|    Jan 20 Fri, 2017 12:54 am
FLASH NEWS

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം; ജിഎസ്ടി: സഹകരിക്കണമെന്ന് പ്രധാനമന്ത്രി

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നുമുതല്‍ ആഗസ്ത് 12 വരെ നടക്കും. സുപ്രധാന ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല് ഉള്‍പ്പെടെ 25 ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുക. എന്നാല്‍, അരുണാചല്‍, കശ്മീര്‍, ഏക സിവില്‍കോഡ്, എന്‍എസ്ജി അംഗത്വം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
ഇന്നു രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. അതിനിടെ, സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ ഇന്നലെ രാവിലെ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. വൈകീട്ട് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും പ്രത്യേക സര്‍വകക്ഷി യോഗം വിളിച്ചു.
ജിഎസ്ടി അടക്കമുള്ള ബില്ലുകള്‍ പാസാക്കാന്‍ മുഴുവന്‍ പാര്‍ട്ടികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചു.
ഈ ബില്ലിന്റെ ക്രെഡിറ്റ് ആര്‍ക്ക് കിട്ടുമെന്നതല്ല പ്രശ്‌നം. ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാവാം. ജിഎസ്ടിയുടെ ദേശീയപ്രാധാന്യം പരിഗണിക്കണം. രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. ജിഎസ്ടിയെക്കുറിച്ച് നേരിട്ട് പരാമര്‍ശം നടത്തിയില്ലെങ്കിലും ബില്ലുകളുടെ ഗുണം നോക്കി പിന്തുണ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി ബില്ല് സംബന്ധിച്ച് പ്രത്യേക സര്‍വകക്ഷിയോഗം വിളിക്കണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒത്തുകളിക്കുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎമ്മും എസ്പിയും വ്യക്തമാക്കി.
അതേസമയം, ജിഎസ്ടി ബില്ലില്‍ എല്ലാ പാര്‍ട്ടികളുമായും അഭിപ്രായസമന്വയത്തിന് ശ്രമിക്കുമെന്ന് രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തിനുശേഷം കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി ആനന്ദ്കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബില്ല് ഐകകണ്‌ഠ്യേന പാസാക്കാനാണു ശ്രമം. എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാവാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിങ്, അരുണ്‍ ജെയ്റ്റ്‌ലി, അനന്ത്കുമാര്‍ ഉള്‍പ്പെടെ 30 പാര്‍ട്ടികളില്‍നിന്നുള്ള 45 നേതാക്കള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക