|    Jan 22 Sun, 2017 3:23 am
FLASH NEWS

പാര്‍ലമെന്റ് പാസാക്കിയ 43 നിയമങ്ങള്‍ ഇതുവരെയും നടപ്പാക്കിയില്ല

Published : 26th September 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പൊതുഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച് പാര്‍ലമെന്റ് സമ്മേളിച്ച് പാസാക്കിയെടുക്കുന്ന നിയമങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് നിയമനിര്‍മാണം നടത്തിയ 43 ആക്റ്റുകള്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ല. ജൂലൈക്ക് മുമ്പ് പാസാക്കിയ നിയമങ്ങളാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് ഇതുവരെയും വ്യവസ്ഥകള്‍ തയ്യാറാക്കാത്തതിനാലാണ് ഈ നിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാതെയിരിക്കുന്നത്.
31 പുതിയ ആക്റ്റുകളും 12 ഭേദഗതി നിയമങ്ങളും പൂര്‍ണമായോ ഭാഗികമായോ ഇതുവരെയും സര്‍ക്കാര്‍ ഉത്തരവുകളാവാതെ കിടക്കുന്നതായാണ് രണ്ടുവര്‍ഷത്തെ അവലോകനം നടത്തിയ സബോഡിനേറ്റീവ് ലെജിസ്ലേഷന്‍ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.
നിയമങ്ങളും നിയന്ത്രണങ്ങളും നിര്‍മിക്കാന്‍ ശരാശരി നാലുവര്‍ഷവും എട്ടുമാസവും കാലതാമസം വരുന്നതായി കമ്മിറ്റി തയ്യാറാക്കിയ കരട് രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തേ, ഒരു നിയമം പാര്‍ലമെന്റ് പാസാക്കിയാല്‍ അതിന്റെ നിയമാവലി എഴുതാന്‍ മന്ത്രാലയങ്ങള്‍ക്ക് ആറുമാസമാണ് സമയം നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സമയപരിധി നല്‍കാറില്ല.
നിയമവിരുദ്ധമായ കാര്യങ്ങ ള്‍ സംഭവിക്കുമ്പോള്‍ അധികാരികള്‍ക്ക് വിവരം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി 2014 മെയ് മാസം പാസാക്കിയ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷ ന്‍ ആക്റ്റ് അടക്കമുള്ള പ്രധാന നിയമങ്ങളും ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവു കാത്ത് പൊടിപിടിച്ചുകിടക്കുന്നുണ്ട്.
സപ്തംബര്‍ 2001 ലെ ഊര്‍ജസംരക്ഷണ നിയമത്തിന്റെ 2010 ആഗസ്തിലെ ഭേദഗതിനിയമം ഭാഗികമായി നിയമമായിട്ടുണ്ട്. 2003 സപ്തംബറിലെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആക്റ്റ്, 2014 ജനുവരിയില്‍ പാസാക്കിയ ലോക്പാല്‍ ആന്റ് ലോകായുക്താസ് ആക്റ്റ് എന്നിവയും ഇതുവരെയും തീരുമാനമാവാതെ കിടക്കുകയാണ്. 2009 മാര്‍ച്ചിലെ കേന്ദ്ര സര്‍വകലാശാല ആക്റ്റ് ഇതുവരെ നിയമമായിട്ടില്ല. 2013 ആഗസ്തില്‍ നിയമമാക്കിയ കമ്പനി ആക്റ്റിലെ ചുരുങ്ങിയത് 177 സെക്ഷനുകള്‍ തുടര്‍നടപടികള്‍ ഇല്ലാതെ കിടക്കുകയാണ്. നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, നാഷനല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ തീരുമാനമായതിനു ശേഷമേ ഇവയില്‍ തീരുമാനമെടുക്കാനാവൂ. ഇവ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
ബില്ല് അവതരിപ്പിക്കുന്ന സമയത്തു തന്നെ അത്യാവശ്യ നിയമങ്ങള്‍ എഴുതണമെന്നാണ് മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കമ്മിറ്റി ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആക്റ്റ് പ്രാബല്യത്തില്‍ വന്ന് മൂന്നുമാസത്തിനുള്ളില്‍ ബാക്കി നിയമങ്ങളും തയ്യാറാക്കണമെന്നാണു നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക