|    Oct 23 Mon, 2017 2:46 am
Home   >  Todays Paper  >  Page 1  >  

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്നു മുതല്‍; നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷം

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍. ഇതിന്റെ ഭാഗമായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ 13 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ഇന്നും നേതാക്കള്‍ യോഗം ചേരും.
അതേസമയം, വിഷയം ഉന്നയിച്ച് ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് മറ്റു പാര്‍ട്ടികള്‍ അനുകൂലിച്ചില്ല. ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നാണ് പാര്‍ട്ടികളുടെ പൊതുവായ ആവശ്യം. എന്നാല്‍ രാഷ്ട്രപതിയെ കാണാന്‍ തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനം. ആം ആദ്മി പാര്‍ട്ടിയും നാഷനല്‍ കോണ്‍ഫറന്‍സും തൃണമൂല്‍ സംഘത്തിനൊപ്പം ചേര്‍ന്നേക്കും.
രാഷ്ട്രപതിയെ ഈ വിഷയത്തിലേക്ക് കൊണ്ടുവരാന്‍ സമയമായില്ലെന്നാണ് മറ്റു പാര്‍ട്ടികളുടെ നിലപാട്. ഗുലാംനബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, എസ്പി, ജെഡിയു, ഡിഎംകെ തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുത്തു. തല്‍ക്കാലം സഭയ്ക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും തുടര്‍ന്ന് രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആവാമെന്നുമാണ് പൊതുവായ നിലപാടെന്ന് യോഗത്തിനുശേഷം ഗുലാംനബി ആസാദ് പറഞ്ഞു.
ഒരു മാസം നീളുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നോട്ട് നിരോധനത്തിന് പുറമെ ഏക സിവില്‍കോഡ്, ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം, കശ്മീര്‍ പ്രക്ഷോഭം, കര്‍ഷക ആത്മഹത്യകള്‍, ദലിത് പീഡനങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയിലുണ്ട്.
അതേസമയം, സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്തു. കഴിഞ്ഞയാഴ്ച രാത്രി പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഇതുസംബന്ധിച്ച വിവരം ബിജെപിക്കും മോദിയുമായി അടുപ്പമുള്ളവര്‍ക്കും ചോര്‍ന്നുകിട്ടിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക