|    Nov 18 Sun, 2018 10:14 pm
FLASH NEWS

പാര്‍വതീപുത്തനാര്‍ വൃത്തിയാക്കല്‍; ആദ്യഘട്ടം ഇഴയുന്നു

Published : 21st July 2018 | Posted By: kasim kzm

തിരുവനന്തപുരം: വിനോദസഞ്ചാരവും ജലഗതാഗതവും ലക്ഷ്യമാക്കി തുടങ്ങുന്ന കോവളം  ബേക്കല്‍ ജലപാത പദ്ധതിയുടെ ഭാഗമായുള്ള പാര്‍വതി പുത്തനാറിനെ വൃത്തിയാക്കാനുള്ള ശ്രമം ഇഴയുന്നു. കുറേദിവസമായി നില്‍ക്കുന്ന കനത്തമഴയും കാറ്റുമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കുന്നത്.
പുത്തനാറിലെ പായല്‍ നീക്കം ചെയ്യാനുള്ള ആദ്യഘട്ടംപോലും പൂര്‍ത്തിയാക്കാനായിട്ടില്ല. മാലിന്യങ്ങള്‍ വന്നുചാടുന്ന സ്രോതസുകള്‍ കണ്ടെത്താ ന്‍ കഴിയാത്തതിനാല്‍ ശുചീകരണത്തിന്റെ ഫലം കാണാനാകുന്നില്ല. പായലുകള്‍ നീക്കം ചെയ്യാന്‍ ഇറക്കിയ യന്ത്രം തോട് ഒന്നാകെ കലക്കി അഴുക്കു നീക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
എന്നാല്‍ ഒരാഴ്ച യന്ത്രം പ്രവര്‍ത്തിപ്പിച്ചിട്ടും പായല്‍മുഴുവന്‍ നശിപ്പിക്കാനായില്ല. പിന്നെ തുടരെ മഴയായതിനാല്‍ പ്രവര്‍ത്തനം നിറുത്തിവയ്‌ക്കേണ്ടിവന്നു. ആറ്റിന്‍കരയില്‍ അപകടകരമാംവിധം വീണുകിടന്നിരുന്ന മരങ്ങളും കാട്ടുപൊന്തകളും വെട്ടി ആറ്റിന്‍കരയില്‍ തന്നെ ഉപേക്ഷിച്ചിട്ടിരിക്കുകയാണ്.
ഈ ചവറുകള്‍ മഴയില്‍ ഒലിച്ച് ആറ്റിലേക്കിറങ്ങുകയാണ്. പ്ലാസ്റ്റിക് കുപ്പി മാലിന്യമാണെങ്കില്‍ ടണ്‍കണക്കിനാണ് കെട്ടിക്കിടക്കുന്നത്. പുത്തനാറിന്റെ ആഴമളക്കാനാവാത്തവിധമാണ് ചെളിയടിഞ്ഞ് കിടക്കുന്നത്. ഫാക്ടറി മാലിന്യം, വലിച്ചെറിയുന്ന ചപ്പുചവറും പ്ലാസ്റ്റിക്കും, ഡ്രെയിനേജ് മാലിന്യം എന്നിവയും വന്‍തോതില്‍ അടിയുന്നുണ്ട്. പരിസരങ്ങളില്‍ താമസിക്കുന്നവരെ ബോധവല്‍കരിക്കാതെ ശുചീകരണവുമായി മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നിര്‍മാണ കമ്പനി. മാലിന്യം തള്ളുന്ന അളവ് കുറഞ്ഞില്ലെങ്കില്‍ ശുചീകരണം ഇനിയും അനന്തമായി നീളാന്‍ സാധ്യതയുണ്ട്.
കേരള വാട്ടര്‍ വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോടു നീലേശ്വരം വരെ നീളുന്ന കോവളം ദേശീയ ജലപാത എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ തടസം നില്‍ക്കുന്ന വലിയഘടകമാണ് പാര്‍വതി പുത്തനാര്‍. രാജഭരണകാലത്ത് ചരക്ക് നീക്കത്തിനായി ഉണ്ടാക്കിയ പാതയാണിത്. പക്ഷേ, കാലക്രമത്തില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടും മാലിന്യമെറിഞ്ഞും നശിച്ചു കിടക്കുകയായിരുന്നു.
അടുത്തകാലത്ത് മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ പാര്‍വതി പുത്തനാറിനെ ശുദ്ധീകരിക്കാന്‍ ശ്രമം തുടങ്ങിയത് തലസ്ഥാനത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നു. എന്നാല്‍ പദ്ധതി ആദ്യഘട്ടംപോലും പൂര്‍ത്തിയാക്കാനാവാതെ ഇഴയുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss