിലെ 153, 154 വകുപ്പുകള്‍ പ്രകാരം ട്രെയിനിനു കല്ലെറിയല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ട്രെയിന്‍ അട്ടിമറിശ്രമം നടത്തുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തുന്നത്. അതേസമയം, തങ്ങള്‍ക്ക് ധാരാളം പരിമിതികളുണ്ടെന്നും പരിശോധനകള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ശക്തമാക്കുകയാണ് വേണ്ടതെന്നുമാണ് പോലിസിന്റെ വാദം. സുരക്ഷ ഉറപ്പാക്കാന്‍ ട്രാക്ക് ട്രോളിങ് പരിശോധന നടത്തണം. എട്ടു കിലോമീറ്റര്‍ പാളം ഒരു സെക്ടറാക്കി കീമാന്‍മാര്‍ പരിശോധന നടത്തണം. ട്രാക്കിന് സമാന്തരമായുള്ള റോഡുകളില്‍ ബൈക്ക് പട്രോളിങ് വേണമെന്നും പോലിസ് പറയുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ട്രോള്‍ഫ്രീ നമ്പര്‍ 182ല്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss