|    Nov 16 Fri, 2018 1:09 pm
FLASH NEWS

പാറത്തോട്, പൊന്നാമല മേഖലകളില്‍ ഉരുള്‍പൊട്ടി; വ്യാപക കൃഷിനാശം

Published : 15th August 2018 | Posted By: kasim kzm

നെടുങ്കണ്ടം: ദുരിതമഴയില്‍ വിറങ്ങലിച്ച് ഹൈറേഞ്ച്. പൊന്നാമലയ്ക്ക് സമീപവും പാറത്തോട് ആനമുണ്ട ഭാഗത്തും ഉരുള്‍ പൊട്ടി. രണ്ടേക്കര്‍ സ്ഥലത്തോളം ഉരുള്‍പൊട്ടലില്‍ നശിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ മേഖലയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ കല്ലാര്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഇന്നലെ രാവിലെ ഏഴു മണിക്കുണ്ടായ ഉരുള്‍പൊട്ടലില്‍ പൊന്നാമല പുലിയന്‍തുരുത്തില്‍ ജോയിയുടെ ഒരേക്കര്‍ കൃഷിഭൂമിയാണ് നശിച്ചത്. കപ്പ, കാപ്പി, കൊടി, വാഴ, പാവല്‍ കൃഷികള്‍ ഉരുള്‍പൊട്ടലില്‍ നശിച്ചു. നെടുങ്കണ്ടം പാറത്തോട് 40 ഏക്കര്‍ ആനമുണ്ട ഭാഗത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ താമരശ്ശേരില്‍ മനോജ് തങ്കച്ചന്‍, നരിക്കുഴക്കുന്നേല്‍ അനില്‍ ജോണ്‍ എന്നിവരുടെ ഒരേക്കറോളം വരുന്ന കൃഷി ഭുമിയാണ് നശിച്ചത്.
രാവിലെ എട്ടിന് അതിശക്തമായ ശബ്ദത്തോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മനോജ് തങ്കച്ചന്റെ വീടിനു ഭാഗികമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ നിന്നും ആളുകള്‍ നേരത്തെ മാറിത്താമസിച്ചതിനാല്‍ ആളപായം ഇല്ല മേഖലയില്‍ നിരവധി വീടുകളുണ്ട്. ഉടുമ്പന്‍ചോല പാറത്തോട് ശിങ്കാരികണ്ടത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ മേഖല ഒറ്റപ്പെട്ടു. സമീപത്തെ ഏതാനും കുടുംബങ്ങളോട് മാറി താമസിക്കാന്‍ റവന്യൂ വിഭാഗം നിര്‍ദേശം നല്‍കി.
ഇന്നലെ ഉച്ചയോടെ വെള്ളം കയറിയ വീടുകളില്‍ നിന്നും ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായും റവന്യൂ വിഭാഗം അറിയിച്ചു. ഇന്നലെ മുതല്‍ മലയോര മേഖലയില്‍ മഴ കൂടുതല്‍ കനത്തതോടെ റവന്യൂ വിഭാഗം മുന്‍ കരുതല്‍ നടപടി ശകതമാക്കിയിരിക്കുകയാണ്. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ക്യാമ്പിനായി സ്ജ്ജമാക്കാനും, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുവാനം തഹസില്‍ദാര്‍ നിര്‍ൃദേശം നല്‍കിയിട്ടുണ്ട്. കല്ലാര്‍ ഡൈവര്‍വേഷന്‍ ഡാമില്‍ ഇന്നലെ ജലനിരപ്പ് 823 അടിയായി ഉയര്‍ന്നു. 824.5 അടി എത്തുന്നതോടെ വീണ്ടും ഡാം തുറന്ന് വിടുമെന്നും അതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത പാലിക്കണമെന്നും വാഴത്തോപ്പ് കെഎസ്ഇബി ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ നിര്‍ദ്ദേശം നല്‍കി. മേഖലയിലെ അടിയന്തിര സാഹചര്യം വില്ലേജ് ഓഫിസര്‍മാര്‍ തഹസില്‍ദാരെ അറിയിച്ചിട്ടുണ്ട്.
പച്ചടി എസ്എന്‍ എല്‍പി സ്‌കൂള്‍ നില്‍ക്കുന്ന ഭിത്തി തകര്‍ന്നു. ഇതോടെ സ്‌കൂളിന്റെ നില്‍നില്‍പ്പ് തന്നെ അപകടത്തിലായ അവസ്ഥയിലാണ്. സ്‌കൂള്‍ റോഡില്‍ നിന്ന് ഏകദേശം 20 അടിയ്ക്ക് മുകളില്‍ ഉയരത്തിലാണ് നിലനിലനില്‍കുന്നത്. സ്‌കൂളിന്റെ സംരക്ഷണത്തിനായി സ്‌കൂളിന്റെ ഒരു വശം കല്ലുകൊണ്ട് കൊട്ടി സംരക്ഷിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനോട് ചേര്‍ന്നുള്ള മണ്‍ഭാഗമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നത്. മഴ കനത്തതോടെ കൂടുതുല്‍ ഭാഗം ഇടിയുവാനുള്ള സാദ്ധ്യതയേറിയിരിക്കുകയാണ്. 300ഓളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. റോഡില്‍ നിന്ന് വളരെ ഉയര്‍ന്ന മണ്‍തിട്ടയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss