|    Apr 27 Fri, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ ഉറപ്പ്; മല്യയെ തിരിച്ചെത്തിക്കും

Published : 11th March 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ക്ക് ശതകോടികളുടെ കടബാധ്യതയുണ്ടാക്കി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയതോടെ സംഭവത്തില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ശൂന്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്നും സര്‍ക്കാരും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യഥാസമയം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.
എന്നാല്‍, ഇതുസംബന്ധിച്ച ആശങ്ക പങ്കുവയ്ക്കുന്നുവെന്നു പറഞ്ഞ ധനമന്ത്രി, മല്യക്ക് പണമനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് വെളിപ്പെടുത്തി. ബിജെപി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വിജയ് മല്യ ഒരു പുണ്യാളനല്ലെന്നായിരുന്നു പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ പ്രതികരണം. മല്യയെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുമെന്നും റൂഡിയുടെ അതേ ചുമതലയുള്ള മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. മല്യയെപ്പോലുള്ളവരെ എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ അനുവദിക്കുന്നതെന്നാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ചോദ്യമെന്ന് രാഹുല്‍ പറഞ്ഞു. വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനം നിറവേറ്റിയിട്ടില്ല.
പട്ടിണി കാരണം ഏതെങ്കിലും പാവപ്പെട്ടവന്‍ മോഷ്ടിച്ചാല്‍ മര്‍ദ്ദനവും ജയില്‍വാസവുമാണ് ഫലം. എന്നാല്‍, ഒരു വന്‍കിട വ്യാപാരി ശതകോടി രൂപ കവര്‍ന്നപ്പോള്‍ അയാളെ നാടുവിടാന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വിവിധ ബാങ്കുകളില്‍നിന്നെടുത്ത 9,000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാത്തതിന് നിയമനടപടി നേരിടുന്ന വിജയ് മല്യ രാജ്യംവിട്ടതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വെളിപ്പെടുത്തിയത്.
മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്തതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു.
അതിനിടെ, വിജയ് മല്യ ലണ്ടനിലെ വസതിയിലാണുള്ളതെന്ന് വാര്‍ത്താചാനലുകള്‍ റിപോര്‍ട്ട് ചെയ്തു. സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss