|    Mar 23 Thu, 2017 9:52 am
FLASH NEWS

പാറ്റ വീഴുന്നത് ആരുടെ കഞ്ഞിയില്‍?

Published : 18th October 2015 | Posted By: TK

ഇന്‍സാന്‍/അവകാശങ്ങള്‍ നിഷേധങ്ങള്‍

 

വധൂവരന്മാരെ തേടി പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ ചിലതില്‍ വിവാഹശേഷം വരന് വധുവിന്റെ വീട്ടില്‍ ദത്ത് നില്‍ക്കാന്‍ വിരോധമില്ലെന്നു എഴുതിക്കാണാറുണ്ട്. ആധുനിക നിയമത്തിന്റെ യാതൊരു പിന്തുണയുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ വടക്കന്‍ കേരളത്തിന്റെ പല സ്ഥലങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ഈ പെണ്‍വീട്ടിലെ പൊറുതിക്ക് ദത്ത് എന്നു പേരുണ്ടെങ്കിലും ഇതിനു ദത്തെടുക്കല്‍ നിയമവുമായി യാതൊരു സാമ്യവുമില്ല. ഇന്ത്യയില്‍ ഇന്നു നിലവിലിരിക്കുന്ന ദത്തെടുക്കല്‍ നിയമപ്രകാരം ശാരീരികവും മാനസികവും സാമ്പത്തികവുമായി യോഗ്യതയും കഴിവുമുള്ള ഏതൊരാള്‍ക്കും അയാള്‍ മാരകരോഗങ്ങള്‍ക്ക് അടിമയല്ലാത്തകാലത്തോളം ഒരു കുട്ടിയെ ദത്തെടുക്കാം.

കൂടാതെ വിവാഹം കഴിച്ചതോ അല്ലാത്തതോ വിവാഹമോചനം നേടിയതോ ആയ ഒരു വ്യക്തിക്ക് അവര്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍പ്പോലും മറ്റൊരു കുട്ടിയെ ദത്തെടുക്കാവുന്നതാണ്. സ്ത്രീക്കു മാത്രമായി ഒറ്റയ്ക്ക് ഏത് ലിംഗത്തില്‍പ്പെട്ട കുട്ടിയെയും ദത്തെടുക്കുന്നതിനു നിയമം അനുവാദം നല്‍കുമ്പോള്‍ വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടിയെ ദത്തെടുക്കാന്‍ അവരിരുവരും തമ്മിലുള്ള വിവാഹജീവിതത്തിന് ഏറ്റവും കുറഞ്ഞ കാലപരിധി രണ്ടുകൊല്ലമായി നിജപ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമെ രക്ഷിതാവിന്റെ പ്രായം ദത്തുപുത്രനും/പുത്രിയുമായി 25 വയസ്സ് വ്യത്യാസം വേണം.

കുട്ടികളെ ദത്തെടുക്കാന്‍ പൗരന്മാര്‍ക്ക് നിയമം അനുവാദം നല്‍കുന്നുണ്ടെങ്കിലും അതിനു ചില വിലക്കുകളും നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പുരുഷന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ നിലവിലുള്ള നിയമം അവകാശം നല്‍കുന്നില്ല. അതുപോലെ തന്നെ നാലു മക്കളില്‍ കൂടുതലുള്ള ദമ്പതികള്‍ക്കും മറ്റൊരു കുട്ടിയെ ദത്തെടുക്കാനാവില്ല. 45 വയസ്സിനു മേല്‍ പ്രായമുള്ള ഒറ്റയായ രക്ഷിതാക്കള്‍ക്കും നാലുവയസ്സു വരെയുള്ള കുട്ടികളെ ദത്തെടുക്കുന്നതിനു നിയമത്തില്‍ വിലക്കുണ്ട്.

നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം, ആതുരശുശ്രൂഷാ എന്നീ മേഖലകളില്‍ സജീവമായി രംഗത്തുള്ളവരും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിക്കുന്നവരുമായ ചില സംഘടനകളാണ് ദത്തെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍പ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ നിര്‍വഹിച്ചുവരുന്നത്. കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയാണ് ഇക്കാര്യത്തില്‍ വലിയ സേവനം കാഴ്ചവച്ചുവരുന്നത്. കൊല്‍ക്കത്തയിലെ മാലിന്യം കുമിഞ്ഞുകൂടിയ ചേരികളില്‍നിന്നും നാറുന്ന ഓടകളില്‍നിന്നും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഓമനക്കുഞ്ഞുങ്ങളെ കൈകളില്‍ വാരിയെടുത്ത് മദര്‍ തെരേസയും ഉപവിയുടെ സഹോദരിമാരും അവര്‍ക്കു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് ഒരു വലിയ കാര്യം തന്നെയാണെന്നു പറയാതെ വയ്യ.

അനാഥ കുട്ടികളെ കണ്ടെടുത്തു സംരക്ഷിച്ച് അവരെ അര്‍ഹരായ രക്ഷിതാക്കളെ ഏല്‍പ്പിക്കുന്ന ജോലിയും ദത്തെടുക്കലും മേലില്‍ തുടരേണ്ടതില്ലെന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ തീരുമാനത്തിനെതിരേ കേന്ദ്രമന്ത്രി മേനകാ ഗാന്ധി രംഗത്തുവന്നത് വിവാദമായിരിക്കുകയാണ്.രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നതും ദത്തെടുക്കല്‍ രംഗത്ത് സജീവസാന്നിധ്യവുമായ മിഷനറീസ് ഓഫ് ചാരിറ്റി പോലുള്ള ജീവകാരുണ്യസംഘടനകളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യും വിധമുള്ള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. 2000ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്റ്റിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി 2015 ആഗസ്തില്‍ നിലവില്‍ വന്ന നിര്‍ദേശമനുസരിച്ച് ദത്തെടുക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ പാലിക്കേണ്ട ചില നിബന്ധനകളാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പിന്മാറ്റത്തിനു കാരണം.

കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ രക്ഷിതാവും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി(കാര)യില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടതാണെന്നു നിഷ്‌കര്‍ഷിക്കുന്നു. അപേക്ഷകരുടെ ഊഴം വരുമ്പോള്‍ അവര്‍ക്ക് അനുയോജ്യരായ കുട്ടികളെ അലോട്ട് ചെയ്തു നല്‍കാനുള്ള അധികാരം മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഏജന്‍സിക്കാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപേക്ഷകര്‍ തങ്ങളുടെ മതം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുള്ളതിനാലാണ് മദര്‍ തെരേസയുടെ സംഘടന ദത്തെടുക്കല്‍ രംഗത്തുനിന്നു പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് പറയുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതവും സുതാര്യവുമായാല്‍ മാത്രമേ ദത്തെടുക്കല്‍പ്രക്രിയ പൂര്‍ണമാവുകയുള്ളൂ എന്നും ഒരു സംഘടനയെയും ഈ രംഗത്ത് നിര്‍ബന്ധപൂര്‍വം പിടിച്ചുനിര്‍ത്താന്‍ മന്ത്രി മേനകാ ഗാന്ധിക്ക് കഴിയില്ലെന്നുമാണ് ഈ വിഷയത്തില്‍ നിയമവിദഗ്ധരുടെ പക്ഷം.നമ്മുടെ നാട്ടില്‍ അനവധി കുട്ടികളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത് ഉപവിയുടെ സഹോദരിമാരും യത്തീംഖാനകളും സംരക്ഷിച്ച് വളര്‍ത്തി വലിയവരാക്കി പൊതുസമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുന്നുണ്ട്. അവയെല്ലാം കുട്ടിക്കടത്തും മനുഷ്യക്കടത്തുമായിക്കണ്ട് മനുഷ്യനില്‍ ഇനിയും വറ്റിയിട്ടില്ലാത്ത നന്മയും കാരുണ്യവും നല്‍കാന്‍ മുന്നോട്ടുവരുന്നവരെ കോടതികയറ്റാനുള്ള പ്രവണത ജീവകാരുണ്യപ്രവര്‍ത്തകരെ നിസ്സംഗമനസ്‌കരാക്കിയാല്‍ അതുമൂലം പാറ്റ വീഴുന്നത് പാവങ്ങളുടെ കഞ്ഞിയിലായിരിക്കും.

(Visited 189 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക