|    Feb 28 Tue, 2017 11:49 am
FLASH NEWS

പാലക്കാട് ജില്ലയില്‍ പൈനാപ്പിള്‍ കൃഷി വ്യാപകം

Published : 6th November 2016 | Posted By: SMR

സുനുചന്ദ്രന്‍

ആലത്തൂര്‍: മധ്യകേരളത്തില്‍ നിന്ന് പൈ നാപ്പിള്‍ കൃഷി പാലക്കാട് ജില്ലയിലേക്കും വ്യാപിക്കുന്നു. തെക്കന്‍ ജില്ലകളില്‍ കീടനാശിനി പ്രയോഗിച്ചും രാസവളമിട്ടും നടത്തിയ പൈനാപ്പിള്‍ കൃഷി തിരിച്ചടി നേരിടുമ്പോഴാണ് പാലക്കാട് വ്യാപകമാവുന്നത്്. തുടര്‍ച്ചയായി ഇങ്ങനെ കൃഷി ചെയ്തിരുന്ന ഇടങ്ങളില്‍ മണ്ണിന്റെ സ്വാഭാവികത നശിച്ച് വിളവ് കുറഞ്ഞു വരികയാണ്. ഇതോടെയാണ്  ഫലഭൂയിഷ്ഠമായ പാലക്കാടന്‍ മണ്ണ് തേടി തെക്കന്‍ കേരളത്തിലെ കര്‍ഷകരെത്തുന്നത്. നെല്ലറയില്‍ പൈനാപ്പിള്‍ കൃഷിയുടെ തുടക്കക്കാലമായതിനാല്‍ മികച്ച വിളയാണ്ഉണ്ടായിവരുന്നത്. പാടമോ പറമ്പോ കുന്നോ എന്ന വ്യത്യാസമില്ലാതെ എവിടെയും പൈനാപ്പിള്‍ വിളയും. തരിശു കിടക്കുന്ന ഇത്തരം ഇടങ്ങളെല്ലാം പാട്ടത്തിനെടുക്കാന്‍ വരുന്നവരുടെ എണ്ണം കൂടി വരികയാണ്്്. ജില്ലയില്‍ പാട്ടത്തിനെടുത്ത വയലില്‍ ഇഞ്ചി കൃഷി നടത്തുന്നവര്‍ മാരക കീടനാശിനി പ്രയോഗമാണ് നടത്തുന്നത്. ഇതേ രീതിയില്‍ തന്നെയാണ് പൈനാപ്പിള്‍ കൃഷിയും .ഇഞ്ചി കൃഷി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരമ്പരാഗത കര്‍ഷകര്‍ക്ക് എല്ലായിടത്തും പ്രതിസന്ധിയാണ്. മണ്ണിന്റെ ഗുണം നഷ്ടപ്പെടുന്നു. വയലേലകളും തോടുകളും വിഷലിപ്തമായി. സമാന പ്രശ്‌നമാണ് പൈനാപ്പിള്‍ കൃഷിയും ഉണ്ടാക്കുക. മാത്രമല്ല പൈനാപ്പിള്‍ കൃഷി ഭൂമിയില്‍ നിന്ന് വന്‍തോതില്‍ ജലം വലിച്ചെടുക്കുന്നതിനാല്‍ വരള്‍ച്ചാ ഭീതിയും നിലനില്‍ക്കുന്നു. പൈനാപ്പിള്‍ കൃഷിക്ക് ഒരുക്കിയ മണ്ണില്‍ കള വളരാതിരിക്കാന്‍ കേരളത്തില്‍ നിരോധിച്ചതും തമിഴ്‌നാട്ടില്‍ സുലഭവുമായ ഗ്രാമസ് കോണ്‍ പാരാക്കോട്ട് മണ്ണില്‍ നേരിട്ട് പ്രയോഗിക്കുകയാണ്. ചെടി പെട്ടെന്ന് വേരുപിടിക്കാന്‍ സ്യൂഡോമോണസ് ഉപയോഗിക്കുന്നു. നൈട്രജനും പൊട്ടാസ്യവും അടങ്ങിയ രാസവളങ്ങള്‍ പിന്നാലെയും. പൈനാപ്പിള്‍ച്ചെടി വളരുന്നതോടെ കീടനാശിനി പ്രയോഗം കൂടും. പ്രാണികള്‍ പരിസരത്തെങ്ങും വരാതിരിക്കാന്‍ ഇമിഡാ ക്ലോപെഡ് തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കും. മാരകമായ ഫോറാറ്റ് ഇനത്തില്‍പ്പെട്ടതാണിത്. കായ വളരാനും പെട്ടെന്ന് മൂപ്പെത്തിക്കാനും കണ്‍ട്രോള്‍ അസഫേറ്റ് ഉപയോഗിക്കുന്നു. കൃഷി വകുപ്പിന്റെ അനുമതിയോടെ മാത്രം വില്‍ക്കേണ്ടുന്ന നിയന്ത്രിത ഇനമാണിത്. പൈനാപ്പിള്‍ വിളവെടുക്കുന്നതിന് ഏതാനും ദിവസം മുമ്പ് എത്തിപ്പോണ്‍ മിശ്രിതം കൂമ്പില്‍ ഒഴിക്കും. നല്ല നിറം കിട്ടുമെന്ന് മാത്രമല്ല പെട്ടെന്ന് പഴുക്കുകയും ചെയ്യും. മണ്ണൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെ നീളുന്ന കീടനാശിനി പ്രയോഗത്തിന്റെ ആകെത്തുകയണ് ഓരോ പൈനാപ്പിളും. വരള്‍ച്ചയെ കൂടുതല്‍ രൂക്ഷമാക്കാനും പൈനാപ്പിള്‍ കൃഷിക്ക് സാധിക്കും. ജില്ലയില്‍ പൈനാപ്പിള്‍ കൃഷി നിരോധിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day