|    Mar 24 Fri, 2017 1:54 am
FLASH NEWS

പാറക്കടവ് പഞ്ചായത്തില്‍ ഇരുപതോളം നായ്ക്കളെ നാട്ടുകാര്‍ കൊന്നു

Published : 12th October 2016 | Posted By: Abbasali tf

കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ക്കെതിരായ ജനരോഷം പടരുകയാണ്. പാറക്കടവ് പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ വാഴക്കാലയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ആക്രമണകാരികളായ ഇരുപതോളം തെരുവുനായ്ക്കളെയാണ് കൊന്നൊടുക്കിയത്. തെരുവുനായ ഉന്മൂലന സംഘം വിട്ടുകൊടുത്ത പട്ടിപിടിത്തക്കാരുടെ സഹായത്തോടെയാണ് നായ്ക്കളെ വകവരുത്തിയത്. ഇതിനായി തെരുവുനായ ഉന്മൂലന സംഘം പ്രസിഡന്റ് ടി ജി തമ്പിക്ക് പാറക്കടവ് പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ വാഴക്കാലയും നാട്ടുകാരായ മറ്റ് 31 പേരും ചേര്‍ന്ന് അപേക്ഷ നല്‍കിയിരുന്നു. രാവിലെ 8 മണിയോടെ ആരംഭിച്ച പട്ടിപിടിത്തം വൈകീട്ടും തുടരുകയാണ്. കഴിയാവുന്നത്ര നായ്ക്കളെ പിടികൂടി കൊന്നൊടുക്കാനാണ് നാട്ടുകാരുടെ ശ്രമം. വഴിയാത്രക്കാരായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തെരുവുനായ് ശല്യംകൊണ്ട് പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത സാഹചര്യത്തിലാണ് തെരുവുനായ് വേട്ട ആരംഭിച്ചതെന്ന് സെബാസ്റ്റ്യന്‍ വാഴക്കാല പറഞ്ഞു. ഇതിനിടയില്‍ നാട്ടുകാരായ പലരേയും നായ്ക്കള്‍ ആക്രമിച്ചിട്ടുമുണ്ട്. കൂടാതെ സാധാരണക്കാരുടെ ഉപജീവനമാര്‍ഗമായ ആട്, കോഴി, താറാവ് മുതലായവയെ നായ്ക്കള്‍ കൊന്നൊടുക്കുന്നതുമൂലം ജനങ്ങള്‍ വളരെ സങ്കടത്തിലാണ്. നായ്ക്കളെ കൊന്നതിന്റെ പേരില്‍ വരുന്ന ഏത് നിയമനടപടിയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ തെരുവുനായ് ആക്രമണങ്ങള്‍ ലോകമെങ്ങും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായ രമ ലക്ഷ്മി ജോസ് മാവേലിയെ സമീപിക്കുകയും തെരുവുനായ് ആക്രമണങ്ങളെക്കുറിച്ച് പഠിക്കാനും നായപിടിത്തം നിരീക്ഷിക്കാനും സ്ഥലത്ത് എത്തിയിരുന്നു. നായ്ക്കളുടെ ആക്രമണം മൂലം പരിക്കേറ്റ് കഴിയുന്ന കുട്ടികളെയും അമ്മമാരെയും സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കുകയാണ് ലേഖികയുടെ ദൗത്യം. കഴിഞ്ഞ ആഴ്ചയില്‍ എടയാറില്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായി മാരകമായി പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഗേളി ബേബിച്ചനെയാണ് ആദ്യം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക