|    Jan 24 Tue, 2017 6:23 am

പാലക്കയംതട്ട്: ഒന്നാംഘട്ട ടൂറിസം വികസന പദ്ധതി പൂര്‍ത്തിയായി

Published : 17th October 2016 | Posted By: Abbasali tf

കണ്ണൂര്‍: വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായ പാലക്കയംതട്ടിലെ ഒന്നാംഘട്ട ടൂറിസം വികസന പദ്ധതികള്‍ പൂര്‍ത്തിയായി. പദ്ധതിപ്രദേശം അടുത്തുതന്നെ ഔദ്യോഗികമായി തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഇക്കാര്യം ടൂറിസം മന്ത്രിയുമായി ചര്‍ച്ചചെയ്തായി ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ് പറഞ്ഞു. തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോരത്ത് പ്രകൃതി അണിയിച്ചൊരുക്കിയ വശ്യമനോഹരമായ പ്രദേശമാണ് പാലക്കയംതട്ട്. മനംകവരുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഇവിടേക്ക് വിനോദ സഞ്ചാരികളുടെ കൂടിവരികയാണ്. ഡിടിപിസി തയ്യാറാക്കിയ റിപോര്‍ട്ട് പരിഗണിച്ച കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ പഠിക്കാന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ അയച്ചിരുന്നു. ടൂറിസത്തിന് ഏറെ സാധ്യതകള്‍ കണ്ടെത്തിയ പഠനസംഘം പരിസ്ഥിതിസൗഹൃദ ടൂറിസം സാധ്യതകളാണു പരിശോധിച്ചത്. തുടര്‍ന്ന് പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലയളവില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാറാണ് ഒരുകോടി രൂപ ചെലവില്‍ വിഭാവനം ചെയ്ത ഒന്നാംഘട്ട പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.  റവന്യൂ വകുപ്പിന്റെ ഭൂമിയില്‍ 8 ഏക്കര്‍ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കയംതട്ട് ടൂറിസം ട്രയാങ്കുലര്‍ സര്‍ക്കിള്‍ എന്ന പേരില്‍ പൈതല്‍മല, കാഞ്ഞിരക്കൊല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കൂടി ഉള്‍പ്പെടുത്തും. ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, വിദൂരകാഴ്ചകള്‍ കാണാനുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ ഒന്നാംഘട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്. ജാനകിപ്പാറ വെള്ളച്ചാട്ടം, നടുവില്‍ നേന്ത്രവട്ടം കൊടുംകല്ലറകള്‍ എന്നിവയും ചേര്‍ത്തുള്ള ടൂറിസവും പരിഗണിക്കും. 35 സോളര്‍ വിളക്കുകളാണ് ഇവിടെ സ്ഥാപിച്ചത്.  ഇവയെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. നടുവില്‍ പഞ്ചായത്തിലെ 3ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. സമുദ്രനിരപ്പില്‍നിന്ന് 3500 ലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പാലക്കയംതട്ടില്‍നിന്ന് 40 കിലോമീറ്റര്‍ വരെയുള്ള ദൂരക്കാഴ്ചകള്‍ കാണാന്‍ സാധിക്കും. അപൂര്‍വയിനം സസ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം. ചെങ്കുത്തായ കുന്നുകളിലൂടെയുള്ള പ്രദേശത്തേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നതാണ്. കണ്ണൂരില്‍നിന്നും തളിപ്പറമ്പ്, ഒടുവളളി, നടുവില്‍, മണ്ടളം വഴിയും ഒടുവള്ളി, കരുവഞ്ചാല്‍, ആശാംകവല വഴിയും ഇരിക്കൂര്‍, ശ്രീകണ്ഠപുരം, പയ്യാവൂര്‍, ചെമ്പേരി, കുടിയാന്മല, പുലികുരുമ്പ വഴിയും പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിച്ചേരാം. നിലവില്‍ മണ്ടളത്തുനിന്ന് കോട്ടയംതട്ട് വഴിയാണ് ഇവിടേക്ക് റോഡുള്ളത്. പഞ്ചായത്തും നാട്ടുകാരും മുന്‍കൈയെടുത്ത് പാലക്കയംതട്ടിലേക്ക് റേ ാഡ് വെട്ടിയിട്ടുണ്ട്. കോട്ടയംതട്ടില്‍നിന്ന് ജീപ്പിലോ ബൈക്കുകളിലോ പാലക്കയംതട്ടിലേക്ക് എത്താം. വലിയ വാഹനങ്ങള്‍ മണ്ടളം ജങ്ഷനില്‍ നിര്‍ത്തിയിടേണ്ടി വരും. റോഡ് ഉള്‍പ്പെടുന്ന സ്ഥലംകൂടി ടൂറിസം വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ നിലവിലുള്ള സ്ഥിതി മാറും. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് ടിഡിപിസി സമര്‍പ്പിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് പ്രദേശത്ത് വിശ്രമകേന്ദ്രങ്ങള്‍, അരുവിയില്‍നിന്നുള്ള ജലമുപയോഗിച്ച് പെഡല്‍ ബോട്ട് സവാരിക്ക് ഉതകുന്ന ചെക്ക് ഡാം നിര്‍മാണം, പ്രദേശത്തേക്കുള്ള റോഡുകളുടെ വികസനം എന്നിവ സാധ്യമാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക