|    Sep 25 Tue, 2018 5:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തല്‍; ബിജെപിയുടെ ആവശ്യം തള്ളി തിര. കമ്മീഷന്‍

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അസംബ്ലി തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന ബിജെപിയുടെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഭരണഘടനാ ഭേദഗതിയോ നിയമനിര്‍മാണമോ കൂടാതെ അടുത്തവര്‍ഷം മുതല്‍ പൊതുതിരഞ്ഞെടുപ്പിനൊപ്പം അസംബ്ലി തിരഞ്ഞെടുപ്പുകള്‍ നടത്തല്‍ അസാധ്യമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന നയം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത്ഷാ കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിനോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് വ്യക്തമാക്കിയത്. സംസ്ഥാന നിയമസഭകളുടെ കാലാവധി അഞ്ചു വര്‍ഷമാണ്. ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ചില സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെ കാലാവധി അഞ്ചില്‍ നിന്ന് മൂന്നു വര്‍ഷം വരെ കൂട്ടുകയോ ചിലയിടങ്ങളില്‍ കുറയ്ക്കുകയോ വേണ്ടിവരും. ഇങ്ങനെ ചെയ്യുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
കൂടാതെ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ വളരെ കൂടുതല്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ആവശ്യമാണെന്നും ഇവ ലഭ്യമാക്കന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുന്നതിന് ഇപ്പോഴുള്ളതിന്റെ ഇരട്ടി വിവിപാറ്റ് യന്ത്രങ്ങള്‍ ആവശ്യമാണ്. അധിക സായുധ, അര്‍ധസൈനിക സുരക്ഷാ സേനയും പോളിങ് ഉദ്യോഗസ്ഥരും വേണ്ടിവരും. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് തന്നെ 24 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ ആവശ്യമാണ്. ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഇതിന്റെ ഇരട്ടിയിലേറെ യന്ത്രങ്ങള്‍ കൂടി വേണ്ടിവരും. ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ മൂന്നു വര്‍ഷങ്ങള്‍ എങ്കിലും വേണ്ടിവരുമെന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമകാര്യ വിഭാഗം മേധാവി എസ് കെ മെന്ദിരത്ത പറഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss