|    Sep 22 Sat, 2018 6:58 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടി; ഇംറാന്‍ ഇന്ന് പാക് പ്രധാനമന്ത്രിയാവും

Published : 18th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരവും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാനെ പാക് പാര്‍ലമെന്റ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഭൂരിപക്ഷം തെളിയിച്ച ഇംറാന്‍ ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഇംറാന്‍ ഖാന്‍ 176 വോട്ട് നേടിയതായി സ്പീക്കര്‍ അസദ് ഖയ്‌സര്‍ അറിയിച്ചു. എതിര്‍ സ്ഥാനാര്‍ഥി പാകിസ്താന്‍ മുസ്‌ലിംലീഗ്- നവാസ് (പിഎംഎല്‍-എന്‍) നേതാവ് ഷഹബാസ് ശരീഫ് 96 വോട്ടുകളാണ് നേടിയത്. ഷഹബാസിനെ പിന്തുണയ്ക്കാന്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി തയ്യാറായില്ല. ഇതോടെ, സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആദ്യ വെല്ലുവിളി ഇംറാന്‍ തരണം ചെയ്തു. ജൂണ്‍ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ പിടിഐ 116 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നു സഹായം തേ ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കലാവും ഇംറാന്‍ ഖാനെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി. അതേസമയം, ഫലം അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പിഎംഎല്‍-എന്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന്, പാര്‍ലമെന്റ് നടപടികള്‍ 15 മിനിറ്റ് നിര്‍ത്തിവച്ചു. യോഗം വീണ്ടും പുനരാരംഭിച്ച ശേഷം ഇംറാന്‍ ഖാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. തന്നെ പിന്തുണച്ചവര്‍ക്ക് ഖാന്‍ നന്ദി പറഞ്ഞു. രാജ്യം ആഗ്രഹിക്കുന്ന രീതിയില്‍ നാം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ധു പങ്കെടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss