|    Sep 26 Wed, 2018 8:57 pm
FLASH NEWS

പാലം വെള്ളത്തിലായി; മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തിലെ തൊഴിലാളികള്‍ ഒറ്റപ്പെട്ടു

Published : 15th August 2018 | Posted By: kasim kzm

എടക്കര: മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് പാലം വെള്ളത്തിലായി, മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തിലെ നാല്‍പ്പതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു.
മൂന്നര മണിക്കൂറിന്‌ശേഷം അഗ്നിശമനസേനയെത്തിയാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ പയ്യാനിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. പുഴയുടെ പാലത്തിന് മുകളില്‍ രണ്ട് മീറ്ററിലേറെ ഉയരത്തില്‍ വെള്ളം പൊങ്ങിയതോടെ തലപ്പാലി ഭാഗത്ത് രാവിലെ ജോലിക്ക് പോയ ഫെന്‍സിംഗ് തൊഴിലാളികളും, മറ്റ് തൊഴിലാളികളുമടക്കം മുപ്പത്തിയേഴ് പേര്‍ ഒറ്റപ്പെട്ടത്. ഇവര്‍ക്ക് പുറമെ വാണയംപുഴ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിലെ അഞ്ച് തൊഴിലാളികളും, വിത്തുകൃഷിത്തോട്ടത്തില്‍ പുല്ല് അരിയാന്‍ പോയ പ്രദേശവാസികളായ ചിലരും തലപ്പാലി ഭാഗത്ത് ഒറ്റപ്പെടുകയായിരുന്നു.
വൈകുന്നേരമായപ്പോഴേക്കും വെള്ളപ്പാച്ചിലില്‍ നേരിയ കുറവ് വന്നു. നാല് മണിയോടെ നിലമ്പൂരില്‍ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി വടങ്ങള്‍ ഉപയോഗിച്ച് തൊഴിലാളികളെയും മറ്റുള്ളവരെയും രക്ഷപെടുത്തുകയായിരുന്നു. അഞ്ചരയോടെ കുടുങ്ങിക്കിടന്ന മുഴുവന്‍ ആളുകളെയും അതിസാഹസികമായി രക്ഷപെടുത്തി.
നാലും, അഞ്ചും ബ്‌ളോക്കില്‍ രാവിലെ ജോലിക്ക് പോയവരാണ് തൊഴിലാളികള്‍. ചാലിയാര്‍ പുഴയിലും, പയ്യാനിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായതാണ് തൊഴിലാളികള്‍ കുടുങ്ങാന്‍ കാരണം. എടക്കര സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പോത്തുകല്‍, എടക്കര പോലീസ്, അഗ്നിശമനസേന, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഫാം ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കനത്ത മഴയെത്തടുര്‍ന്ന് മേഖലയിലെ പുഴകളെല്ലാംതന്നെ നിറഞ്ഞെഴുകുകയാണ്. മുപ്പിനി, മുട്ടിക്കടവ് കോസ് വേകള്‍ക്ക് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്.
ചാലിയാര്‍ പുഴയും നിറഞ്ഞൊഴുകുകയാണ്. കേരള, വയനാട്, തമിഴ്‌നാട് അതിര്‍ത്തി വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്ന് പറയപ്പെടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss