|    Aug 20 Sun, 2017 3:22 pm
FLASH NEWS

പാലം നിര്‍മാണം: മണ്ണ് പരിശോധന പൂര്‍ത്തിയായി

Published : 6th August 2017 | Posted By: fsq

 

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് പഞ്ചായത്തിലേക്കുള്ള പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി. നിര്‍മാണത്തിന് അനുകൂലമെന്ന് പ്രാഥമിക നിഗമനം.അരൂക്കുറ്റി പ!ഞ്ചായത്തിലെ വടുതലജെട്ടി മുതല്‍ പെരുമ്പളം നോര്‍ത്ത് ജെട്ടി വരെയുള്ള 1200 മീറ്റര്‍ കായല്‍ ദൂരത്താണ് പാലം നിര്‍മിക്കുന്നത്. ഇതിനിടെ കായലില്‍15 സ്ഥലങ്ങളിലാണ് മണ്ണ് പരിശോധന നടത്തിയത്. ഇതിനായി നിയോഗിച്ച സ്വകാര്യ ഏജന്‍സിയാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഓരോസ്ഥലത്തും പരമാവധി ആഴത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചു കുഴിച്ചു മണ്ണ്, പാറ എന്നിവ ശേഖരിച്ച് പരിശോധിക്കുകയാണ് ചെയ്യുന്നത്. ചിലയടിങ്ങളില്‍ 80 മീറ്റര്‍ ആഴത്തില്‍വരെ കുഴിച്ചു പരിശോധിച്ചിട്ടുണ്ട്. ഉറപ്പുള്ള സ്ഥലവും മണ്ണുമാണ് എന്നു തെളിഞ്ഞാല്‍ മാത്രമെ പാലം നിര്‍മാണത്തിന് യോഗ്യമാവുകയുള്ളു. പ്രാഥമിക പരിശോധനയില്‍ പാലം നിര്‍മാണത്തിന് അനുകൂല ഫലമാണ് ലഭിച്ചതെന്നു അധികൃതര്‍ പറഞ്ഞു. വിശദമായ പരിശോധനക്കായി എറണാകുളത്തെ ലാബിലേക്കു മണ്ണിന്റെ സാമ്പിളുകള്‍ അയച്ചിരിക്കുകയാണ്. മൂന്നാഴ്ച്ചക്കുള്ളില്‍ ഫലം ലഭിക്കുമെന്നാണ് സൂചന. മണ്ണ് പരിശോധനഫലം അനുകൂലമായി ലഭിച്ചാലുടന്‍ പാലത്തിന്റെ രൂപരേഖ തയാറാക്കല്‍ തുടങ്ങും. പാലത്തിന്റെ നിര്‍മാണ രീതികള്‍, ആകൃതി, നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍, അനുബന്ധ റോഡ് നിര്‍മാണം തുടങ്ങിയവയും അതിന്റെ ചെലവും ആസൂത്രണം ചെയ്തശേഷം വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. അതിനു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്നകോടെ ശിലാസ്ഥാപനം നടത്തി പാലം നിര്‍മാണം തുടങ്ങാനാകും. സംസ്ഥാനസര്‍ക്കാര്‍ 100 കോടിരൂപയാണ് പാലം നിര്‍മാണത്തിന് പ്രാഥമികമായി അനുവദിച്ചിരിക്കുന്നത്. 13 വാര്‍ഡുകളിലായി 15000ല്‍പ്പരം കുടുംബങ്ങളാണ് പെരുമ്പളം ദ്വീപ് പഞ്ചായത്തില്‍ താമസിക്കുന്നത്. പകലുള്ള ബോട്ട് – ജങ്കാര്‍ സര്‍വീസുകളാണ് ദ്വീപ് നിവാസികള്‍ക്കു മറ്റുസ്ഥലങ്ങളിലേക്കു പോകാനുള്ള ഏക ആശ്രയം. ദ്വീപിലേക്കു ഗതാഗത യോഗ്യമായ പാലം വേണമെന്നത് ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക