|    Jan 24 Tue, 2017 6:41 am

പാര്‍ലമെന്റ സുരക്ഷാനടപടികള്‍ സാമൂഹികമാധ്യമങ്ങളില്‍; ഭഗവന്ത് സിങ് മാനിന്റേത് വീഴ്ചയെന്ന് പ്രിവിലേജ് സമിതി

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിനുള്ള സുരക്ഷാനടപടികള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ച എഎപി ലോക്‌സഭാംഗം ഭഗവന്ത് സിങ് മാനിന്റേത് വീഴ്ചയാണെന്ന് ഇതെക്കുറിച്ച് അന്വേഷിച്ച പാര്‍ലമെന്റ് പ്രിവിലേജ് സമിതിയുടെ കണ്ടെത്തല്‍. മാനിനെതിരേ നടപടിയെടുക്കണമെന്നും ഒമ്പതംഗ സമിതി ആവശ്യപ്പെട്ടു.
മാനിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന കാര്യത്തില്‍ സമിതിയിലെ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. അതേസമയം മദ്യപിച്ച് സഭയില്‍ വരുന്നെന്ന് ആരോപണ വിധേയനായ മാനിനെ ചികില്‍സയ്ക്കായി ഡീ അഡിക്ഷന്‍ സെന്ററിലാക്കണമെന്ന ആവശ്യവുമായി എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതി. മാന്‍ കുറ്റക്കാരനാണെന്ന പാര്‍ലമെന്റ് പ്രിവിലേജ് സമിതി ഐകകണ്‌ഠ്യേന അംഗീകരിച്ചിട്ടുണ്ടെങ്കിലും മാനിന് എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്.
മാനിന് ശക്തമായ താക്കീത് നല്‍കണമെന്നാണ് സമിതിയിലെ ചില അംഗങ്ങളുടെ പക്ഷമെങ്കില്‍ വര്‍ഷകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ മാനിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് മറ്റംഗങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാവും. വീഡിയോ പ്രസിദ്ധീകരിച്ചത് പാര്‍ലമെന്റ് പ്രക്ഷുബ്ധമാക്കിയെങ്കിലും താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടിലായിരുന്നു മാന്‍.
പിന്നീട് ലോക്‌സഭയില്‍ മാന്‍ നിരുപാധികം മാപ്പു പറഞ്ഞു. എന്നാല്‍, സ്പീക്കര്‍ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചപ്പോള്‍ ധിക്കരിക്കുന്ന നിലപാടായിരുന്നു മാനിന്റേത്. സമിതിക്കു മുന്നില്‍ ഹാജരായപ്പോള്‍ താന്‍ സുരക്ഷാനടപടികളുടെ വീഡിയോ പകര്‍ത്തിയെന്ന് സമ്മതിച്ച മാന്‍ ഇത് തെറ്റാണെങ്കില്‍ പാകിസ്താന്‍ സംഘത്തെ ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിളിച്ചുവരുത്തണമെന്ന നിലപാടിലായിരുന്നു മാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക