|    May 25 Fri, 2018 8:55 am
FLASH NEWS

പാറപൊട്ടിവീഴുമെന്ന ഭീതിയില്‍ ചീറ്റിപ്പാറയുടെ താഴ്‌വാരം; പുനരധിവാസം ഇഴയുന്നു

Published : 10th October 2016 | Posted By: SMR

സിയാദ് തൊളിക്കോട്

വിതുര: ആറുമാസത്തിനിടെ രണ്ടുവട്ടം പാറപൊട്ടിവീണ് അപകടം വിതച്ച തൊളിക്കോട് പഞ്ചായത്തിലെ ചിറ്റീപ്പാറയുടെ താഴെ താമസിക്കുന്ന 42 കുടുംബങ്ങളുടെ പുനരധിവാസം ഇഴഞ്ഞു നീങ്ങുന്നു. കഴിഞ്ഞ ഡിസംബറിലും ഈ വര്‍ഷം ഫെബ്രുവരിയിലുമായിട്ടാണ് നൂറ്റാണ്ട് പഴക്കമുള്ള പാറപൊട്ടിവീണത്. ബാക്കിവരുന്ന ഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
അടിയന്തരഘട്ടത്തില്‍ ഇവിടെനിന്നും ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുടര്‍ന്നുവന്ന തിരഞ്ഞടുപ്പുകള്‍ക്കിടയില്‍ ഇവരുടെ സംരക്ഷണം അധികാരികള്‍ മറക്കുകയായിരുന്നു. ദുരന്തം നടന്ന് വര്‍ഷമൊന്നാവാറായിട്ടും റവന്യൂ അധികൃതരും പഞ്ചായത്ത് ഭരണ സമിതിയും ഇവരുടെ കാര്യത്തില്‍ ചെറുവിരലനക്കിയിട്ടില്ല. പാറപൊട്ടിച്ചുമാറ്റണമെന്ന് താസീല്‍ ദാറും പൊട്ടിക്കേണ്ടന്ന് ജിയോളജി വകുപ്പും കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ റിപോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടികളുമുണ്ടായില്ല. പാറയുടെടെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരത്തിനുള്ള നടപടികള്‍ ഉടനെയുണ്ടാവുമെന്ന് ഉറപ്പുനല്‍കിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിശബ്ദരാവുകയായിരുന്നു.  പൊട്ടിവീണ പാറയുടെ സമീപത്തുതന്നെ ഇനിയും നിരവധി കൂറ്റന്‍പാറക്കഷണങ്ങള്‍ താഴെവീഴാന്‍ സാധ്യതയുണ്ട്.  മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ തിരികെ വന്നെങ്കിലും  ഈകുടുംബങ്ങള്‍ക്ക് പകരം ഭൂമി നല്‍കി നല്‍കി പുനരധിവസിപ്പിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന ആവശ്യവും ഇതുവരേയും പരിഗണിക്കപ്പെട്ടിട്ടില്ല. 21 പട്ടികവര്‍ഗ കുടുംബങ്ങളും നാല്‍പ്പതിലധികം ഇതരകുടുംബങ്ങളും ഈ പാറക്കുതാഴെ താമസിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണ പാറവീണപ്പോഴും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. വന്‍തോതില്‍ കാര്‍ഷികവിളകള്‍ക്കും നാശമുണ്ടായി. വീടുകളള്‍ക്കുമുകളില്‍ പാറവീഴാത്തതുകൊണ്ടു മാത്രമാണ് രണ്ടുതവണയും ആളപായമുണ്ടാവാതിരുന്നത്. പാറകള്‍ പൊട്ടിച്ചുമാറ്റുകയോ പ്രൊട്ടക്ഷന്‍ കൊടുത്തു സംരക്ഷിക്കപ്പെടുകയോ വേണമെുന്നള്ള നിര്‍ദേശം അന്നുയര്‍ന്നിട്ടും അവഗണിക്കപ്പെടുകയായിരുന്നു. ഈ റിപോര്‍ട്ട് ജനപ്രതിനിധികളും, തഹസീല്‍ദാരും, വനംവകുപ്പും ചേര്‍ന്ന് മറച്ചുവച്ച് ജനങ്ങളെ വഞ്ചിക്കുകയാണന്ന ആരോപണവുമായി അന്ന് ആദിവാസിസംഘടനകള്‍ രംഗത്തുവന്നിരുന്നു.
പാറയുടെ താഴെത്താമസിക്കുന്ന 13 ആദിവാസി കുടുംബങ്ങളെ സമീപത്തെ അനുയോജ്യമായ ഭൂമിയിലേക്ക് പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.  തൊളിക്കോട് പഞ്ചായത്തിലെ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ ചൂളിയാമല റിസര്‍വ് വനവേഖലയിലാണ് 900 അടി പൊക്കവും 50 ഏക്കറോളം വിസ്തൃതിയുമുള്ളചീറ്റിപ്പാറ. ചീറ്റീപ്പാറയുടെ ഭാഗമായ കഴുത്തന്‍ പാറയുടെ ഭാഗമാണ് പൊട്ടിത്തകരുന്നത്.  പ്രദേശത്തെ ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss