|    Dec 17 Mon, 2018 4:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാര്‍ലമെന്റ് രണ്ടാം ദിവസവും പ്രക്ഷുബ്ധം

Published : 1st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) കരടു റിപോര്‍ട്ട് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രക്ഷുബ്ധമായി. റിപോര്‍ട്ട് സംബന്ധിച്ച ബിജെപി അധ്യക്ഷനും രാജ്യസഭാ എംപിയുമായ അമിത്ഷായുടെ വിവാദ പരാമര്‍ശത്തിനെതിരേ സഭയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അസം ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതെന്നും എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കാന്‍ തങ്ങളാണ് ധൈര്യം കാണിച്ചതെന്നുമായിരുന്നു അമിത് ഷാ രാജ്യസഭയില്‍ അഭിപ്രായപ്പെട്ടത്. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
കരടു പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരെ ഒഴിവാക്കിയതിനെ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തു. യഥാര്‍ഥ ഇന്ത്യന്‍ പൗരന്‍മാരെയാണ് രാജ്യത്തിനു പുറത്തേക്ക് പറഞ്ഞയക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ഗുലാംനബി ആസാദ് പറഞ്ഞു. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണെന്നും ഹിന്ദു-മുസ്‌ലിം വിഷയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി എംപിമാരും  പ്രതിഷേധം അറിയിച്ചു. പാര്‍ലമെന്റ്‌വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു സമീപം പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തി. മറ്റു വിഷയങ്ങള്‍ മാറ്റിവച്ച് എന്‍ആര്‍സി വിഷയം ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍, കോണ്‍ഗ്രസ് എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ നിഷേധിച്ചത് പ്രതിഷേധത്തിനു കാരണമായി. പ്രതിഷേധത്തില്‍ രാജ്യസഭ മൂന്നു തവണ നിര്‍ത്തിവയ്ക്കുകയും ചെയ്തു. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്തിമ കരടു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും കേന്ദ്രസര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ലെന്നുമായിരുന്നു ഇതിനോട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്.  മന്ത്രി നല്‍കിയ മറുപടി അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss