|    Jan 17 Tue, 2017 4:52 pm
FLASH NEWS

പാലക്കാടന്‍ കാറ്റ് ആരെ തുണയ്ക്കും

Published : 27th February 2016 | Posted By: SMR

എന്‍ പി അനൂപ്

പാലക്കാട്: കേരളത്തിന്റെ തിരഞ്ഞെടുപ്പു കണക്കുകളില്‍ എന്നും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്നു പാലക്കാട്. ശക്തമായ യുഡിഎഫ് തരംഗം വ്യക്തമായ തിരഞ്ഞെടുപ്പുകളിലും പാലക്കാടന്‍ കാറ്റ് ഇടതുപക്ഷത്തെ സംരക്ഷിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നുണ്ടായിരുന്ന 11 മണ്ഡലങ്ങളില്‍ ഒമ്പതും എല്‍ഡിഎഫിന് അനുകൂല വിധിയെഴുതി. 2001ല്‍ കേരളമൊട്ടാകെ ഉണ്ടായിരുന്ന ഇടതു തരംഗം ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടാം. എല്‍ഡിഎഫ് മേധാവിത്വം തുടരുമ്പോഴും പാലക്കാടിന്റെ രാഷ്ട്രീയ ഗതികളില്‍ കാര്യമായ മാറ്റം ഇന്നുണ്ട്.
അടുത്തകാലത്തെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ ആധിപത്യം ജില്ലയില്‍ തുടരുംവിധമാണ്. 20 വര്‍ഷം തുടര്‍ച്ചയായി ജില്ലാ പഞ്ചായത്ത് ഭരണം കൈയാളുന്നത് സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ആണ്. 2001ല്‍ 29 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ 20ഉം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പത് എണ്ണം എല്‍ഡിഎഫ് പക്ഷത്തും നാലെണ്ണം യുഡിഎഫ് പക്ഷത്തും നിലയുറപ്പിച്ചിരുന്നു. 2015ലെ തദ്ദേശതിരഞ്ഞെടുപ്പിലും സമാനമായ പ്രവണത തുടര്‍ന്നു. 80 ഗ്രാമപ്പഞ്ചായത്തില്‍ 69, 13 ല്‍ 11 ബ്ലോക്ക് പഞ്ചായത്തും ഏഴു മുനിസിപ്പാലിറ്റികളില്‍ മൂന്നുവീതം എല്‍ഡിഎഫ്-യുഡിഎഫ് പങ്കിട്ടപ്പോള്‍ പാലക്കാട് നഗരസഭ ചരിത്രത്തിലാദ്യമായി ബിജെപി സ്വന്തമാക്കി.
2006ല്‍ 11 നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നതില്‍ 9ലും ഇടതുപക്ഷം ആധിപത്യം തുടര്‍ന്നിരുന്നു. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 12 ആയി വര്‍ധിപ്പിച്ചു. ശ്രീകൃഷ്ണപുരം, കൊല്ലങ്കോട് കുഴല്‍മന്ദം എന്നിവ ഇല്ലാതായി. പകരം ഷൊര്‍ണൂര്‍, കോങ്ങാട്, നെന്‍മാറ, തരൂര്‍ എന്നിവ നിലവില്‍വന്നു. യുഡിഎഫ് കേരളത്തില്‍ അധികാരത്തിലേറിയ ഈ കാലയളവിലും പാലക്കാട് ഇടത്തോട്ട് ചാഞ്ഞിരുന്നെങ്കിലും പന്ത്രണ്ടില്‍ അഞ്ച് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. 2016ല്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ 2011ലെ വിജയങ്ങള്‍ ആവര്‍ത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് വലിയ വെല്ലുവിളിയാവും. അഞ്ചുവര്‍ഷം മുമ്പത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പാടെ മാറിയ സ്ഥിതിയാണിപ്പോള്‍ ജില്ലയിലുള്ളത്. എം ആര്‍ മുരളിയടക്കം സിപിഎം വിമതരായി നിന്ന ഒരുവിഭാഗം തിരികെ വന്നതും 2015 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന്റെ തോല്‍വിയിലെ അന്വേഷണ റിപോര്‍ട്ട് പ്രകാരമുള്ള നടപടികളും ജെഡിയു പ്രവര്‍ത്തകരിലെ അസ്വാരസ്യങ്ങളും യുഡിഎഫിന് തലവേദനയാണ്.
വി ടി ബല്‍റാം പ്രതിനിധീകരിക്കുന്ന തൃത്താല മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ ഏഴും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമാണ്. 20 വര്‍ഷത്തെ കുത്തക തകര്‍ത്ത് യുഡിഎഫ് പിടിച്ചെടുത്ത സീറ്റ് തിരിച്ചുപിടിക്കുകയെന്ന അഭിമാന പ്രശ്‌നവും തൃത്താലയില്‍ പോരാട്ടം കനക്കുമെന്നാണു സൂചന. ഇതിനായി ശക്തരായ സ്ഥാനാര്‍ഥികളെ—യാണ് എല്‍ഡിഎഫ് പരിഗണിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് രംഗത്തുണ്ടാവുമെന്ന സൂചന ശക്തമാണ്. ജനകീയരായ ഒന്നിലധികം പ്രാദേശിക നേതാക്കളെയും സിപിഎം പരിഗണിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്.
പാലക്കാട്ടെ സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്താനാണ് പൊതുവില്‍ ഡിസിസി തീരുമാനം. മൂന്നു തവണ പട്ടാമ്പിയെ പ്രതിനിധീകരിച്ച സി പി മുഹമ്മദ് ഇത്തവണയും മല്‍സരരംഗത്ത് ഉണ്ടാവുമെന്നുതന്നെയാണു സൂചനകള്‍. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസ് നമ്പൂതിരിപ്പാടും സിപിഐയുടെ കെ ഇ ഇസ്മായിലും പ്രതിനിധീകരിച്ചിരുന്ന പട്ടാമ്പി നിലവില്‍ സിപിഐ മണ്ഡലമാണ്. ഇവിടെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കൊണ്ടുവരാനാണ് സിപിഐ ശ്രമം.
ഷൊര്‍ണൂര്‍ എംഎല്‍എ സലീഖയ്ക്ക് സ്ഥാനചലനമുണ്ടാവാനും പ്രാദേശിക നേതാവ് പി കെ സുധാകരന്‍ രംഗത്തുവരാനുമാണു സാധ്യത. നിലവിലെ ഒറ്റപ്പാലം എംഎല്‍എ എം ഹംസയും മണ്ഡലം മാറാനോ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കാനോ സാധ്യതയുണ്ട്. ഒറ്റപ്പാലത്തോ ഷൊര്‍ണൂരോ എം ആര്‍ മുരളിയെ പരിഗണിക്കുമെന്നു സൂചനയുണ്ട്. സംവരണ മണ്ഡലങ്ങളായ കോങ്ങാട് സിറ്റിങ് എംഎല്‍എ കെ വി വിജയ ദാസും തരൂരില്‍ എ കെ ബാലനും തുടരാനാണ് സാധ്യത.
ചിറ്റൂര്‍, നെന്‍മാറ ഭാഗങ്ങളിലാണ് ജെഡിയു സാന്നിധ്യമുള്ളത്. ഇതു കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് ജെഡിയുവിന് നല്‍കുമെന്നാണ് യുഡിഎഫിലെ ധാരണ. വടകരപ്പതി പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നവും കോണ്‍ഗ്രസ്സിന് തിരിച്ചടിയാവുന്ന സാഹചര്യത്തില്‍ കെ അച്യുതന്‍ മല്‍സരരംഗത്തുനിന്നു മാറാനും സാധ്യതയുണ്ട്.
അഡ്വ. എന്‍ ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും മലപ്പുറം ജില്ലയിലെ സുരക്ഷിതമായ ഒരു മണ്ഡലത്തിലേക്കു ചുവടുമാറ്റാനും ഒരു പുതുമുഖം മണ്ണാര്‍ക്കാട് പരീക്ഷിക്കാനുമായിരിക്കും മുസ്‌ലിംലീഗ് നീക്കം. സിപിഐയുടെ സീറ്റായ മണ്ണാര്‍ക്കാട് ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി പിടിച്ചെടുക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. പാലക്കാട് മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനയുണ്ട്.
ഷാഫി പറമ്പിലിനെതിരായ ചില പ്രാദേശിക എതിര്‍പ്പുകള്‍ ഉപയോഗപ്പെടുത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷ ശ്രമം. അതേസമയം കേരളത്തില്‍ ബിജെപി ലക്ഷ്യമിട്ട സീറ്റുകളില്‍ ഒന്നായ പാലക്കാട്ട് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലോ, വനിതാ നേതാവ് ശോഭാ സുരേന്ദ്രനോ എത്തുന്നതോടെ പോരാട്ടം കനക്കും.
നിയസഭാ തിരഞ്ഞെടുപ്പില്‍ വിഎസിന്റെ മണ്ഡലമെന്ന നിലയില്‍ ശ്രദ്ധാകേന്ദ്രമാണ് മലമ്പുഴ. വി എസ് തന്നെ അങ്കത്തിനിറങ്ങണമെന്നാണ് പ്രാദേശിക വികാരം. കേന്ദ്രകമ്മറ്റികൂടി അനുകൂലമായാല്‍ വി എസ് ഇത്തവണയും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവും.
മുന്‍ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, പ്രഫ. കെ എ തുളസി, ശാന്ത ജയറാം, എന്നിവരും മല്‍സരരംഗത്തുണ്ടാവുമെന്നാണു കോണ്‍ഗ്രസ് ക്യാംപില്‍ നിന്നുള്ള വിവരം. പ്രാദേശിക വിഷയങ്ങളും മുന്നണിപ്പോരുകളും താരതമ്യേന കുറഞ്ഞ പാലക്കാട് ജില്ലയില്‍ കാര്യമായ ചലനമുണ്ടാക്കുകയെന്നതു യുഡിഎഫിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക