|    May 24 Wed, 2017 7:17 pm
FLASH NEWS

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; ജോര്‍ദാനില്‍ ഇസ്‌ലാമികര്‍ക്കു നേട്ടം

Published : 24th September 2016 | Posted By: SMR

അമ്മാന്‍: ജോര്‍ദാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ദാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് രൂപം നല്‍കിയ പ്രതിപക്ഷ പാര്‍ട്ടിയായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട് പാര്‍ട്ടി (ഐഎഎഫ്) നേട്ടം കൈവരിച്ചു.
130 അംഗ പാര്‍ലമെന്റില്‍ 16 സീറ്റുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ മാറ്റംവരുത്താത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടുതവണയും പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. 20ഓളം സ്ത്രീകളും തിരഞ്ഞെടുക്കപ്പെട്ടതായാണ് ആദ്യ ഫലങ്ങള്‍ കാണിക്കുന്നത്.
ഇത്രയധികം സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെടുന്നതും ജോര്‍ദാന്‍ ചരിത്രത്തില്‍ ആദ്യമായാണ്. ജോര്‍ദാനിലെ നിയമപ്രകാരം 15 സീറ്റുകള്‍ക്ക് സ്ത്രീകള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. ജോര്‍ദാനില്‍ ജനപിന്തുണയുള്ള പാര്‍ട്ടിയും പ്രധാന പ്രതിപക്ഷവുമാണ് ബ്രദര്‍ഹുഡ്.
എന്നാല്‍ ബ്രദര്‍ഹുഡിന്റെ സുപ്രധാന നേതാക്കള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പാര്‍ട്ടി ആസ്ഥാനം അടയ്ക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജോര്‍ദാനിയന്‍ ദേശീയവാദികളെയും ക്രിസ്ത്യന്‍ പാര്‍ട്ടികളെയും മറ്റു ന്യൂനപക്ഷ പാര്‍ട്ടികളെയും ചേര്‍ത്ത് ഐഎഎഫ് നവീകരണത്തിനായുള്ള ദേശീയ സഖ്യം എന്ന പേരില്‍ സഖ്യം രൂപീകരിച്ചിരുന്നു. അതേസമയം, ശക്തമായ പ്രതിപക്ഷം രൂപീകരിക്കുന്നതിനു മറ്റു സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് സാകി ബാനി റുഷീദ് അറിയിച്ചു. 2007ലായിരുന്നു ഇസ്‌ലാമികര്‍ അവസാനമായി മല്‍സരിച്ചത്. ജോര്‍ദാനില്‍ സൈനിക, രഹസ്യാന്വേഷണ മേധാവികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം അബ്ദുല്ല രണ്ടാമന്‍ രാജാവിനാണ്.
പാര്‍ലമെന്റിന് സര്‍ക്കാര്‍ രൂപീകരണത്തിലുള്ള സ്വാധീനക്കുറവില്‍ പ്രതിഷേധിച്ച് 42 ശതമാനം വോട്ടര്‍മാരും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതായാണ് റിപോര്‍ട്ടുകള്‍ കാണിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day