|    Mar 24 Fri, 2017 3:59 pm
FLASH NEWS

പാലക്കാട് ജില്ലയില്‍ 12354 ശുചിമുറികള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍

Published : 24th September 2016 | Posted By: SMR

പാലക്കാട്: പാലക്കാടിനെ ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ (തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന നിര്‍മാര്‍ജ്ജനം) ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ 29 പഞ്ചായത്തുകളിലെ ഭവനങ്ങളില്‍ 12354 ശുചിമുറികള്‍ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. 10404 ശുചിമുറികളുടെ നിര്‍മാണം പുരോഗമിച്ച് വരുന്നു.
ജില്ലയിലെ മൊത്തം 88 ഗ്രാമ പ്പഞ്ചായത്തുകളില്‍ 29 ഗ്രാമപ്പഞ്ചായത്തുകള്‍ ഒഡിഎഫ് ആയി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞു. ബ്ലോക്ക് തലത്തില്‍ നോക്കിയാല്‍ ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട തൃത്താല ബ്ലോക്ക് ഒഡി എഫ് ആയി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനകം ശ്രീകൃഷ്ണപുരം ബ്ലോക്കും ഒഡിഎഫ് ആയി പ്രഖ്യാപിക്കും. അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 1724 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ 40 ഉം ഷോളയൂരില്‍ 1491 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ 49 ഉം പുതൂരില്‍ 1410 എണ്ണത്തില്‍ 23 എണ്ണവും പൂര്‍ത്തിയായി. ഒക്‌ടോബര്‍ രണ്ടിന് ജില്ലയെ ഒഡിഎഫ് ആയി പ്രഖ്യാപിക്കാനുള്ള  ഊര്‍ജിത ശ്രമം ജില്ലാ ഭരണകൂടത്തിന്റെയും ജില്ല ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നടന്നു വരുകയാണ്.
അട്ടപ്പാടി മേഖലയില്‍ നിര്‍മാണ സാമഗ്രികളുടെ അഭാവത്തെ തുടര്‍ന്നുള്ള നിര്‍മാണം തടസ്സപ്പെടുന്നത് മറി കടക്കാന്‍ മുളയും മണ്ണും ഉപയോഗിച്ചുകൊണ്ടുള്ള ശുചിമുറി നിര്‍മാണവും നടക്കുന്നുണ്ട്. ശുചിമുറി സമുച്ചയങ്ങളാണ് ഇത്തരത്തില്‍ പണിത് വരുന്നത്. ആദിവാസിമേഖലകളായ പറമ്പിക്കുളം, നെല്ലിയാമ്പതി, പുതുശ്ശേരി, അഗളി, ഷോളയൂര്‍, പൂരൂര്‍, വടകരപതി, എരുത്തേമ്പതി മേഖലകളില്‍ ശുചിമുറി നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് 10000 രൂപ അധിക തുകയായി അനുവദിച്ചിട്ടുണ്ട്.
നിലവില്‍ 15,400 രൂപയാണ് ഒരു ശുചിമുറിക്കായി അനുവദിക്കപ്പെട്ട തുക. അതത് ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ശുചിമുറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണ ചുമതലയുണ്ട്. ബ്ലോക്ക് തലത്തില്‍ ജില്ലാതല ഉദ്യോഗസ്ഥനും ബിഡിഒ മാര്‍ക്കും മേല്‍നോട്ട ചുമതലയുണ്ട്.
ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥരായി ചുമതലയുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ ജില്ലാതല ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും.
ആലത്തൂര്‍: സമ്പൂര്‍ണ ശൗചാലയ സംസ്ഥാനം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ നിയോജക മണ്ഡലം അവലോകന യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ ഡി പ്രസേനന്‍ എം എല്‍ എ അധ്യക്ഷനായി.
ബിഡിഒ മോഹന്‍ദാസ് കാര്യങ്ങള്‍ വിശദീകരിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് പി വി രാമകൃഷ്ണന്‍ സംസാരിച്ചു. ശൗചാലയം ഇല്ലാത്ത 1589 വീടുകളില്‍ 1286 വീടുകളില്‍ ശൗചാലയം നിര്‍മിച്ചതായി യോഗം വിലയിരുത്തി. എരിമയൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ ശൗചാലയമായെന്നും ബാക്കിയുള്ള 303 വീടുകളില്‍ 29ന് അകം ശൗചാലയം നിര്‍മിച്ച് മുഴുവന്‍ പഞ്ചായത്തുകളെയും വെളിയിട വിസര്‍ജ്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്നും എംഎല്‍എ അറിയിച്ചു.
ആനക്കര: പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് സമ്പൂര്‍ണ ശൗചാലയ പഞ്ചായത്തായുള്ള പ്രഖ്യാപനം നടത്തി.
പഞ്ചായത്തിലെ 60 ഇല്‍ അധികം കുടുംബാംഗങ്ങള്‍ക്കാണ് ശൗചാലയം നിര്‍മിച്ച് നല്‍കുന്നതിനാവശ്യമായ ധനസഹായം അനുവദിച്ചിട്ടുള്ളത്. പ്രഖ്യാപനം ബ്‌ളോക്ക് പ്രസിഡന്റ് കെ പി എം പുഷ്പജ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി സുജാത അധ്യക്ഷത വഹിച്ചു.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക