|    Jan 18 Wed, 2017 12:58 am
FLASH NEWS

പാറ്റൂരിലെ ഫഌറ്റ് നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നതായി സിഎജി റിപോര്‍ട്ട്

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ ഫഌറ്റ് നിര്‍മിച്ചതിലും ചട്ടലംഘനം നടന്നതായി കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട്. സെക്രട്ടേറിയറ്റ് അനക്‌സ്, ബിജു രമേശിന്റെ 12 നില ഹോട്ടല്‍, കിംസ് ആശുപത്രി തുടങ്ങി തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലായി നിരവധി കെട്ടിടനിര്‍മാണങ്ങളില്‍ ചട്ടലംഘനങ്ങള്‍ നടന്നതായും ഇതിനെതിരേ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും നിയമസഭയുടെ മേശപ്പുറത്തു വച്ച തദ്ദേശ സ്ഥാപനങ്ങള്‍ സംബന്ധിച്ച സിഎജി റിപോര്‍ട്ടില്‍ പറയുന്നു.
പാറ്റൂര്‍ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി വിധി പൂര്‍ണമായും ശരിവയ്ക്കുന്നതാണ് റിപോര്‍ട്ട്. 206.87 സെന്റ് ഭൂമി മാത്രമാണ് സ്വകാര്യകമ്പനിയായ ആര്‍ടെക് റിയല്‍ടേഴ്‌സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്. ബാക്കി 14.40 സെന്റ് സര്‍ക്കാര്‍ഭൂമി കൈയേറുകയായിരുന്നു. നിര്‍മാണത്തില്‍ 21 കാര്യങ്ങളില്‍ കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ ലംഘനം നടന്നു. കോര്‍പറേഷന്‍ നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചെങ്കിലും മറ്റു നടപടികളൊന്നുമെടുത്തില്ല. സ്ഥലത്തു നടത്തിയ പരിശോധനയില്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് നിര്‍മാണം നടന്നതായി കണ്ടെത്തി. ഇതു തടയാന്‍ നടപടി സ്വീകരിക്കാതിരുന്നത് തിരുവനന്തപുരം കോര്‍പറേഷന്റെ വീഴ്ചയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ബിജു രമേശിന്റെ ഉടമസ്ഥതയില്‍ 12 നിലകളുള്ള കവടിയാറിലെ വിന്‍ഡ്‌സര്‍ രാജധാനി ഹോട്ടലില്‍ അനധികൃതമായി നാലു നിലകള്‍ നിര്‍മിച്ചു. രണ്ടാമത് സെക്രട്ടേറിയറ്റ് അനക്‌സ് കെട്ടിടത്തിന്റെ നിര്‍മാണത്തിനും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. സുരക്ഷാവ്യവസ്ഥകള്‍ പാലിക്കാതെ സര്‍ക്കാര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന് അനുമതി നല്‍കിയത് ക്രമപ്രകാരമല്ല. സുരക്ഷാവ്യവസ്ഥകള്‍ ലംഘിക്കുന്ന നിര്‍മാണങ്ങള്‍ ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ ലംഘനമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ കെട്ടിടനിര്‍മാണവും തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രണ്ട് ബ്ലോക്കുകളെ ബന്ധിപ്പിച്ച് പിഡബ്ല്യൂഡി റോഡിന് മുകളിലൂടെ മേല്‍പ്പാലം നിര്‍മിച്ചതും കോര്‍പറേഷന്റെ അനുമതിയില്ലാതെയാണ്. വേളിയില്‍ ഹീര ഡെവലപ്പേഴ്‌സിന് തീരദേശമേഖലാ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കോര്‍പറേഷന്‍ ഫഌറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
വിഴിഞ്ഞത്തും ഇത്തരത്തില്‍ നിരവധി നിയമലംഘനങ്ങള്‍ നടന്നു. തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്ത് ഉയരപരിധി ലംഘിച്ച് അഞ്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ഇതിനെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും സിഎജി റിപോര്‍ട്ട് കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക